തന്നേക്കാൾ സുന്ദരനായ നടൻ വരാൻ പാടില്ല; സുകുമാരന് കോംപ്ലക്സ്; പറഞ്ഞ് സമാധാനിപ്പിച്ചു; സംവിധായകൻ പറഞ്ഞത്
മലയാള സിനിമാ രംഗത്ത് ഇപ്പോഴും ഇടയ്ക്ക് ചർച്ചയാകുന്ന നടനാണ് അന്തരിച്ച സുകുമാരൻ. നായകനായും വില്ലനായും സഹനടനുമായെല്ലാം അഭിനയിച്ച സുകുമാരൻ ഒരു കാലത്ത് സിനിമാ രംഗത്ത് സജീവമായിരുന്നു. സോമൻ, ജയൻ, സുകുമാരൻ എന്നിവർ സിനിമാ ലോകത്ത് തിളങ്ങി നിന്ന ഒരുകാലം ഉണ്ടായിരുന്നു. പിൽക്കാലത്ത് നായക നിരയിലെ സ്ഥാനം സുകുമാരന് നഷ്ടമായി. എൺപതുകളിലും തൊണ്ണൂറുകളിലും ക്യാരക്ടർ റോളുകളും വില്ലൻ വേഷങ്ങളുമാണ് സുകുമാരന് ലഭിച്ചത്.
ഒരു ഘട്ടത്തിൽ സുകുമാരൻ തഴയപ്പെട്ട സാഹചര്യവും സിനിമാ ലോകത്തുണ്ടായി. ഇതേക്കുറിച്ച് സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരൻ ഇപ്പോഴും സംസാരിക്കാറുണ്ട്. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരനായതിനാൽ ചിലർക്കെങ്കിലും അപ്രിയനായിരുന്നു സുകുമാരൻ. 1997 ലാണ് നടൻ ഹൃദയാഘാതം വന്ന് മരിക്കുന്നത്. 49ാം വയസിലായിരുന്നു അന്ത്യം.

പിൽക്കാലത്ത് സുകുമാരന്റെ മക്കളായ ഇന്ദ്രജിത്തും പൃഥിരാജും സിനിമാ ലോകത്തെ താരങ്ങളായി മാറുകയും ചെയ്തു. സുകുമാരനെക്കുറിച്ച് സംവിധായകൻ കല്ലയം കൃഷ്ണദാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇദ്ദേഹം സഹസംവിധായകനായി പ്രവർത്തിച്ച തേരോട്ടം എന്ന സിനിമയിൽ സുകുമാരൻ അഭിനയിച്ചിട്ടുണ്ട്. ഇതേക്കുറിച്ചാണ് കല്ലയം കൃഷ്ണദാസ് സംസാരിച്ചത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
തേരോട്ടത്തിൽ നാലഞ്ച് ആർട്ടിസ്റ്റുകളെ ഞാൻ ഇൻഡ്രഡ്യൂസ് ചെയ്തിട്ടുണ്ട്. അവരിൽ ഏറ്റവും പ്രധാനപ്പെട്ടയാൾ രതീഷാണ്. തേരോട്ടത്തിൽ സുകുമാരനും വിൻസെന്റിനും എതിരായി വില്ലൻ വേണം. പറ്റിയ ആളെ കിട്ടിയില്ല. അർധരാത്രി യാദൃശ്ചികമായി കിട്ടിയ ഫിഗറാണ് രതീഷ്. സുകുമാരന് ഒരു കോംപ്ലക്സുണ്ട്. പുള്ളിയേക്കാളും സൗന്ദര്യമുള്ള ആരും വരാൻ പാടില്ല. അളിയാ പേടിക്കേണ്ടെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ അത്രയും സൗഹൃദത്തിലാണ്.

വിൻസെന്റിനാണെങ്കിൽ തന്നെ പോലെ സുന്ദരനായ വില്ലൻ വേണമായിരുന്നു. എന്തുകൊണ്ടോ രണ്ട് പേരെയും നിരാശരാക്കാത്ത വില്ലനെയാണ് കിട്ടിയതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. രതീഷ് അതിന് മുമ്പ് സിനിമയിൽ അഭിനയിച്ചിട്ടില്ല. ആദ്യ സീൻ വെള്ളമടിച്ച് വരുന്ന സീനാണ്. പുള്ളിക്ക് വെള്ളമടിക്കാൻ അറിയാം. എന്നാൽ വെള്ളമടിച്ച് അഭിനയിക്കാൻ അറിയില്ല. എന്നാൽ പിന്നീട് ചെയ്ത് വന്നപ്പോൾ നന്നായെന്നും കല്ലയം കൃഷ്ണദാസ് ഓർത്തു.
സുകുമാകരനുമായുള്ള സൗഹൃദത്തെക്കുറിച്ചും കല്ലയം കൃഷ്ണദാസ് സംസാരിക്കുന്നുണ്ട്. നന്ദിയും വ്യക്തിത്വവും സുകുമാരനുണ്ടായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. എല്ലാവരോടും കണക്ക് ചോദിച്ച് പൈസ വാങ്ങും. പക്ഷെ എന്നോട് അത് പോലും ചെയ്തിട്ടില്ല. വൈകീട്ട് ആറ് മണി കഴിഞ്ഞാൽ ഷൂട്ട് നിർത്തി സുകുമാരൻ പോകും. എന്നാൽ തന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ അത്തരം നിർബന്ധങ്ങൾ ഒന്നും ഇല്ലായിരുന്നു.
പ്രശസ്തി വന്നപ്പോഴും സുകുമാരന്റെ സ്വഭാവം മാറിയില്ലായിരുന്നു. പുള്ളി കാരണം പെൻഷൻ വരെ കിട്ടി, അദ്ദേഹമാണ് സെക്രട്ടറിയേറ്റിൽ കാെടുക്കാൻ കത്താെക്കെ എഴുതി തന്നതെന്നും കല്ലയം കൃഷ്ണദാസ് അന്ന് വ്യക്തമാക്കി. സുകുമാരന്റെ മനസിലെ നന്മ പലപ്പോഴും സിനിമാക്കാർ കണ്ടിട്ടില്ലെന്ന് ഭാര്യ മല്ലിക സുകുമാരൻ പറയാറുണ്ട്. അഭിമുഖങ്ങളിലെല്ലാം സുകുമാരനെക്കുറിച്ചാണ് മല്ലിക കൂടുതലും സംസാരിക്കാറുള്ളത്.
ദേഷ്യക്കാരനായിരുന്നെങ്കിലും സുകുമാരൻ പുറമേക്ക് നടിക്കുന്ന ആളല്ലായിരുന്നെന്ന് മല്ലിക ഒരിക്കൽ ചൂണ്ടിക്കാട്ടുകയുണ്ടായി. പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെ അമ്മ എന്നതിനപ്പുറം സുകുമാരന്റെ ഭാര്യ എന്ന പേരിൽ അറിയപ്പെടുന്നതിലാണ് തനിക്ക് അഭിമാമെന്നും ഒരിക്കൽ മല്ലിക പറയുകയുണ്ടായി.


Click it and Unblock the Notifications











