ഒന്നര വർഷത്തിനുള്ളിൽ മമ്മൂട്ടിയുടെ ഭാര്യയും അമ്മയുമായി; സിനിമയിൽ വിജയമാണ് പ്രധാനം; ശ്രീവിദ്യ പറഞ്ഞത്
മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് അന്തരിച്ച ശ്രീവിദ്യ. മരണപ്പെട്ടിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ശ്രീവിദ്യയുടെ മുഖം ഇന്നും പ്രേക്ഷകർ ഓർമ്മിക്കുന്നു. അവസാന കാലത്ത് സീരിയലിലും സിനിമകളിലും കുറേ അമ്മ വേഷങ്ങൾ ചെയ്തിരുന്നതിനാൽ ശ്രീവിദ്യയെ അമ്മയെ പോലെ കണ്ട പ്രേക്ഷകരും ഏറെയാണ്.
ശ്രീവിദ്യയുടെ കരിയർ ഗ്രാഫ് പരിശോധിക്കുമ്പോൾ അത് മറ്റ് നടികളിൽ നിന്നും വ്യത്യസ്തമാണ്. നായിക നടിയായി തിളങ്ങി നിൽക്കവെ തന്നെ ശ്രീവിദ്യ ഈ ഇമേജിൽ ഒതുങ്ങി നിന്നില്ല.

സഹനായക വേഷവും അമ്മ വേഷങ്ങളും ശ്രീവിദ്യ ചെയ്തു, എന്നാൽ ചെയ്ത് റോളുകൾക്കെല്ലാം സിനിമയിൽ പ്രാധാന്യവും ഉണ്ടായിരുന്നു. മുമ്പൊരിക്കൽ ഇതേക്കുറിച്ച് ശ്രീവിദ്യ തന്നെ സംസാരിച്ചിരുന്നു.
അമൃത ടിവിയിലെ സമാഗമം എന്ന പ്രോഗ്രാമിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു നടി. നടൻ മധുവിനൊപ്പം നിരവധി സിനിമകളിൽ ജോഡിയായി വന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇത്.

'സിനിമയിൽ സക്സസ് എന്ന കാര്യത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം. ഞങ്ങളുടെ പെയർ വിജയിച്ചപ്പോൾ കുറേ പടങ്ങൾ അങ്ങനെ വന്നു, സുകുമാരനും സോമനുമൊക്കെയാണ് സിനിമകളിൽ എന്റെ മക്കൾ. അടുത്ത സെറ്റിൽ പോവുമ്പോൾ സോമനാണ് എന്റെ ഭർത്താവ്'
'ഒരു ഇമേജിലും പെട്ടിരുന്നില്ല. മമ്മൂട്ടിയുടെ കൂടെ അമ്മയായും ചേച്ചിയായും അനിയത്തിയായും ഭാര്യയായും കാമുകിയായും അഭിനയിച്ചിട്ടുണ്ട്. ഒന്നര വർഷത്തിനുള്ളിൽ. എല്ലാ സിനിമകളും സ്വീകരിക്കപ്പെട്ടു. പ്രേക്ഷകരുടെ മഹത്വമാണത്'

ഷോയിൽ അന്ന് പ്രശസ്ത സീരിയൽ സംവിധായകൻ കെകെ രാജീവും പങ്കെടുത്തു. ശ്രീവിദ്യയെ വെച്ച് ഒരുപിടി ഹിറ്റ് സീരിയലുകൾ ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു. ശ്രീവിദ്യയോടൊപ്പം വർക്ക് ചെയ്തപ്പോഴുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
'ഞാൻ ഏറ്റവും കൂടുതൽ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ച ആർട്ടിസ്റ്റാണ് ശ്രീവിദ്യ. പെയ്തൊഴിയാതെ എന്ന സീരിയൽ ചെയ്യുമ്പോൾ അതിലെ പ്രധാന കഥാപാത്രം ചെയ്യാൻ വേണ്ടി ചേച്ചിയെയാണ് സമീപിച്ചത്. അതിന് ശേഷമാണ് ഭാരതിയമ്മ ചെയ്യുന്നത്'

'ആ ക്യാരക്ടർ ശ്രീവിദ്യ ചേച്ചി ചെയ്യേണ്ടതായിരുന്നു. ചേച്ചിയോടൊപ്പം വർക്ക് ചെയ്യുന്നത് വളരെ ഈസിയായ കാര്യമാണ്. ഏത് ക്യാരക്ടർ കൊടുത്താലും തിരിച്ച് കിട്ടുന്ന റിസൽട്ട് വളരെ വലുതായിരിക്കും,' കെകെ രാജീവ് പറഞ്ഞതിങ്ങനെ.
മലയാള സിനിമയിലെ മുഖശ്രീയായി തിളങ്ങിയ ശ്രീവിദ്യ പക്ഷെ മലയാളിയല്ല. തമിഴ്നാട്ടുകാരിയാണ്. സത്യൻ അന്തിക്കാടിന്റെ ചട്ടമ്പിക്കവല എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ നായിക നടിയായെത്തുന്നത്.

ശ്രീവിദ്യയുടെ മുഖഭാവങ്ങൾ മലയാളികൾക്ക് വളരെ ഇഷ്ടപ്പെട്ടു. നടിയെ തേടി കൈ നിറയെ സിനിമകളുമെത്തി. മലയാള സിനിമാ ലോകത്തെ നിരവധി പേരുമായി അടുത്ത സൗഹൃദം ശ്രീവിദ്യക്കുണ്ടായിരുന്നു. 2006 ഒക്ടോബറിലാണ് ശ്രീവിദ്യ മരിക്കുന്നത്. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.
ശ്രീവിദ്യയുടെ മരണം അന്ന് സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു. മരിച്ച ശേഷവും നിരവധി സിനിമകളിൽ അമ്മയുടെ ഫോട്ടോയായി ശ്രീവിദ്യയുടെ ഫോട്ടായായിരുന്നു വെച്ചിരുന്നത്.
അഭിനേത്രിയെന്നതിനൊപ്പം മികച്ച ഗായികയുമായിരുന്നു ശ്രീവിദ്യ. അവസാന കാലത്ത് സംഗീതത്തിന് വലിയ പ്രാധാന്യം ശ്രീവിദ്യ നൽകിയിരുന്നത്രെ. ശ്രീവിദ്യയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഇന്നും സിനിമാ ലോകത്ത് ചർച്ചയാവാറുണ്ട്.


Click it and Unblock the Notifications