അര്‍പ്പിത അങ്ങനെയൊരാളാണ്! ധ്യാന്‍ ആകെ മാറി! സന്തോഷത്തോടെ അന്ന് ശ്രീനിവാസന്‍ പറഞ്ഞത്
ജീവിതത്തില്‍ എല്ലാമെല്ലാമായിരുന്ന അച്ഛനെ നഷ്ടമായതിന്റെ സങ്കടത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖങ്ങളിലൊക്കെ അച്ഛനെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. കോളേജ് കാലം മുതല്‍ അച്ഛന്‍ ശാസിച്ചതിന്റെയും, വീട്ടില്‍ നിന്നും ഇറക്കിവിട്ടതിനെക്കുറിച്ചും, പ്രണയം അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിനെക്കുറിച്ചുമെല്ലാം ധ്യാന്‍ വാചാലനായിട്ടുണ്ട്. അര്‍പ്പിതയുടെ വരവോടെ ധ്യാനിന്റെ ജീവിതം തന്നെ മാറിമറിഞ്ഞുവെന്ന് ശ്രീനിവാസന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ശ്രീനിവാസനും, ധ്യാനുമായുള്ള അടുപ്പത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് പിജി പ്രേംലാല്‍.
ഒരു പിതാവ് എന്ന നിലയിൽ ശ്രീനിയേട്ടനെ പ്രക്ഷുബ്ധനായ അവസ്ഥയിൽ ഞാൻ അപൂർവ്വം അവസരങ്ങളിൽ കണ്ടിട്ടുമുണ്ട്. ഒരിക്കൽ ഒരു കഥാചർച്ചയ്ക്ക് വേണ്ടി പോയ സമയത്ത് വീടിൻ്റെ വാതിൽ തുറന്നത് ധ്യാൻ ആയിരുന്നു. ഞാൻ ധ്യാനെ ആദ്യമായി കാണുകയാണ്. പേരു പറഞ്ഞപ്പോൾ അറിയാം ചേട്ടാ ഇവിടെ അച്ഛൻ പറയാറുണ്ട് എന്ന് ധ്യാൻ പറഞ്ഞു. ഞാൻ ഹാളിൽ ഇരിക്കുമ്പോൾ വാഷ്റൂമിൽ നിന്ന് പുറത്തുവന്ന ശ്രീനിയേട്ടനോടായി ഞാൻ പറഞ്ഞു, "കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് ഭാവിയിലെ ഒരു നായകൻ ആണല്ലോ !" പെട്ടെന്ന് ആ മുഖത്ത് വല്ലാതെ ദേഷ്യം നിറഞ്ഞു. "അവൻ്റെ കാര്യം എന്നോട് പറയണ്ട !"പിൽക്കാലത്ത് തൻ്റെ അഭിമുഖങ്ങളിലൂടെ ധ്യാൻ സ്വയം വെളിപ്പെടുത്തിയ അയാളുടെ ചെന്നൈ കാലത്തെ ഇരുണ്ടനാളുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.

പിന്നീടും രണ്ടുമൂന്നു തവണ കൂടി ശ്രീനിയേട്ടൻ പ്രതീക്ഷയറ്റ പോലെയും നിരാശാഭരിതമായും ധ്യാനെ കുറിച്ച് സംസാരിക്കുകയുണ്ടായിട്ടുണ്ട്. ഒരിക്കൽ അതിന് സാക്ഷിയായി ഇരിക്കെ വിമലച്ചേച്ചി പറഞ്ഞു "ഇങ്ങനെയൊക്കെ ശ്രീനിയേട്ടൻ പറയാമോ പ്രേംലാൽ ?! ധ്യാനൂട്ടൻ ശരിയാവും."
അമ്മയുടെ പ്രതീക്ഷയും സ്വപ്നവും യാഥാർത്ഥ്യമാക്കി ധ്യാനിൽ വന്ന പരിവർത്തനം ഏറെ ആഹ്ലാദത്തോടെ ശ്രീനിയേട്ടൻ കണ്ടു.
ഒരിക്കൽ പറഞ്ഞു, "എല്ലാ മനുഷ്യരുടേയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകാം. പക്ഷേ അത് നിലനിർത്താനാണ് ബുദ്ധിമുട്ട്. ചില ആളുകൾ കൂടെയെത്തുമ്പോൾ അത് മനോഹരമായി സംഭവിക്കും. അർപ്പിത അങ്ങനെയൊരാളാണ് " ധ്യാനിൻ്റെ ജീവിതപങ്കാളിയെക്കുറിച്ച് അത്തരത്തിൽ വളരെ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ശ്രീനിയേട്ടൻ പറയുകയുണ്ടായിട്ടുണ്ട്.
പിന്നീട്, ധ്യാനിൻ്റെ യൂട്യൂബ് അഭിമുഖങ്ങൾ പലതും കണ്ട് അതിൻ്റെ സന്തോഷത്തിൽ ഇരിക്കുന്ന ഒരു സമയത്ത്, ശ്രീനിയേട്ടൻ വൈകാരികമായിത്തന്നെ പറഞ്ഞു,"അടഞ്ഞ ഹൃദയങ്ങൾ തുറന്നുകഴിഞ്ഞാൽ വല്ലാത്ത ഒരു സത്യസന്ധതയും ഓർഗാനിക് ആയ ഒരു ഫീലും ഉണ്ടാവും. നമ്മൾ ബെറ്റർ ഹ്യൂമൻ ബീയിങ്സ് ആവും. ധ്യാൻ ഇപ്പോ അങ്ങനെയൊരാരാളായി. ഒരു ബെറ്റർ ഹ്യൂമൻ ബീയിങ് ! അതാണ് സന്തോഷം ഭാര്യയോടുള്ള സംശയത്തിൽ ജീവിക്കുന്ന തളത്തിൽ ദിനേശൻ്റെ കഥ പറയുമ്പോഴുംസ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മടിയനും അലസനുമായ, ശ്യാമളയെ ചിന്താവിഷ്ടയാക്കുന്ന വിജയൻ മാഷുടെ കഥ പറയുമ്പോഴും കാഞ്ചനയുടെ തലയണ മന്ത്രത്തിൽ വീണുപോകുന്ന ഭർത്താവിനെ സൃഷ്ടിക്കുമ്പോഴുമെല്ലാം ആ കഥാപാത്രങ്ങൾക്കുള്ളിൽ നിറഞ്ഞ സ്നേഹത്തെയും സൃഷ്ടിച്ചിട്ടുണ്ട്, ശ്രീനിയേട്ടൻ.
കുടുംബത്തെയും സമൂഹത്തെയും മുൻനിർത്തിക്കൊണ്ടുള്ള തൻ്റെ സ്വന്തം ജീവിതവീക്ഷണത്തിൻ്റെയും സാമൂഹ്യബോധത്തിൻ്റെയും നേർരേഖകളുടെ അപ്പുറത്തും ഇപ്പുറത്തും നിർത്തിക്കൊണ്ട് അനുകൂലമായും പ്രതികൂലമായും ഉള്ള ദ്വിമുഖനോട്ടങ്ങളെ തൻ്റെ കഥാപരിസരങ്ങളിലും കഥാപാത്രങ്ങളിലും ഉൾച്ചേർത്തുകൊണ്ടുള്ള നിലപാടുകളിൽ നിന്നാണ് ശ്രീനിയേട്ടൻ തൻ്റെ സിനിമകളെ രൂപപ്പെടുത്തിയെടുത്തത്. അതുകൊണ്ടാണ് തളത്തിൽ ദിനേശൻ മനോരോഗിയാണെന്ന് പറഞ്ഞുകൊണ്ടുതന്നെ 'വടക്കുനോക്കിയന്ത്ര'വും ശബരിമലയ്ക്ക് പോകുന്നവരെയും കൊടിയുയർത്തിപ്പിടിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിവരുന്ന രാഷ്ട്രീയപ്രസ്ഥാനത്തിൻ്റെ ജാഥയെയും ഒരേ ഫ്രെയിമിൽ അവതരിപ്പിച്ചു കൊണ്ട് ' ചിന്താവിഷ്ടയായ ശ്യാമള 'യും അവസാനിക്കുന്നത്.
ജീവിതത്തിൽ പറഞ്ഞതും പ്രവർത്തിച്ചതും തന്നെയാണ് ശ്രീനിയേട്ടൻ തൻ്റെ സിനിമകൾക്കും മാനദണ്ഡം ആക്കിയത്. അങ്ങനെയാണ് ആ കലയിൽ കള്ളം ഇല്ലാതായത്. അതുകൊണ്ടാണ് ആ സിനിമകൾ പതിറ്റാണ്ടുകൾക്കു ശേഷവും മലയാളിയെ മോഹിപ്പിക്കും വിധത്തിൽ ഇന്നും നിലനില്ക്കുന്നത്. കുടുംബങ്ങളെ മുൻനിർത്തി സമൂഹത്തോട് സംവദിക്കുന്ന കഥകൾ പറഞ്ഞ ഒരാൾ എന്നതുകൊണ്ടുതന്നെ ശ്രീനിയേട്ടൻ തൻ്റെ സിനിമകൾക്കുള്ള അടിസ്ഥാനപരമായ ഊർജ്ജം കണ്ടെത്തിയത് തൻ്റെ കുടുംബസങ്കല്പങ്ങളിലും അതിൻ്റെ ജനാധിപത്യസ്വഭാവത്തിലും നിന്നുമാണ് എന്ന് നിരീക്ഷിക്കാം. അതുകൊണ്ടുതന്നെ, ധ്യാനിനെ കുറിച്ച് ശ്രീനിയേട്ടൻ പറഞ്ഞത് ശ്രീനിയേട്ടനും എന്നേ ബാധകം ! ഹൃദയം തുറക്കാൻ കഴിഞ്ഞ മനുഷ്യൻ. ജീവിതത്തിലും കലയിലും. എന്നായിരുന്നു പ്രേംലാൽ കുറിച്ചത്.


Click it and Unblock the Notifications











