ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ; ഒരുപാട് പ്രശ്നങ്ങളുണ്ടായി; വിവാഹജീവിതത്തെക്കുറിച്ച് സുബ്ബലക്ഷ്മി പറഞ്ഞത്
നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മിയുടെ മരണ വാർത്ത കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്ത് വന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സുബ്ബലക്ഷ്മിയുടെ അന്ത്യം. 87 വയസായിരുന്നു. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത സുബ്ബലക്ഷ്മിയോട് പ്രേക്ഷകർക്ക് പ്രത്യേക മമതയുണ്ടായിരുന്നു. നടി താര കല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. മുമ്പൊരിക്കൽ തന്റെ ജീവിതത്തെക്കുറിച്ച് സുബ്ബലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കല്യാണകൃഷ്ണൻ എന്നാണ് സുബ്ബലക്ഷ്മിയുടെ ഭർത്താവിന്റെ പേര്. വിവാഹം ജീവിതം സന്തോഷകരമല്ലായിരുന്നെന്ന് ഒരിക്കൽ നടി തുറന്ന് പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞ ശേഷം ഭർത്താവ് എല്ലാ സിനിമയ്ക്കും കൊണ്ടുപോകും. പുള്ളിക്ക് ഇംഗ്ലീഷ് സിനിമകൾ വളരെ ഇഷ്ടമാണ്. സിനിമ എനിക്ക് വളരെ ഇഷ്ടമായിരുന്നു. പെണ്ണുങ്ങളൊക്കെ ഒരുങ്ങി നിൽക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. എത്ര നന്നായി കണ്ണെഴുതിയിരിക്കുന്നു എന്നൊക്കെ തോന്നും. കൊച്ചുകുട്ടിയല്ലേ. പിന്നെ അതൊന്നും വലിയ കാര്യമായി വിചാരിച്ചില്ല.

കാരണം കുടുംബവും കുട്ടികളുമായി. കാലത്ത് അഞ്ച് മണിക്ക് എഴുന്നേറ്റാൽ ഭർത്താവിന് ഓഫീസിൽ പോകാനെല്ലാം ഉണ്ടാക്കണം, കുട്ടിയെ നോക്കണം, വീട്ടുകാര്യം നോക്കണം. പിന്നെ കുട്ടികളൊക്കെ വലുതായി. കല്യാണം കഴിഞ്ഞ ശേഷമുള്ള ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളായിരുന്നു. 53 ൽ കല്യാണം കഴിഞ്ഞു. 57 ൽ ആദ്യത്തെ കുട്ടിയും. പിന്നെ അങ്ങോട്ട് ജീവിതം തന്നെ ഒരുമാതിരിയായിപ്പോയി. പല പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങളുമെല്ലാം.
ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വന്നു. കാരണം എന്ത് ചെയ്താലും പരാജയമാകും. എന്ത് ചെയ്താലും നമുക്ക് തടസമാണ്. അങ്ങനെ ആരായാലും മനസ് മുരടിക്കും. അദ്ദേഹത്തിന് കുട്ടികളും ഭാര്യയുമെന്ന യാതൊരു ചിന്തയും ഇല്ലാതായിപ്പോയി. ജീവിക്കണമെന്നോ ആഹാരം കഴിക്കണമെന്നോ നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നോ ഇല്ലാതായി.

അങ്ങനെ ഡിറ്റാച്ച് ആയപ്പോൾ എനിക്കൊരു വഴിയുമില്ലാതായി. മൂന്ന് കുട്ടികളെയും വളർത്തേണ്ടേ. ഈ രീതിയെ ഞാൻ എതിർക്കുകയോ വീട്ടിൽ അറിയിക്കുകയോ ചെയ്തില്ല. പറഞ്ഞാൽ എല്ലാം കളഞ്ഞ് വീട്ടിൽ വരാൻ പറയും. അതൊന്നും ശരിയല്ല എന്നെനിക്ക് തോന്നി. അമ്മയില്ലാതെ അവിടെ വളർന്ന താൻ കുട്ടികളെയും തിരിച്ച് അവിടേക്ക് പോയാൽ എന്താകുമെന്ന് ചിന്തിച്ചു. എന്നും ആശ്രയിക്കേണ്ടി വരും. കൊച്ച് നാൾ മുതൽ ദൈവങ്ങളെ മാത്രമേ ഞാൻ മുറുകെ പിടിച്ചിട്ടുള്ളൂയെന്നും സുബ്ബലക്ഷ്മി അന്ന് തുറന്ന് പറഞ്ഞു. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
സംഗീതജ്ഞയായിട്ടാണ് ആർ സുബ്ബലക്ഷ്മി കരിയർ തുടങ്ങിയത്. ജവഹർ ബാലഭവനിൽ ഡാൻസ് അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. ഒപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റായും സാന്നിധ്യം അറിയിച്ചു. നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. വേശാമണി അമ്മാൾ എന്ന മുത്തശ്ശിയായാണ് നന്ദനത്തിൽ സുബ്ബലക്ഷ്മി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്.
കല്യാണരാമൻ എന്ന ചിത്രത്തിൽ ചെയ്ത മുത്തശ്ശി വേഷം വൻ ജനപ്രീതി നേടി. വിജയ് നായകനായെത്തിയ ബീസ്റ്റ് ആണ് സുബ്ബലക്ഷ്മി അഭിനയിച്ച അവസാനത്തെ സിനിമ. മലയാളത്തിനും തമിഴിനും പുറമെ മറ്റ് ഭാഷകളിലും സുബ്ബലക്ഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











