ഡാഡിയും മമ്മിയും എനിക്കൊപ്പം നിന്നതിന് കാരണം, പിന്നെ തിരിച്ച് പോയില്ല, പൃഥ്വിക്ക് നിർബന്ധമായിരുന്നു: സുപ്രിയ
നടി മല്ലിക സുകുമാരൻ മരുമക്കളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. മക്കൾക്കും മരുമക്കൾക്കുമൊപ്പം താമസിക്കാൻ തനിക്ക് താൽപര്യമില്ലെന്നും അവരുടെ സന്തോഷകരമായ കുടുംബ ജീവിതത്തിന് വേണ്ടിയാണ് ഈ തീരുമാനമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഭാര്യക്കും കുഞ്ഞുങ്ങൾക്കും അച്ഛന്റെ കൂടെ പുറത്ത് പോകണം എന്നായിരിക്കും ആഗ്രഹം. അമ്മൂമ്മയുള്ളത് കൊണ്ടാണ്, അല്ലെങ്കിൽ അച്ഛൻ കൊണ്ട് പോയേനെ എന്ന് തോന്നില്ലേ എന്നായിരുന്നു മല്ലിക സുകുമാരൻ പറഞ്ഞത്.
അതേസമയം മരുമക്കളുടെ മാതാപിതാക്കൾ ഇങ്ങനെയാണോ ചിന്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നും മല്ലിക സുകുമാരൻ സൂചിപ്പിച്ചു. ഒരു പരിധി വരെ അത് ഞാൻ മാത്രമേ അങ്ങനെ ചിന്തിക്കുന്നുള്ളൂ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പെൺമക്കൾക്ക് അവരുടെ അമ്മമാരോട് സ്വാതന്ത്ര്യം കൂടുതലായിരിക്കും. രാജുവിന്റെ അമ്മ വരുന്നു, ഇന്ദ്രന്റെ അമ്മ വരുന്നു എന്ന് പറയുന്നത് പോലെയല്ലല്ലോ സ്വന്തം അമ്മ വരുന്നത് എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ മാതാപിതാക്കൾ മകൾക്കൊപ്പമാണ് വിവാഹ ശേഷമുണ്ടായിരുന്നത്. അച്ഛൻ മരിച്ചിട്ട് കുറച്ച് വർഷങ്ങളായി. അമ്മ ഇപ്പോഴും സുപ്രിയക്കൊപ്പം തന്നെയാണ്. ഇതേക്കുറിച്ച് നേരത്തെ ഒരു അഭിമുഖത്തിൽ സുപ്രിയ മേനോൻ സംസാരിച്ചിട്ടുണ്ട്. ഞാൻ ഗർഭിണിയായി ആറ് മാസമായപ്പോഴേക്കും പൃഥ്വിക്ക് ഷൂട്ടിന് പുറത്ത് പോകേണ്ടി വന്നു. എന്നെ നോക്കാൻ ആരുമുണ്ടായിരുന്നില്ല. വീട്ടിൽ ഒരു സ്റ്റാഫ് മാത്രം ഉണ്ടായിരുന്നു.
ഒറ്റയ്ക്ക് എന്നെ വിടാൻ പേടിയുണ്ടായിരുന്നു. പ്രെഗ്നൻസി ഒന്ന് തീരുന്നത് വരെ കുറച്ച് ദിവസം വന്ന് നിൽക്കുമോ എന്ന് പൃഥ്വി ഡാഡിയെ വിളിച്ച് ചോദിച്ചു. ഡെലിവറി ഇവിടെ തന്നെയായിരിക്കണം എന്ന് പൃഥ്വിക്ക് നിർബന്ധമായിരുന്നു. നീ പോകേണ്ട പ്ലീസ്, ഇവിടെ തന്നെ നിൽക്കുമോ എന്ന് ചോദിച്ചു. പാരന്റ്സ് എന്നെ കുറച്ച് ദിവസം നോക്കാൻ വന്നതാണ്. പിന്നെ അവർ പോയില്ല. കാരണം അലംകൃത വന്നപ്പോഴും പൃഥ്വിരാജ് ഷൂട്ടിലായിരുന്നു.

അലംകൃത ജനിച്ച് 20 ദിവസത്തിന് ശേഷം പൃഥ്വി എന്ന് നിന്റെ മൊയ്തീന്റെ ഷൂട്ടിന് പാലക്കാടേക്ക് പോയി. ഇവിടെ പറ്റേർണിറ്റി ലീവ് ഇല്ലല്ലോ. മാത്രവുമല്ല സിനിമയായതിനാൽ നമ്മൾ ഒരാളുടെ വർക്ക് മാത്രമല്ല ഇത്രയും പേരുടെ വർക്കല്ലേ. എന്റെ മാതാപിതാക്കൾ അലംകൃത ജനിച്ച് ആദ്യത്തെ വർഷം ഞങ്ങളെ നോക്കാൻ വേണ്ടി നിന്നതാണ്. അത് കഴിഞ്ഞിട്ട് പിന്നെ അവർ പോയില്ല. എന്റെ പാരന്റ്സിനെ അലംകൃതയും മമ്മി, ഡാഡി എന്ന് തന്നെയാണ് വിളിക്കുന്നത്.
മുത്തശ്ശനും മുത്തശ്ശിയും എന്നല്ല. അത്രയും ക്ലോസ് ആണ്. ഡാഡിയാണ് സ്കൂളിലേക്ക് കൊണ്ട് പോകുന്നത്. ഞാൻ യാത്രയിലാണെങ്കിൽ ഡാഡിയാണ് സ്കൂൾ മീറ്റിംഗിന് പോയത്. അവരുടെ ജീവിതം അല്ലിയെ ചുറ്റിപ്പറ്റിയാണ്. ഡാഡി പോയിട്ട് ഒരു വർഷമായതേയുള്ളൂ. ഞാൻ ഒരു മകൾ മാത്രമേയുള്ളൂ. അത് കൊണ്ട് അമ്മ ഇപ്പോൾ എന്റെ കൂടെയാണ് നിൽക്കുന്നത്. കാരണം ഡാഡി പോയപ്പോൾ ഫാമിലി മൊത്തം തകർന്ന് പോയ സിറ്റുവേഷനായിരുന്നു എന്നും സുപ്രിയ മേനോൻ പറഞ്ഞു. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുപ്രിയ.


Click it and Unblock the Notifications











