ഒന്നുമല്ലാതിരുന്നപ്പോൾ ജീവിതത്തിലേക്ക് വന്നു, രോഗശയ്യയിൽ നിഴലായി, ശ്രീനി യാത്രയാകുമ്പോൾ ഇരുട്ടിലാകുന്നത് വിമല
എല്ലാവരുടെയും മേൽ സ്നേഹം കൊണ്ട് അധികാരം സൃഷ്ടിച്ചെടുത്ത മഹാപ്രതിഭയാണ് ശ്രീനിവാസൻ. മലയാള സിനിമയിൽ വലിയൊരു പൊളിച്ചെഴുത്ത് നടത്തി ഇന്ന് കാണുന്ന മഹാനടന്മാരെ അഭിനയത്തിന് പരുവപ്പെടുത്തിയെടുത്ത അതുല്യ പ്രതിഭ. അറുപത്തിയൊമ്പതാം വയസിൽ അദ്ദേഹം അരങ്ങൊഴിയുമ്പോൾ വിങ്ങുന്ന ഹൃദയവുമായാണ് മലയാളികളും സിനിമയെ സ്നേഹിക്കുന്നവരും അദ്ദേഹത്തിന് അരികിൽ നിൽക്കുന്നത്. ഡിസംബറിന്റെ നഷ്ടം...
അടുത്ത കാലത്തൊന്നും ഇത്രത്തോളം വേദനിപ്പിച്ചൊരു വേർപാടിന് മലയാളിക്ക് സാക്ഷിയാവേണ്ടി വന്നിട്ടില്ല. അസുഖ ബാധിതനാണെന്നും അവശതകൾ അദ്ദേഹത്തെ അലട്ടുന്നുവെന്നും അറിയാമായിരുന്നുവെങ്കിലും എന്നെങ്കിലും ആരോഗ്യത്തോടെ പഴയ ശ്രീനിയായി താരത്തെ ബിഗ് സ്ക്രീനിൽ കാണാൻ കഴിയുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു.

ഇന്ന് പുലർച്ച ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആരോഗ്യം വഷളായതും മരണം സംഭവിച്ചതും. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഡയാലിസിസ് അടക്കമുള്ള ചികിത്സയിലായിരുന്നു ശ്രീനിവാസൻ. അവസാന നിമിഷവും ഒപ്പമുണ്ടായിരുന്നത് ഭാര്യ വിമലയാണ്. ഒന്നുമല്ലാതിരുന്ന കാലത്ത് ശ്രീനിവാസന്റെ ജീവിതത്തിലേക്ക് എത്തിയതാണ് വിമല. പ്രീഡിഗ്രിക്ക് വിമല പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടേയും.
അന്ന് തുച്ഛമായ തുകയ്ക്ക് പാരലൽ കോളജിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ശ്രീനിവാസൻ. കതിരൂര്‍ ഓവര്‍ കോളേജിലായിരുന്നു ശ്രീനിവാസൻ പഠിപ്പിച്ചിരുന്നത്. കോളേജിലേക്കുള്ള ആ യാത്രകളിൽ വെച്ചാണ് വിമലയെ ശ്രീനിവാസൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. മിക്കവാറും ദിവസങ്ങളില്‍ വിമലയെ കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു.
എന്നിരുന്നാലും വീട്ടിലെ സാഹചര്യം മോശമായിരുന്നത് കൊണ്ട് പ്രണയം, വിവാഹം തുടങ്ങിയ ചിന്തകളൊന്നും അന്ന് ശ്രീനിക്ക് ഉണ്ടായിരുന്നില്ല. പിന്നീട് അഡയാര്‍ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ അഡ്മിഷൻ ലഭിക്കാനായി ഇന്റർവ്യൂവിന് പോകാൻ ഇറങ്ങും മുമ്പ് പ്രാർത്ഥന സഹായം ആദ്യം ശ്രീനി ചോദിച്ചത് വിമലയോട് മാത്രമാണ്. നിങ്ങള്‍ക്ക് അവിടെ സീറ്റ് കിട്ടാതിരിക്കാന്‍ വേണ്ടി താൻ പ്രാര്‍ഥിക്കാമെന്ന സരസമായ മറുപടിയായിരുന്നുവത്രെ അന്ന് ശ്രീനിക്ക് വിമല നൽകിയത്.
പക്ഷെ ആത്മാർത്ഥമായൊരു പ്രാർത്ഥന വിമലയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടാകണം... അതുകൊണ്ടാവണം തനിക്ക് സെലക്ഷൻ കിട്ടിയതെന്ന് പിന്നീട് ശ്രീനിവാസൻ തന്നെ പറഞ്ഞിട്ടുണ്ട്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ 1984ൽ ഇരുവരും വിവാഹിതരായത്. രജിട്രാർ ഓഫീസിൽ ലളിതമായി നടന്ന ചടങ്ങായിരുന്നു.

അന്ന് ശ്രീനി സിനിമയിൽ തുടക്കകാരനാണ്. ആർഭാടമായി വിവാഹം കഴിക്കാൻ സമ്പാദ്യം ഒന്നും തന്നെ കയ്യിൽ ഇല്ല. മാത്രമല്ല കടം കയറി വീടും സ്ഥലവും ജപ്തിയും ചെയ്യപ്പെട്ടു. കല്യാണ ചിലവിനും താലിക്കും സാരിക്കും എല്ലാമായി പണം കണ്ടെത്താൻ ശ്രീനിവാസൻ അന്ന് ഏറെ പ്രയാസപ്പെട്ടു. നടന്റെ വിഷമം കണ്ട് അന്ന് സഹായിച്ചത് ഇന്നസെന്റും മമ്മൂട്ടിയുമായിരുന്നു. ഇന്നസെന്റ് നൽകിയ 400 രൂപയ്ക്ക് സാരിയും മമ്മൂട്ടി നൽകിയ രണ്ടായിരം രൂപയ്ക്ക് താലിയും മാലയും വിമലയ്ക്കായി ശ്രീനി വാങ്ങി.
ഒട്ടുമിക്ക വേദികളിലും തന്റെ പ്രണയകഥയും വിവാഹം നടന്ന കഥയും അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. ശ്രീനിയുടെ ഉയർച്ചയിലും താഴ്ചയിലും എല്ലാം എപ്പോഴും നിഴലായി വിമലയുണ്ടായിരുന്നു. ആശുപത്രിയിൽ അടക്കം അടുത്ത് നിന്ന് മാറാതെ വിമലയായിരുന്നു ശ്രീനിവാസനെ ശുശ്രൂഷിച്ചിരുന്നത്. താലൂക്ക് ആശുപത്രിയിൽ ചലനമറ്റ് കിടക്കുന്ന ശ്രീനിവാസനെ ചുറ്റിപിടിച്ച് കരയുന്ന വിമലയുടെ ചിത്രങ്ങൾ ഹൃദയഭേദകമാണ്.
ശ്രീനിവാസന്റെ ജീവിതത്തിൽ എന്നും താങ്ങും തണലുമായി നല്ലൊരു ഭാര്യയുടേയും അമ്മയുടേയും റോളിൽ നിഴൽ പോലെ വിമലയുണ്ടായിരുന്നു. ശ്രീനിവാസൻ യാത്രയാകുമ്പോൾ ഇരുട്ടിലാകുന്നത് വിമലയാണ്. അച്ഛന്റെ മൃതദേഹത്തിന് അരികെ പൊട്ടിക്കരയുന്ന ധ്യാനിന്റെ രംഗങ്ങളും മലയാളികളെ കരയിപ്പിച്ചു. ശ്രീനിവാസെനന്ന അച്ഛന് പൊതുസമൂഹത്തിന് മുമ്പിൽ ഒരുപാട് സ്നേഹവും ബഹുമാനവും വാങ്ങികൊടുത്ത മകനാണ് ധ്യാനെന്ന് നിസംശയം പറയും. എല്ലാവരേയും കാൾ ധ്യാനിന് പ്രിയവും അച്ഛനോടായിരുന്നു.


Click it and Unblock the Notifications











