നിങ്ങളെ വഞ്ചിക്കുകയാണ്, വാണി-കമൽ ബന്ധത്തെക്കുറിച്ച് ശ്രീവിദ്യയോട് പറഞ്ഞപ്പോൾ; കുട്ടി പത്മിനി
പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത നടിയാണ് ശ്രീവിദ്യ. തമിഴ്നാട്ടുകാരിയായ ശ്രീവിദ്യയോട് മലയാളി പ്രേക്ഷകർ എന്നും പ്രത്യേക മമത കാണിച്ചു. ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തിൽ നടന്ന സംഭവങ്ങൾ സിനിമാ ലോകത്ത് ചർച്ചയായതാണ്. നടൻ കമൽ ഹാസനുമായുള്ള ശ്രീവിദ്യയുടെ പ്രണയം അക്കാലത്ത് സംസാര വിഷയമായി. അപൂർവ രാഗങ്ങൾ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ഈ ബന്ധം അധിക നാൾ മുന്നോട്ട് പോയില്ല.
ഇതേക്കുറിച്ച് ശ്രീവിദ്യയുടെ സുഹൃത്തായിരുന്ന നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ശ്രീവിദ്യക്ക് കമൽ ഹാസനെ വളരെ ഇഷ്ടമായിരുന്നു. കമലിനെ എല്ലാ നടിമാർക്കും ഇഷ്ടമാണ്. ശ്രീവിദ്യാക്ക വളരെ ക്ലാസ് ആണ്. മറ്റ് നായികമാരെ പോലെ കമലിന്റെ അഴക് കണ്ടോ തമാശ കണ്ടോ അല്ല അവർ ഇഷ്ടപ്പെട്ടത്. കമലിന്റെ അഭിനയ മികവും അറിവും കണ്ടാണ്. ഭ്രാന്തമായ സ്നേഹം കമലിനോട് അവർക്കുണ്ടായിരുന്നു. ഞാൻ അന്ന് കമലിന്റെ കൂടെ ഒരു മലയാളം സിനിമയിൽ അഭിനയിക്കുന്നുണ്ട്.

കമൽ അന്ന് വാണി ഗണപതിയുമായും പ്രണയത്തിലാണ്.അപ്പോഴേക്കും ശ്രീവിദ്യാക്ക മലയാളത്തിൽ വളരെ പ്രശസ്തയായി. ഒരു ദിവസം അവർ വന്ന് കമലുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. എങ്ങനെ വീട്ടിൽ അവതരിപ്പിക്കും എന്നറിയില്ലെന്നാണ് അവർ പറഞ്ഞത്. അക്കാ, കമൽ നിങ്ങളെ വഞ്ചിക്കുകയാണ്, അദ്ദേഹം വാണി എന്ന പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട്.
കമൽ ഇതുവരെയും ആർക്കും ഒന്നും വാങ്ങിക്കൊടുത്തിട്ടില്ല. എന്നാൽ വാണി ഗണപതിക്ക് എയർപോർട്ടിൽ വെച്ച് ഒരു സമ്മാനം വാങ്ങി. ദയവ് ചെയ്ത് നിങ്ങൾ കമലിനെ വിശ്വസിക്കരുതെന്ന് ഞാൻ പറഞ്ഞു. പക്ഷെ പ്രണയം മനസിൽ തോന്നിയാൽ ആരെന്ത് പറഞ്ഞാലും കേൾക്കില്ല. കമലിന് അന്ന് നിരവധി പേരുമായി പ്രണയമുണ്ടായിരുന്നെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു. ശ്രീവിദ്യാക്ക, ബോംബെയിൽ നിന്ന് രേഖ, ജയസുധ, വാണി ഗണപതി എന്നിവർ.

ഇനിയും രണ്ട് ആർട്ടിസ്റ്റുകളുണ്ട്. അവരുടെ പേര് പറയുന്നില്ല. കാരണം അവർ കല്യാണം കഴിഞ്ഞ് നല്ല രീതിയിൽ ജീവിക്കുന്നു. കമൽ എങ്ങനെ മാനേജ് ചെയ്തെന്ന് എനിക്കറിയില്ല. കമലും ശ്രീവിദ്യയും ഒരു ഘട്ടത്തിൽ പിരിഞ്ഞെന്നും കമൽ വാണിയെ വിവാഹം ചെയ്തെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. ആ കല്യാണത്തിന് ഞങ്ങൾ നിരവധി പേർ പോയി.
ശ്രീവിദ്യാക്കയ്ക്ക് പ്രണയം തകർന്നത് താങ്ങാൻ കഴിഞ്ഞില്ല. അതിൽ നിന്നും പുറത്ത് വരാൻ അവർക്ക് ഒരുപാട് കാലമെടുത്തു. ആ നൈരാശ്യത്തിൽ നിന്നും പുറത്ത് കടക്കാനാകാതെ തെറ്റായ ഒരു വിവാഹ ബന്ധത്തിലേക്ക് ശ്രീവിദ്യ കടന്നെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. ജോർജ് തോമസ് എന്നായിരുന്നു ശ്രീവിദ്യയുടെ ഭർത്താവിന്റെ പേര്. ഇരുവരും പിന്നീട് വേർപിരിയുകയാണുണ്ടായത്. 2006 ൽ തന്റെ 53ാം വയസിലാണ് ശ്രീവിദ്യ മരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു നടി.


Click it and Unblock the Notifications