അഭിനയത്തിൽ നിന്ന് പുറത്താകുമോ എന്ന് മമ്മൂട്ടിക്ക് സംശയം, സംവിധനത്തിലേക്ക് കടക്കാൻ ശ്രമം: ശ്രീനിവാസൻ പറഞ്ഞ കഥ
മലയാള സിനിമയിലെ ഏറ്റവും പ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് ശ്രീനിവാസൻ. ഒരു നടനായും, തിരക്കഥാകൃത്തായും, സംവിധായകനും ഒക്കെ തിളങ്ങി നിന്നിരുന്ന ലെജൻഡറി താരം, തന്റെ ആക്ഷേപഹാസ്യ ചിത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. എന്നാൽ സിനിമയിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും തന്റെ സ്വതഃസിദ്ധമായൊരു നർമ്മവും, ആക്ഷേപഹാസ്യത്തിന്റെ സ്വഭാവവും ശ്രീനിവാസനുണ്ട്. അത്തരത്തിൽ, അദ്ദേഹം സൂപ്പർ താരം മമ്മൂട്ടിയെ കുറിച്ച് ചില അറിയാക്കഥകൾ വെളിപ്പെടുത്തിയിരുന്നു.
ഒരുപാട് വർഷങ്ങൾക്ക് മുൻപ്, പ്രശസ്ത മലയാളം ടെലിവിഷൻ ചാനലായ കൈരളി ടി.വി.ക്ക് നൽകിയ അഭിമുഖത്തിൽ, മമ്മൂട്ടി ഒരിക്കൽ സിനിമ സംവിധാനത്തിലേക്ക് കടക്കാൻ ആലോചിച്ചിരുന്നതായി ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. ഇത് 1980കളുടെ അവസാനത്തിലാണ് സംഭവിച്ചതെന്നും, താൻ അഭിനയ രംഗത്ത് നിന്നോ, സിനിമയിൽ നിന്നോ പുറത്തായേക്കുമോ എന്ന മെഗാസ്റ്റാറിനെ ഭയമായിരുന്നു അതിന് കാരണമെന്നും ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു.

"നാൽ കവല എന്ന സിനിമയുടെ ഷൂട്ടിങ്ങിന് കുറച്ചു കാലം മുൻപ് തന്നെ അഭിനയത്തിൽ നിന്ന് ഞാൻ പുറത്താകാൻ സാധ്യതയുണ്ടോ എന്ന സംശയം കാരണം - അങ്ങനെ ഒരു സംശയം മമ്മൂട്ടിക്ക് ഉണ്ടായിരുന്നോയെന്ന് എനിക്ക് സംശയമുണ്ട്. കാരണം, ആ സമയത്ത് തൃശൂരുള്ള വർഗീസ് എന്ന ഒരാളുടെ - അയാളെ എനിക്കറിയാം - ഇദ്ദേഹം സിനിമ സംവിധാനം ചെയ്യാൻ വേണ്ടി അഡ്വാൻസ് വാങ്ങിച്ചു. കാരണം അഭിനയത്തിൽ നിന്ന് വെളിയിലായാലും, സംവിധാനത്തിൽ പിടിച്ചു നിൽക്കാം - അതായിരുന്നു പുള്ളിയുടെ പ്ലാൻ എന്ന് തോന്നുന്നു," ശ്രീനിവാസൻ പറഞ്ഞു.
"അങ്ങനെ തിരക്കഥയെഴുതുന്നത് വി.കെ. ശ്രീരാമനാണ്. അങ്ങനെ ചർച്ചയ്ക്കായി ശ്രീരാമൻ മമ്മൂട്ടിയെ കാണാൻ മദ്രാസിലേക്ക് പോകുന്നു, മമ്മൂട്ടി ശ്രീരാമനെ കാണാൻ തൃശൂർക്ക് വരുന്നു. അവിടുന്ന് അവർ രണ്ടാളും ചേർന്ന് നിലമ്പൂരിലേക്ക് പോകുന്നു. മാസങ്ങളോളം ഇങ്ങനെയൊക്കെയുള്ള പരിപാടികളാണ്. നിലമ്പൂരിലെ ആദിവാസി സമൂഹത്തെ കുറിച്ചുള്ള കഥയാണ് മമ്മൂട്ടി സംവിധാനം ചെയ്യുന്ന സിനിമയുടെ ഇതിവൃത്തം എന്ന് അന്ന് ഞാൻ കേട്ടിരുന്നു. ഇത് നടക്കുന്നതിനിടയിലാണ് നാൽ കവലയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ഞങ്ങൾ കാണുന്നത്," പ്രശസ്ത നടൻ ഓർത്തെടുത്തു.

"ഒരു ദിവസം മമ്മൂട്ടി എന്നോട് പെട്ടെന്ന് ചോദിച്ചു: "നിനക്കൊരു തിരക്കഥ എഴുതാൻ പറ്റുമോ, ഞാൻ ചെയ്യാൻ പോവുന്ന സിനിമയുടെ" എന്ന്. അപ്പോൾ ഞാൻ ശ്രീരാമന്റെ തിരക്കഥയുടെ കാര്യം ചോദിച്ചു, അപ്പോൾ അതൊക്കെ അവിടെ ഉണ്ടെന്നായിരുന്നു മറുപടി. അപ്പോൾ ഞാൻ മറ്റ് ചില സിനിമകളുടെ എഴുത്തിലായിരുന്നു. അപ്പോൾ അദ്ദേഹം പറയുകയാണ്: "എം.ടി വാസുദേവൻ നായരോട് ചോദിച്ചാൽ തിരക്കഥ കിട്ടും. പക്ഷെ അത് സിനിമയായാലും അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനാണല്ലോ. നീ ആവുമ്പൊൾ ആ പ്രശ്നമില്ലല്ലോ," എന്ന്. അപ്പോൾ ഞാൻ പറഞ്ഞു: "അത് ശെരി, അങ്ങനെയൊരു സ്ക്രിപ്റ്റ് എഴുതാൻ എന്നെ കിട്ടില്ല," എന്ന്," ശ്രീനിവാസൻ പറഞ്ഞു.
പിന്നെയും മാസങ്ങളും വർഷങ്ങളും കഴിഞ്ഞപ്പോൾ, സംവിധായകനായില്ലെങ്കിലും മമ്മൂട്ടി തന്റെ അഭിനയ കരിയറിൽ ആകെ തിരക്കിലായി എന്ന് ശ്രീനിവാസൻ ഓർത്തെടുത്തു. എങ്കിലും വർഷങ്ങൾക്ക് ശേഷം മദ്രാസിൽ ഒന്നിച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ മമ്മൂട്ടി വീണ്ടും സംവിധാനത്തെ കുറിച്ച് പറഞ്ഞു. അന്ന് അദ്ദേഹം സംസാരിച്ചപ്പോൾ, ഒരു സംവിധായകനാകാൻ മമ്മൂട്ടി അതിയായി ആഗ്രഹിച്ചിട്ടുണ്ടെന്നാണ് തനിക്ക് തോന്നിയതെന്നും ശ്രീനിവാസൻ കൂട്ടി ചേർത്തു. പക്ഷെ എന്ത് കൊണ്ടോ, മെഗാസ്റ്റാർ ഒരിക്കലും ഒരു സിനിമയെടുക്കാൻ മുതിർന്നതേയില്ല.


Click it and Unblock the Notifications