ഇത് കാണിക്കാനാണോ കൊണ്ട് വന്നത്, എന്റെ സിനിമ കണ്ട് അച്ഛൻ സുഹൃത്തിന്റെ ഷർട്ടിന് പിടിച്ചു; ശ്രീനിവാസൻ
ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമാ രംഗത്ത് ശ്രീനിവാസൻ ഇപ്പോൾ സജീവമല്ല. നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പേരെടുത്ത ശ്രീനിവാസന് എന്നും വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിൽ ലഭിച്ചിട്ടുണ്ട്. നടന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വന്നു. തന്റെ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മുമ്പൊരിക്കൽ അമൃത ടിവിയിൽ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തോട് തനിക്ക് താൽപര്യമില്ലായിരുന്നെന്ന് നടൻ അന്ന് തുറന്ന് പറഞ്ഞു.
കല്യാണം കഴിക്കില്ല എന്നാണ് ഞാൻ തീരുമാനിച്ചിരുന്നത്. സ്വതന്ത്ര്യമായി നടക്കാൻ ആഗ്രഹിച്ചു. അച്ചടക്കമില്ലാത്ത ആളാണ്. വേറെ ആൾക്കാരെ നമ്മുടെ ജീവിതത്തിലേക്ക് വലിച്ചിഴച്ച് അവരുടെ ജീവിതം തകരാറിലാക്കണം എന്ന് തോന്നിയിട്ടില്ല. ഇപ്പോൾ സ്വാതന്ത്ര്യം പോയി എന്ന് പറയാൻ പറ്റില്ല. നമ്മൾ തീരുമാനിക്കുന്നത് പോലെയല്ല ജീവിതത്തിൽ കാര്യങ്ങൾ നടക്കുന്നത്. നമ്മൾ ആഗ്രഹിക്കുന്നത് പോലെയും നടക്കാറില്ല. എനിക്ക് സംശയങ്ങളായിരുന്നു. കല്യാണ ജീവിതത്തിന് പറ്റിയ ആളല്ല എന്ന തോന്നൽ.

പക്ഷെ പിന്നെ ഞങ്ങൾ തമ്മിൽ പരിചയത്തിലായപ്പോൾ ആ തീരുമാനമൊക്കെ മാറി. മക്കളെക്കുറിച്ചും ശ്രീനിവാസൻ അന്ന് സംസാരിച്ചു. മകൻ വിനീത് ശ്രീനിവാസൻ സംഗീത കരിയറാക്കുമോ എന്ന ചോദ്യത്തിന് നടൻ മറുപടി നൽകി. അവന് ആഗ്രഹം കാണും. പക്ഷെ നമ്മൾ അതേക്കുറിച്ച് സംസാരിക്കാറില്ല. ഞാൻ അവന് സിനിമയിൽ പാടാനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുത്തിട്ടില്ല. അതൊക്കെ പ്രൊഫഷണൽ സമീപനം അല്ലെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ.
അതിനുള്ള സൗകര്യം കിട്ടുമെങ്കിൽ ശ്രമിക്കണം. അയാളുടെ ഇഷ്ടത്തിന് വിടുന്നു. അതിലേക്ക് കൈ കടത്തുന്നത് ശരിയല്ല. പിന്നെ അയാളുടെ ജീവിതത്തെ തകർക്കുന്ന രീതിയിൽ ഏതെങ്കിലും റൂട്ടിലേക്ക് മാറിപ്പോയാൽ അച്ഛനെന്ന നിലയിൽ ഞാൻ ചില കാര്യങ്ങൾ പറഞ്ഞ് കൊടുക്കേണ്ടി വന്നേക്കാം. അങ്ങനെയുള്ള സംഭവങ്ങൾ വരില്ലെന്ന് വിചാരിക്കാമെന്നും ശ്രീനിവാസൻ അന്ന് പറഞ്ഞു.

തന്റെ അച്ഛന് താൻ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നതിൽ താൽപര്യമില്ലായിരുന്നെന്നും ശ്രീനിവാസൻ ഓർത്തു. അച്ഛൻ 1985 ൽ മരിച്ചു. ആ സമയമാകുമ്പോഴേക്കും ഞാൻ ചില സിനിമകളിൽ ഉണ്ടായിരുന്നു. പക്ഷെ ഞാൻ വലിയ ആളാകാൻ പോകുകയാണ് എന്ന ധാരണ ഇല്ലായിരുന്നു. അച്ഛനപ്പോഴും കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. അച്ഛൻ സിനിമ കാണാറില്ല. ഞാൻ അഭിനയിച്ച സിനിമ തലശേരിയിൽ റിലീസ് ചെയ്തപ്പോൾ എന്റെയൊരു സുഹൃത്ത് അച്ഛനെ അവിടെ വെച്ച് കണ്ടു.
സുഹൃത്ത് നിർബന്ധിച്ച് അച്ഛനെ സിനിമ കാണാൻ നിർബന്ധിച്ചു. സിനിമ കുറച്ച് മുന്നോട്ട് പോയി. വിളിച്ച് കൊണ്ട് പോയ സുഹൃത്തിന്റെ ഷർട്ടിന് അച്ഛൻ പിടിച്ചു. ഇത് കാണിക്കാനാണോടാ നീ എന്നെ വിളിച്ച് കൊണ്ട് വന്നതെന്ന് ചോദിച്ചു. കാരണം ഞാൻ അതിൽ പിമ്പായാണ് അഭിനയിക്കുന്നത്. റിയാലിറ്റിയും സിനിമയുമൊന്നും അച്ഛന് അറിയില്ല. ഞാൻ ശരിക്കും അങ്ങനെയായിപ്പോയെന്ന് അച്ഛൻ ധരിച്ചു. അച്ഛൻ ഇറങ്ങിപ്പോയി. എനിക്ക് കഴിവുണ്ടോ എന്നറിയണമെങ്കിൽ ആദ്യം അതേക്കുറിച്ച് അറിയണ്ടേ. അച്ഛന് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്ന് ശ്രീനിവാസൻ ഓർത്തു.


Click it and Unblock the Notifications