ഭർത്താവ് മരിച്ചപ്പോൾ കണ്ട പരിചയമുള്ള മുഖം; അത് മറക്കില്ല; കെപിഎസി ലളിതയെക്കുറിച്ച് സുകുമാരി പറഞ്ഞത്
മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിമാരാണ് കെപിഎസി ലളിതയും സുകുമാരിയും. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ രണ്ട് പേർക്കും ലഭിച്ചു. അതേസമയം സുകുമാരിയെ പോലെ മറ്റ് ഭാഷകളിൽ കെപിഎസി ലളിത സജീവമായിരുന്നില്ല. ഏത് കഥാപാത്രവും തന്മയത്വത്തോടെ അവതരിപ്പിക്കാൻ പറ്റിയ നടിമാരാണ് സുകുമാരിയും ലളിതയുമെന്ന് പ്രേക്ഷകർ ഒന്നടങ്കം സമ്മതിക്കും. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. രണ്ട് പേരുടെയും വിയോഗം സിനിമാ ലോകത്തെയും സിനിമാ പ്രേക്ഷകരെയും ഏറെ വിഷമിപ്പിച്ചു.
അടുത്ത സുഹൃത്തുക്കളായിരുന്നു സുകുമാരിയും കെപിഎസി ലളിതയും. മുമ്പൊരിക്കൽ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് സുകുമാരി സംസാരിച്ചിരുന്നു. അന്ന് ഇരുവരും പങ്കുവെച്ച വിശേഷങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. എല്ലാവരെയും സൽക്കരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് സുകുമാരിയെന്ന് കെപിഎസി ലളിത അന്ന് പറഞ്ഞു. ചേച്ചിയെ ഞാൻ ഇടയ്ക്ക് ചീത്ത പറയാറുണ്ട്. മദ്രാസിൽ നിന്ന് വരുമ്പോൾ അവിടെയുള്ള ബേക്കറി കടകളിൽ കിട്ടുന്ന സാധനമെല്ലാം കൊണ്ട് വന്ന് വിതരണം ചെയ്യും.

ചേച്ചിക്ക് വേറൊരു പണിയുമില്ലേ എന്ന് താൻ ചോദിക്കാറുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. ചേച്ചി ചെയ്യുന്ന പോലെയുള്ള വ്യത്യസ്തമായ സിനിമകളൊന്നും എന്നെക്കൊണ്ട് ചെയ്യാൻ പറ്റില്ല. പൂച്ചക്കൊരു മൂക്കുത്തി പോലെയുള്ള സിനിമകൾ തനിക്ക് ചെയ്യാനാകില്ലെന്നും കെപിഎസി ലളിത അന്ന് വ്യക്തമാക്കി. സുകുമാരിയെക്കുറിച്ചുള്ള ഒരു തമാശയും അന്ന് നടി പങ്കുവെച്ചു.
ഒരു ചാനലിൽ ഓണ പ്രോഗ്രാമിന് ഞങ്ങളെ വിളിച്ചു. എനിക്ക് ഷൂട്ടിംഗ് ഉണ്ടെടീ ഞാനങ്ങ് വന്നേക്കാമെന്ന് സുകുമാരി ചേച്ചി പറഞ്ഞു. പ്രോഗ്രാം തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ചേലയൊക്കെ ഉടുത്ത് എവിടെ നിന്നോ വരുന്നുണ്ട്. അവതാരകനായ പയ്യൻ ചേച്ചി എങ്ങനെയാണ് മദ്രാസിൽ ഓണം ആഘോഷിക്കുന്നതെന്ന് ചോദിച്ചു. ഞങ്ങൾ പൊട്ടാസ് കത്തിക്കും, മധുരമുണ്ടാക്കി അടുത്ത വീട്ടിലൊക്കെ കൊണ്ടു കൊടുക്കുമെന്ന് ചേച്ചി.

അത് ദീപാവലിയാണെന്ന് ഞാൻ പറഞ്ഞു. അവിടെ ദീപാവലി, ഇവിടെ ഓണമെന്ന് പറയുമെന്നാണ് ചേച്ചി നൽകിയ മറുപടിയെന്നും കെപിഎസി ലളിത ഓർത്തു. കെപിഎസി ലളിതയെക്കുറിച്ച് സുകുമാരിയും അന്ന് സംസാരിച്ചു. അന്നൊക്കെ മദ്രാസിൽ രാത്രിയും പകലും ഷൂട്ടിംഗ് ആണ്. നല്ല പോലെ കഷ്ടപ്പെട്ട് പേരെടുക്കണമെന്ന മനസുള്ളത് കൊണ്ടാണ് ലളിത ഇപ്പോഴും കരിയറിൽ നിൽക്കുന്നത്.
എന്റെ ഭർത്താവ് മരിച്ച സമയത്ത് ഞാൻ കണ്ട അറിയാവുന്ന മുഖങ്ങൾ ലളിതയുടേതും ജയഭാരതിയുടേതുമാണ്. വേണ്ടെപ്പെട്ട ആൾക്കാരെന്ന് പറയാൻ അവരേ ഉണ്ടായിരുന്നുള്ളൂ. നമുക്കെന്ന് പറഞ്ഞ് സംസാരിക്കാൻ ചിലർ വേണം. നമ്മളെ അറിയാവുന്നവർ. അങ്ങനെയുള്ള ഒന്ന് രണ്ട് പേരിൽ ഒരാളാണ് ലളിത. ഒരുപാട് ദിവസം കണ്ടില്ലെങ്കിൽ ഫോൺ വിളിച്ച് സംസാരിക്കുമെന്നും സുകുമാരി അന്ന് വ്യക്തമാക്കി.
ഞാനിന്നും അത് മറന്നിട്ടില്ലെന്നും സുകുമാരി അന്ന് പറഞ്ഞു. തന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും സുകുമാരി അന്ന് സംസാരിച്ചു. തമിഴ് സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. ചെറുപ്പത്തിലേ ചെന്നെെയിലേക്ക് പറിച്ച് നട്ടെങ്കിലും അമ്മയും ഞാനും വീട്ടിൽ മലയാളമാണ് സംസാരിച്ചിരുന്നതെന്നും സുകുമാരി വ്യക്തമാക്കി. 2013 ലാണ് സുകുമാരി മരിച്ചത്. കഴിഞ്ഞ വർഷമാണ് കെപിഎസി ലളിത വിട പറഞ്ഞത്. രണ്ട് പേരുടെയും വിയോഗം സിനിമാ ലോകത്തിന് നികത്താനാകാത്ത നഷ്ടമായാണ് പ്രേക്ഷകർ കാണുന്നത്.


Click it and Unblock the Notifications











