ഇനി അങ്ങനെ ചെയ്യാൻ പറ്റാത്തതിൽ വിഷമം ഇല്ല, നന്നായി; മണിച്ചിത്രത്താഴിനേക്കാളും ശോഭനയ്ക്ക് ഇഷ്ടപ്പെട്ട സിനിമ
മലയാളികളുടെ മനസിൽ ഒരിക്കലും മായ്ക്കാൻ പറ്റാത്ത സ്ഥാനമുള്ള നടിയാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന സിനിമയാണ് ശോഭനയുടെ ഈ ജനപ്രീതിയിൽ വലിയൊരു പങ്കുവഹിച്ചത്. വർഷങ്ങൾക്കിപ്പുറവും മണിച്ചിത്രത്താഴിലെ നാഗവല്ലി അനശ്വരയായി നിലനിൽക്കുന്നു. ശോഭനയല്ലാതെ മറ്റൊരു നടിക്കും നാഗവല്ലിയെ ഇത്ര നന്നായി അവതരിപ്പിക്കാൻ പറ്റില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയാറുണ്ട്. അതേസമയം ശോഭനയുടെ മറ്റ് സിനിമകളിലെ മികച്ച പ്രകടനങ്ങൾ മണിച്ചിത്രത്താഴിന്റെ ജനപ്രീതി കാരണം വലിയ തോതിൽ ചർച്ചയായിട്ടില്ല.
തേന്മാവിൻ കൊമ്പത്ത്, മിന്നാരം തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. അഭിനയ രംഗത്ത് ശോഭന ഇന്ന് സജീവമല്ല. കരിയറിന്റെ ഒരു ഘട്ടത്തിൽ ഡാൻസിലേക്ക് മാത്രം ശ്രദ്ധ തിരിച്ച ശോഭന സിനിമാ രംഗത്ത് നിന്നും അകന്നു. പിന്നീട് ഇടയ്ക്ക് വന്ന് തിര, വരനെ ആവശ്യമുണ്ട് തുടങ്ങിയ സിനിമകളിൽ ചെയ്തെങ്കിലും അഭിനയ രംഗത്ത് സജീവമായില്ല.

എൺപതുകളിലും തെണ്ണൂറുകളുടെ തുടക്കത്തിലും മലയാള സിനിമാ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള നായികയായിരുന്ന ശോഭന തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് ഒരിക്കൽ ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിൽ രേവതിക്കൊപ്പമുള്ള അഭിമുഖ പരിപാടിയിൽ സംസാരിക്കവെയാണ് ശോഭന മനസ് തുറന്നത്.
മുപ്പത് കൊല്ലത്തിന് മുമ്പേയാണ് നമ്മൾ അഭിനയിക്കാൻ തുടങ്ങിയത്. ഇപ്പോൾ അതേ കഥാപാത്രങ്ങൾ നമുക്ക് ചെയ്യാൻ പറ്റില്ല. അതിൽ വേദന തോന്നുന്നുണ്ടോ എന്നായിരുന്നു രേവതിയുടെ ചോദ്യം. അങ്ങനെ തോന്നുന്നില്ലെന്നും ചെയ്യാൻ പറ്റാത്തത് നന്നായെന്നുമാണ് ശോഭന ഇതിന് നൽകിയ മറുപടി. രണ്ട് മൂന്ന് അവസരങ്ങൾ വന്നിരുന്നു. പക്ഷെ നിങ്ങൾക്കെന്താണ്, എന്നെ കണ്ടാൽ അങ്ങനെ തോന്നുന്നുണ്ടോ എന്നാണ് താൻ ചോദിച്ചതെന്നും ശോഭന അന്ന് വ്യക്തമാക്കി.

കഴിഞ്ഞ കാലം നല്ലതാണ്. അതിനെ വിടുക. ടെലിവിഷനിൽ സിനിമകൾ കാണാറുണ്ടെന്നും ശോഭന വ്യക്തമാക്കി. കരിയറിലെ തിരക്ക് പിടിച്ച കാലത്തെക്കുറിച്ചും ശോഭന അന്ന് സംസാരിച്ചു. ഒരു ദിവസം പോലും വീട്ടിൽ ഇരുന്നിട്ടില്ല. എന്തുകൊണ്ട് ഡബിൾ ഷിഫ്റ്റ് ചെയ്യുന്നു, ഒരു ഷിഫ്റ്റ് ചെയ്ത് വീട്ടിൽ ഇരുന്നാൽ പോരെ എന്ന് അച്ഛൻ ചോദിച്ചിട്ടില്ല. എന്റയൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടായിരുന്നു. അച്ഛനൊപ്പം അധികം സമയം ചെലവഴിച്ചില്ല എന്ന വിഷമം മാത്രമേ തനിക്കുള്ളൂയെന്നും അന്ന് ശോഭന വ്യക്തമാക്കി.
ചെയ്ത സിനിമകളിൽ തനിക്കേറ്റവും ഇഷ്‌ടപ്പെട്ട സിനിമയേതെന്നും ശോഭന അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. യാത്രയാണ് നടിക്കിഷ്ടപ്പെട്ട ചിത്രം. ഇതിന്റെ കാരണവും ശോഭന അന്ന് വ്യക്തമാക്കി. ഒരു സാധാരണ കഥാപാത്രം പ്രത്യേകതയുള്ളതാക്കുന്നതാണ് എനിക്കിഷ്ടം. അതാണ് ചലഞ്ച്. ഓതർ ബാക്ക്ഡ് റോൾ ആകുമ്പോൾ നമ്മുടെ വലിയ കോൺട്രിബ്യൂഷൻ ഇല്ല. മണിച്ചിത്രത്താഴ് പാച്ചിക്കയുടെ നാഗവല്ലിയായിരുന്നു.
അദ്ദേഹം പറഞ്ഞത് ചെയ്താൽ മതി. കാരണം അവർ അത്രമാത്രം ഹോം വർക്ക് ചെയ്തിട്ടുണ്ട്. തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയും തനിക്കിഷ്ടമാണെന്ന് ശോഭന അന്ന് വ്യക്തമാക്കി. പ്രിയദർശൻ സംവിധാനം ചെയ്ത തേൻമാവിൻ കൊമ്പത്തിൽ മോഹൻലാൽ, ശോഭന, നെടുമുടി വേണു, കെപിഎസി ലളിത, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. 1985 ൽ റിലീസ് ചെയ്ത യാത്രയിൽ മമ്മൂട്ടിയായിരുന്നു നായകൻ.


Click it and Unblock the Notifications