'നല്ല ചെരുപ്പ് പോലുമില്ല, രാധിക ആന്റി സ്വന്തം മാല വരെ ഊരിത്തന്നു'; അമൃതയ്ക്ക് കൈത്താങ്ങായ സുരേഷ് ഗോപി
മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഗായികയെന്ന നിലയിലുള്ള അമൃതയുടെ വളർച്ചയും അമൃതയുടെ വ്യക്തി ജീവിതത്തിലുണ്ടായ ഉയർച്ചയും താഴ്ചയുമെല്ലാം പ്രേക്ഷകർ കണ്ടതാണ്. ഈയടുത്താണ് അമൃതയുടെ പിതാവും ഓടക്കുഴൽ വാദകനുമായ പി ആർ സുരേഷ് അന്തരിച്ചത്. അറുപത് വയസ്സായിരുന്നു. ഞങ്ങളുടെ പൊന്നച്ഛൻ ഇനി ഭഗവാന്റെ കൂടെ എന്നെഴുതിക്കൊണ്ട് അമൃത തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. സ്ട്രോക്കിനെത്തുടർന്ന് ഗുരുതരവാസ്ഥയിൽ ചികിത്സയിലായിരിക്കെയാണ് മരണം.
അമൃതയുടെ സംഗീത കരിയറിന് വലിയ പിന്തുണ നൽകിയ വ്യക്തിയായിരുന്നു പിതാവ്. ഇതേക്കുറിച്ച് അമൃത മുമ്പും സംസാരിച്ചിട്ടുണ്ട്. അമൃതയുടെ സംഗീത കരിയറിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് നടൻ സുരേഷ് ഗോപി. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോൾ അമൃതയ്ക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ സുരേഷ് ഗോപി നൽകിയിരുന്നു. ഇതേക്കുറിച്ച് സുരേഷ് ഗോപിയും അമൃതയും മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ വെച്ചായിരുന്നു ഇത്.

അമൃതയെ സഹായിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്ന് സുരേഷ് ഗോപി സംസാരിച്ചു. 'തകരയിലെ മൗനമേ എന്ന ഗാനം പാടി ജാനകിയമ്മ കേട്ടാൽ ഇതും എന്റെ മോളാണെന്ന് പറയുന്ന തരത്തിലുള്ള പെർഫോമൻസാണ് കാഴ്ച വെച്ചത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് അമൃതയ്ക്ക് കിട്ടിയത് 75 മാർക്കാണ്. കോസ്റ്റ്യൂം മാത്രം ഒട്ടും ചേർന്നില്ലെന്ന് ശരത് പറഞ്ഞു. കോസ്റ്റ്യൂമിന് മാർക്ക് കുറഞ്ഞു. അങ്ങനെയുണ്ടാവാൻ പാടില്ലെന്ന് ശരത്തിനെ വിളിച്ച് പറഞ്ഞു. ശരത്ത് അത് അമൃതയോട് പറഞ്ഞു'
'പിന്നീട് മിൻസാരക്കനവിലെ ഊ ലലല്ലാ എന്ന ഗാനം ഡാൻസ് ചെയ്ത് പാടി. അതിൽ ജഡ്ജസിന് മുമ്പ് തന്നെ എന്റെ മനസ്സിൽ അമൃത വളരെ മോശം മാർക്ക് നേടിയിരുന്നു. ആ വസ്ത്രമെല്ലാം നന്നായിരുന്നു. പക്ഷെ ഉപയോഗിച്ചിരുന്ന ചെരുപ്പ് വളരെ മോശമായിരുന്നു'
'ഞാൻ ശരത്തിനെ വിളിച്ച് എന്താണീ കുട്ടിക്ക് എപ്പോഴും ഇങ്ങനെ സംഭവിക്കുന്നതെന്ന് ചോദിക്കുന്നിടത്ത് നിന്നാണ് അമൃതയുടെ കുടുംബവുമായുള്ള അടുപ്പം തുടങ്ങുന്നത്. അന്ന് തുടങ്ങി ഇന്നും എന്റെ വീട്ടിലെ ഒരു കുട്ടിയാണ് അമൃത,' സുരേഷ് ഗോപി പറഞ്ഞതിങ്ങനെ.
സാധാരണ കുടുംബത്തിൽ നിന്ന് വന്നതിനാൽ തന്നെ റിയാലിറ്റി ഷോയിലെ ചെലവ് പലപ്പോഴും ബുദ്ധിമുട്ടായിരുന്നെന്ന് അമൃത അന്ന് ജെബി ജംങ്ഷനിൽ വ്യക്തമാക്കി. അമൃതയുടെ അച്ഛൻ സുരേഷും ഇത് ശരിവെച്ചു. കഴിവുള്ള എത്രയോ കുട്ടികൾക്ക് ഇത്തരം ഷോകളിൽ പങ്കെടുക്കാൻ പറ്റാത്തത് സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടാണെന്ന് സുരേഷ് വ്യക്തമാക്കി.

സുരേഷ് ഗോപിയും ഭാര്യ രാധികയും ഇല്ലായിരുന്നെങ്കിൽ റിയാലിറ്റി ഷോയിൽ മുന്നോട്ട് പോവാൻ തന്നെ പറ്റില്ലായിരുന്നെന്ന് അമൃത തുറന്ന് പറഞ്ഞു. 'കാരണം ഒരു സാധാരണ കുടുംബത്തിന് പറ്റുന്നതിനേക്കാൾ മുകളിലാണ് അതിൽ നിന്ന് വരുന്ന ചെലവുകൾ. ആന്റി എനിക്ക് സ്വന്തം മാലയൊക്കെ ഊരിത്തന്ന് വിട്ടിട്ടുണ്ട്. അങ്കിളിന്റെ ഒരു മകളെ പോലെയാണ് കണ്ടത്'
'വെറുതെ ഒരു ഡ്രസ് കണ്ട് ഇഷ്ടപ്പെട്ടാൽ അതും വാങ്ങിച്ചോ എന്ന് പറഞ്ഞു. ആദ്യം ഞാൻ ഡ്രസൊക്കെ വാങ്ങിച്ചിട്ട് ഇറങ്ങാൻ നേരത്ത് അങ്കിൾ കാറിലേക്ക് വിളിച്ച് കുറച്ച് പൈസ വേറെയും തന്ന് ചെരുപ്പ് വാങ്ങാൻ പറഞ്ഞു,' അമൃത അന്ന് പറഞ്ഞതിങ്ങനെ. അമൃതയുടെ അച്ഛന്റെ മരണത്തിൽ ആശ്വാസ വാക്കുകളുമായി നിരവധി പേരെത്തിയിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തെക്കുറിച്ച് നേരത്തെ അമൃതയും സഹോദരി അഭിരാമിയും അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.


Click it and Unblock the Notifications