ഇയാളുണ്ടെങ്കില്‍ ഞാന്‍ വരില്ലായിരുന്നു! എല്ലാം കാണുമ്പോള്‍ പുച്ഛമായിരിക്കും! പ്രിയനെക്കുറിച്ച് ശ്രീനി പറഞ്ഞത്!
പ്രിയദര്‍ശനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു ശ്രീനിവാസന്. അഭിനയിക്കാനായി പോയ തന്നെ എഴുത്തുകാരനാക്കിയത് പ്രിയനാണെന്ന് ശ്രീനി പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം സുഹൃത്തിനെക്കുറിച്ച് വാചാലനാവാറുണ്ട് അദ്ദേഹം. ശ്രീനിയുടെ അപ്രതീക്ഷിത വിയോഗം വേദനാജനകമാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. എല്ലാത്തിനെയും ചിരിയിലൂടെ കണ്ട പ്രിയപ്പെട്ട ശ്രീനി, സ്‌നേഹം നിറഞ്ഞ ഒരു പുഞ്ചിരി പോലെ മാഞ്ഞു. കഥ അന്വേഷിക്കാന്‍ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങള്‍ മാത്രം മതിയായിരുന്നു. സ്വയം നോക്കി ചിരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റൊരാള്‍ ഇനിയുണ്ടാവില്ല. ഒന്നിച്ച് സ്വപ്‌നം കണ്ട് സിനിമയിലെത്തിയവരാണ് ഞങ്ങള്‍. സിനിമയ്ക്ക് പുറത്തെ ബന്ധമായിരുന്നു കൂടുതലും. ഇണക്കങ്ങളും പിണക്കങ്ങളുമായി എത്രയോ പകലുകളും രാത്രികളും. എന്നെ സിനിമ പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആത്മസുഹൃത്തിന് വിട എന്നായിരുന്നു പ്രിയന്‍ കുറിച്ചത്.
മുന്‍പൊരിക്കല്‍ പ്രിയനെക്കുറിച്ച് രസകരമായി സംസാരിച്ച ശ്രീനിവാസന്റെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രിയദര്‍ശന്‍ ഇവിടെയുണ്ടെന്ന് വിനീത് പറഞ്ഞല്ലോ. അദ്ദേഹം വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. കാരണം ഞാന്‍ ഈ അവാര്‍ഡ് വാങ്ങുന്ന രംഗം അദ്ദേഹം പുച്ഛത്തോടെയായിരിക്കും നോക്കുന്നുണ്ടാവുക എന്നെനിക്കറിയാം. അദ്ദേഹത്തിന്റെ മനസിലിരിപ്പും ഞാന്‍ പറയാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ കൈയ്യില്‍ നിന്നും തിരക്കഥയുടെ ബാലപാഠം പഠിച്ച്, നീ ഇപ്പോള്‍ അവാര്‍ഡ് വാങ്ങാനും മാത്രം വളര്‍ന്നു അല്ലേടാ എന്നായിരിക്കും. ശരിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദര്‍ശന്റെ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം പോയതാണ് ഞാന്‍.

ഷൂട്ടിന്റെ തലേന്നാണ് ഞാന്‍ തിരുവനന്തപുരത്തെ സെറ്റിലെത്തുന്നത്. എന്താണ് പ്രിയാ എന്റെ ക്യാരക്ടര്‍ എന്ന് ഞാന്‍ ചോദിച്ചിരുന്നു. റോളൊക്കെ പിന്നെ പറയാം, അഭിനയിക്കാന്‍ വന്നതാണല്ലേ, എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു എന്റെ മറുപടി. കുഴപ്പമൊന്നുമില്ല, ഇവിടെ ഒരു സാധനമില്ല, അതെന്താണെന്ന് ചോദിച്ചപ്പോള്‍ തിരക്കഥ എന്നായിരുന്നു പ്രിയന്‍ പറഞ്ഞത്. താന്‍ എഴുതുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാം എന്നും പറഞ്ഞിരുന്നു. എനിക്ക് എഴുതാന്‍ അറിയില്ല. എന്നാല്‍ പിന്നെ വന്ന വഴി പോയ്‌ക്കോളൂ എന്നും പറഞ്ഞു. വന്ന വഴി പോയിട്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. സിനിമയുടെ തിരക്കഥ എന്ന് പറയുന്ന നടുക്കടലിലേക്ക് എന്നെ തള്ളിയിട്ട് മുക്കിക്കൊല്ലാന്‍ ശ്രമിച്ച വ്യക്തിയാണ് പ്രിയന്‍.
ഞാന്‍ മുങ്ങിയും, പൊങ്ങിയും, ചക്രശ്വാസം വലിച്ചും ജീവന് വേണ്ടി പാടുപെടുകയാണ്. ഇതിനിടയില്‍ എന്നെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച മറ്റൊരാളാണ് സത്യന്‍ അന്തിക്കാട്. ഉദയനാണ് താരം എന്ന സിനിമ തുടങ്ങുമ്പോള്‍ സിനിമയിലെ സ്രഷ്ടാക്കള്‍ക്ക് സമര്‍പ്പിക്കുന്നതായാണ് ആദ്യം കാണിക്കുന്നത്. ഞാന്‍ തന്നെ വന്നാണ് അത് പറയുന്നത്. ഈ അവാര്‍ഡ് ഞാന്‍ പ്രിയനും സത്യന്‍ അന്തിക്കാടിനും സമര്‍പ്പിക്കുന്നു. എന്നുവെച്ച് ഇവര്‍ തരുന്ന തുക ഞാന്‍ തരില്ല. വെറും വാക്കില്‍ മാത്രമുള്ള സമര്‍പ്പണമേയുള്ളൂ.
സദസിലുണ്ടായിരുന്ന സത്യന്‍ അന്തിക്കാടും, മനസറിഞ്ഞ് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. സിനിമയ്ക്കിടയിലും, അല്ലാതെയുമായി ഇതുപോലെ എത്രയെത്ര തമാശകള്‍. നല്ല വഴക്കും ഉണ്ടാക്കാറുണ്ട് ശ്രീനി. ആരെങ്കിലും ഒരാള്‍ ക്ഷമ പറയുന്നതോടെ അത് മാറും. ശ്രീനിയില്ലാത്തൊരു സിനിമാക്കാലത്തെക്കുറിച്ച് ആലോചിക്കുക എന്നത് തന്നെ എനിക്ക് വിഷമമുള്ള കാര്യമാണ്. സന്ദേശം പോലെയൊരു പൊളിറ്റിക്കല്‍ സിനിമ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിരുന്നു. അത് ഇനി നടക്കില്ലല്ലോ എന്നായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്.


Click it and Unblock the Notifications











