വാട്ടർ ബോട്ടിലിനായി മൂന്ന് മണിക്കൂർ ഷൂട്ടിംഗ് നിർത്തിച്ചു; സിൽക് സ്മിതയ്ക്ക് ദേഷ്യം വന്നാൽ; അനുരാധ പറഞ്ഞത്
സിൽക് സ്മിതയുടെ 63ാം ജന്മ വാർഷിക ദിനത്തിൽ നടിയെക്കുറിച്ച് സുഹൃത്തായ നടി അനുരാധ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. സിൽക് സ്മിത അടുത്താൽ വളരെ സ്നേഹം കാണിക്കുന്നു ആളായിരുന്നെന്നും എന്നാൽ അധികമാരെയും സിൽക് സ്മിത വിശ്വസിച്ചിരുന്നില്ലെന്നുമാണ് അനുരാധ വെളിപ്പെടുത്തിയത്. സിൽക് സ്മിതയുടെ ദേഷ്യത്തെക്കുറിച്ചും അനുരാധ അന്ന് സംസാരിച്ചു.
ഒരു ഗാന രംഗത്തിൽ രണ്ട് മൂന്ന് ഡ്രസ് ചേഞ്ചുകൾ ഉണ്ടാകും. ഒരു ഗാനത്തിൽ വൈകുന്നേരം മൂന്ന് മണിക്ക് ഞങ്ങൾക്ക് ഡ്രസ് ചേഞ്ച് വേണ്ടി വന്നു. ഞാനും സിൽക്കുമുണ്ട്. വസ്ത്രം മാറ്റി വരാൻ എത്ര സമയമെടുക്കുമെന്ന് ചോദിച്ചപ്പോൾ 45 മിനുട്ട് മതിയെന്ന് ഞാൻ. സിൽക് സ്മിത പറഞ്ഞത് അവൾക്ക് രണ്ട് മണിക്കൂർ വേണ്ടി വരുമെന്നാണ്. അനുവിന്റെ ഷോട്ട് എടുത്തോ, എനിക്ക് രണ്ട് മണിക്കൂർ സമയം വേണം, അതിന് മുമ്പ് ആരെങ്കിലും വന്ന് വിളിച്ചാൽ അരമണിക്കൂർ അധികം വേണ്ടി വരുമെന്ന് പറഞ്ഞു.

ഒന്നരമണിക്കൂറിന് മേലെ സമയം പോയി. എന്റെ ഷോട്ടുകൾ എടുത്തു. കോംബിനേഷൻ സീൻ എടുക്കാമെന്ന് പറഞ്ഞാൽ സ്വാഭാവികമായും അസിസ്റ്റന്റ് ഡയറക്ടർമാർ ഓടും. പറഞ്ഞ സമയത്തിന് പത്ത് മിനുട്ട് മുമ്പ് സിൽക്കിനെ വിളിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് വരുമെന്ന് സിൽക്കും. റെഡിയായി ഇരുന്ന് ജ്യൂസൊക്കെ കുടിച്ച് കുറച്ച് സമയത്തിനുള്ളിൽ വന്നു.
മേക്കപ്പിൽ നല്ല ശ്രദ്ധ കൊടുക്കുന്നതിനാൽ സിൽക് സ്മിതയ്ക്ക് സമയം വേണം. പ്രേക്ഷകർ, എന്താണ് സിൽക് ഇങ്ങനെ വസ്ത്രം ധരിച്ചതെന്ന് പറയാൻ പാടില്ല. അവർ ആവശ്യപ്പെടുന്നത് വരെയല്ലേ നിങ്ങൾ എന്നെ വിളിക്കൂ എന്ന് സിൽക് സ്മിത ചോദിക്കുമായിരുന്നെന്നും അനുരാധ ഓർത്തു. കുട്ടികളുടെ സ്വഭാവമാണെങ്കിലും ദേഷ്യം വന്നാൽ പെട്ടന്ന് അവളുമായി എളുപ്പം കോംപ്രോമെസിലെത്താൻ പറ്റില്ല. വാട്ടർ ബോട്ടിലിനായി മൂന്ന് മണിക്കൂർ ഷൂട്ട് സിൽക് സ്മിത നിർത്തി വെച്ചിരുന്നെന്നും അനുരാധ ഓർത്തു.

സിൽക് സ്മിതയുടെ ബയോപിക്കായ ഡേർട്ടി പിക്ചർ എന്ന സിനിമയെക്കുറിച്ചും അനുരാധ സംസാരിച്ചു. തുടക്ക കാലത്തെ സിൽക് സ്മിതയുടെ കഷ്‌ടപ്പാടുകൾ സിനിമയിൽ കാണിച്ചത് ശരിയായാണ്. എന്നാൽ മദ്യപിച്ച് ബഹളം വെക്കുന്ന സീനെല്ലാം സിനിമയ്ക്കായി ഉണ്ടാക്കിയതാണ്. സിൽക് സ്മിത അങ്ങനെയല്ല. താരമായപ്പോഴും സിൽക് സ്മിത ഒറ്റയ്ക്കായിരുന്നു. ഒരു ഡോക്ടർ സുഹൃത്തായുണ്ടായിരുന്നു. അവരാണ് അവളെ സംരക്ഷിച്ചിരുന്നത്.
അമ്മയും സഹോദരനും ഉണ്ടെന്ന് പറയുന്നു. പക്ഷെ ഒരിക്കലും കണ്ടിട്ടില്ല. മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അമ്മയുമായി സംസാരിക്കുന്നു എന്ന വാർത്ത കേട്ടു. എന്നാൽ സത്യമായിരുന്നോ എന്നറിയില്ല. നായികയായി അഭിനയിക്കണമെന്ന് ആഗ്രഹം തോന്നിയപ്പോൾ സ്വന്തമായി സിനിമ നിർമ്മിച്ചു. അങ്ങനെ നഷ്ടം വന്നു. മരിക്കുന്നതിന് കുറച്ച് നാൾ മുമ്പാണ് വാടകക്ക് താമസിക്കുന്ന വീട് സ്വന്തമായി വാങ്ങാൻ തീരുമാനിച്ചത്. അഡ്വാൻസ് കൊടുത്തിരുന്നെന്നും അനുരാധ അന്ന് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications