മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്നത് പ്രയാസകരം; ദൃശ്യത്തിൽ എങ്ങനെയാണ് ചെയ്തതെന്ന് എനിക്കേ അറിയൂ; സിദ്ദിഖ്
മലയാള സിനിമയിലെ പ്രമുഖ താരമാണ് മോഹൻലാൽ. അഭിനയമികവ് കൊണ്ട് പല പ്രമുഖരുടെയും പ്രശംസ പിടിച്ച് പറ്റിയ മോഹൻലാൽ ഇന്ത്യയിലെ തന്നെ മികച്ച നടൻമാരുടെ പട്ടികയിൽ ആദ്യ നിരയിൽ വരുന്ന നടനാണ്. മോഹൻലാലിന്റെ അഭിനയ ശൈലിയും സെറ്റിലെ രീതികളും എപ്പോഴും ചർച്ചയാവാറുണ്ട്. മെത്തേഡ് ആക്ടറല്ലാത്ത മോഹൻലാൽ ആക്ഷൻ പറയുമ്പോൾ മാത്രം കഥാപാത്രമായി മാറുന്ന നടനാണ്.
നടന്റെ ഈ പ്രത്യേകത എല്ലാ താരങ്ങളും എടുത്ത് പറയാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് നടൻ സിദ്ദിഖ് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദൃശ്യത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അന്നിദ്ദേഹം സംസാരിച്ചു.

'ലാലിനോടൊപ്പം ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. എന്റെ കരിയറിലുണ്ടായ വളർച്ച മനസ്സിലാക്കണമെങ്കിൽ ഞാൻ മോഹൻലാലിനൊപ്പം ചെയ്ത സിനിമകൾ നോക്കിയാൽ മതി. ഞാൻ പല വേദികളിലും പറയാറുള്ളതാണ്. മോഹൻലാലിനെ പോലുള്ള പ്രഗൽഭരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ്'
'മറ്റ് നടൻമാരേക്കാൾ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള വിഷമം എന്തെന്നാൽ ആ സീൻ ചീത്ത ആയാൽ അത് മോഹൻലാലിന്റെ കുറ്റം ആയിരിക്കില്ല. അപ്പോൾ ആ സീൻ നന്നാക്കേണ്ട ബാധ്യത എനിക്ക് തന്നെ ആയിരിക്കും'

'ആ കഥാപാത്രത്തെ ശ്രദ്ധിച്ച് ഉൾക്കൊണ്ട് അഭിനയിക്കാമെന്ന് വെച്ചാൽ സാധിക്കില്ല, ഇദ്ദേഹം തമാശ പറഞ്ഞ് കൊണ്ടിരിക്കും. ഇദ്ദേഹത്തിന് ആ സെക്കന്റിൽ അഭിനയിക്കാനറിയാം, നമുക്കറിയില്ല. സംഭാഷണം ഓർക്കാൻ പോലും അദ്ദേഹം സമ്മതിക്കില്ല'
'എന്തെങ്കിലും അതിനെ പറ്റി പറഞ്ഞാൽ ചോദിച്ചാൽ ഇപ്പോഴാണോ ഇതൊക്കെ പറയേണ്ടത് വേറൊന്തൊക്കെ പറയാമെന്ന് പറഞ്ഞ് സീനിന്റെ കാര്യങ്ങൾ അദ്ദേഹം മൈൻഡ് ചെയ്യില്ല. ആക്ഷൻ എന്ന് പറയുന്ന സെക്കന്റിൽ ലാൽ വളരെ ഈസി ആയി അഭിനയിക്കും, നമ്മളീ പഠിച്ചത് മറന്ന് പോവുകയും ചെയ്യും'

'ഞാനോർക്കുന്നത് ദൃശ്യം എന്ന സിനിമയുടെ ക്ലെെമാക്സ് രംഗത്തിൽ എന്റെ മകനെ പറ്റി ചോദിക്കുന്ന സീനുണ്ട്. അതിൽ കൂടുതൽ സംഭാഷണങ്ങൾ പറയേണ്ടത് ഞാനാണ്. ലാൽ തമാശയൊക്കെ പറഞ്ഞ് നിൽക്കുന്നു. തൊടുപുഴ ഒരു ഡാമിന്റെ സൈഡിൽ ആണ് ഷൂട്ട് ചെയ്യുന്നത്'
'കാക്കകളും കൊക്കുകളും മീൻ പിടിക്കാൻ നിൽക്കുന്നു. ഞാൻ ഈ സംഭാഷണങ്ങളൊക്കെ പറഞ്ഞ് കൊണ്ടിരിക്കെ ലാൽ എന്റെയടുത്ത് വന്ന് കാക്ക കുളിച്ചാൽ കൊക്കാവില്ലെന്ന് പറയുന്നത് വെറുതെയാണ് എത്രയോ കാക്കകൾ ഇതാ കൊക്കാവുന്നു എന്ന് പറഞ്ഞു'

'സീൻ തുടങ്ങേണ്ട സമയത്തും അത് തന്നെ പറഞ്ഞിരുന്നു. സംഭാഷണം പറയേണ്ട സമയത്ത് ലാൽ പറഞ്ഞു. ഞാനെങ്ങനെ ആണത് പറഞ്ഞൊപ്പിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ. കൂടെ അഭിനയിക്കുന്നത് നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ അല്ല. വളരെ പ്രയാസമുള്ള കാര്യമാണ്'
'അഭിനയം ഇത്ര എളുപ്പമാണോ എന്ന് തോന്നുന്നത് മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോഴാണ്. അഭിനയം ഇത്ര വിഷമമുള്ളതാണെന്ന് മനസ്സിലാക്കുന്നത് ഞാൻ അഭിനയിക്കുമ്പോഴും,' സിദ്ദിഖ് പറഞ്ഞതിങ്ങനെ.

എലോൺ ആണ് മോഹൻലാലിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. കരിയറിലെ മോശം സമയത്താണ് മോഹൻലാൽ ഇപ്പോഴുള്ളത്. അടുത്ത കാലത്തിറങ്ങിയ നടന്റെ സിനിമകളിൽ ഭൂരിഭാഗവും പരാജയപ്പെട്ടു. നടന്റെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











