വിവാഹവും കുട്ടികളും വേണമെന്നുള്ളവർ ആദ്യമേ ചിന്തിക്കണം; എനിക്കിപ്പോൾ തിരിച്ചടി കിട്ടുന്നു; സോന പറഞ്ഞത്
സിനിമാ ടെെപ് കാസ്റ്റ് ചെയ്യപ്പെടുന്നത് പല അഭിനേതാക്കളും നേരിടുന്ന വെല്ലുവിളിയാണ്. പ്രത്യേകിച്ചും നടിമാർക്കാണ് ഇത് പ്രശ്നമാകാറ്. അമ്മ വേഷങ്ങൾ ചെയ്താൽ പിന്നീട് അത്തരം കഥാപാത്രങ്ങളിൽ നടിമാർ തളയ്ക്കപ്പെടുന്ന സാഹചര്യമുണ്ട്. ഗ്ലാമറസ് കഥാപാത്രങ്ങൾ ചെയ്യുന്നവർക്കും ഇതേ വെല്ലുവിളിയുണ്ട്. വർഷങ്ങളായി സിനിമാ രംഗത്ത് ഹോട്ട് ഐക്കൺ ലേബലിൽ അറിയപ്പെടുന്ന നടിയാണ് സോന ഹെയ്ഡൻ. ഒരേ തരത്തിലുള്ള കഥാപാത്രങ്ങളാണ് സോനയ്ക്ക് മിക്കപ്പോഴും ലഭിച്ചിട്ടുള്ളത്.
തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന സോന മലയാളത്തിലും ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടി എന്നതിനൊപ്പം ബിസിനസ് രംഗത്തും സോന സാന്നിധ്യം അറിയിച്ചു. അടുത്ത കാലത്തായി സീരിയൽ രംഗത്തേക്കും സോന കടന്നു വന്നു. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയ ബന്ധം തകർന്നതിനെക്കുറിച്ച് സോന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

നാല് വർഷം മുമ്പ് എല്ലാം അവസാനിച്ചു. ബന്ധം നല്ല രീതിയിൽ പോയില്ല. ഞാനും അദ്ദേഹവും സന്തോഷത്തിലല്ലായിരുന്നു. സിനിമാ രംഗത്ത് പൊതുവെ ഒരു ശാപമുണ്ട്. ഗ്ലാമർ നടിമാർക്ക് ബന്ധം ശരിയാകില്ല. അങ്ങനെയാണ് പറയപ്പെടുന്നത്. പക്ഷെ ഇപ്പോൾ ഞാൻ സന്തോഷത്തിലാണ്.
സിനിമാ രംഗത്തേക്ക് വരുന്ന പെൺകുട്ടികളോട് ഒരു ഉപദേശം മാത്രമേയുള്ളൂ. ഗ്ലാമർ റോളുകൾ ചെയ്യുന്നതിൽ തെറ്റില്ല. കല്യാണവും കുട്ടികളുമെന്ന പ്ലാൻ ഉണ്ടെങ്കിൽ ഗ്ലാമർ വേഷങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അതേക്കുറിച്ച് ആലോചിക്കണം. അത് ഞാൻ ആലോചിച്ചില്ല. എന്റെ കുടുംബത്തെ നോക്കിയാൽ മതിയെന്ന് കരുതി. അതിന്റെ പേരിൽ പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചില്ല. ഇപ്പോൾ അതിന് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണെന്നും സോന അന്ന് തുറന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസവും ഒരു പൊതുവേദിയിൽ വെച്ച് തന്റെ ജീവിതത്തെക്കുറിച്ച് സോന ഹെയ്ഡൻ സംസാരിക്കുകയുണ്ടായി. മേനി പ്രദർശനം നടത്തുന്ന നടിയെന്ന പേര് മാറ്റാൻ വേണ്ടി നടത്തിയ ശ്രമങ്ങളെക്കുറിച്ച് സോന സംസാരിച്ചു. ഒരു ഘട്ടത്തിനപ്പുറം ഈ ടാഗ് എനിക്ക് ഇഷ്ടമല്ലാതായി. എന്റെ തെറ്റ് കൊണ്ടാണ് അങ്ങെനയൊരു പേര് എനിക്ക് വന്നതെന്ന് മനസിലായി. എങ്ങനെ ഈ പേര് മാറ്റാമെന്ന് ആലോചിച്ചു. സിനിമകൾ ചെയ്യുന്നത് കുറച്ചു. ക്യാരക്ടർ റോളുകൾ ചെയ്തു.
എന്നാൽ എനിക്ക് തൃപ്തി തോന്നിയ കഥാപാത്രങ്ങൾ ലഭിച്ചില്ല. ഇതോടെ ടെലിവിഷൻ രംഗത്തേക്ക് വന്നു. അമ്മ വേഷങ്ങൾ ചെയ്താൽ ആരും എന്നെ ഗ്ലാമറസ് നടി എന്ന് വിളിക്കില്ലെന്ന് കരുതി. എന്നാൽ അതും ശരിയായില്ല. ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഞാൻ ഓരോ കാര്യങ്ങൾ തേടിക്കൊണ്ടിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ നല്ല രീതിയിലാണ് ഞാൻ ജീവിച്ചത്. എന്താണ് എനിക്ക് വേണ്ടതെന്ന ചോദ്യം വന്നു.
പിന്നീട് തന്റെ ജീവിതത്തെക്കുറിച്ച് ആഴ്ച തോറും ഒരു മാഗസിനിൽ കവർ സ്റ്റോറി എഴുതി. അതിന് വലിയ ഇംപാക്ട് ഉണ്ടായി. പിന്നീട് അത് ഒരു പുസ്തകമാക്കി. ഇപ്പോൾ അത് സ്മോക്ക് എന്ന വെബ് സീരീസായെന്നും സോന വ്യക്തമാക്കി. സോനയാണ് സ്മോക്കിന്റെ തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും. കഴിഞ്ഞ ദിവസം വെബ് സീരീസിന്റെ പ്രസ് മീറ്റിൽ സംസാരിക്കവെയാണ് സോന ഹെയ്ഡൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.


Click it and Unblock the Notifications











