അങ്ങനെയൊരാൾ വന്നിട്ടില്ല എന്ന് പറയാനാവില്ല; ജാതകത്തിന്റെ പ്രശ്നമുണ്ടല്ലോ; പാർവതിയോട് സുരേഷ് ഗോപി പറഞ്ഞത്
ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി. സിനിമാ രംഗത്തെ നിരവധി പേർ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. മലയാള സിനിമയിലെ നിരവധി താരങ്ങളുമായി അടുത്ത സൗഹൃദം സുരേഷ് ഗോപിക്കുണ്ട്. സുരേഷ് ഗോപിയും പാർവതി ജയറാമും വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ചെത്തിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. പാർവതിയാണ് സുരേഷ് ഗോപിയോട് ചോദ്യങ്ങൾ ചോദിക്കുന്നത്. സിനിമാ ലോകത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമെല്ലാം സുരേഷ് ഗോപി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.
ഒരു സിനിമാ നടൻ ആകണം എന്ന ആഗ്രഹം വന്നതോടെ സിനിമാക്കാരുടെ പിന്നാലെ അലച്ചിൽ തുടങ്ങി. നവോദയ അപ്പച്ചൻ സാറിനെയും പുള്ളിക്കാരന്റെ മക്കളെയുമൊക്കെ നിരന്തരം കാണുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഫാസിലുമായി പരിചയപ്പെടുന്നതും അടുപ്പത്തിലായതും. ഫാസിൽ എന്നെ ഒരു പ്രൊജക്ടിന് വേണ്ടി ട്രെെ ചെയ്തു. പക്ഷെ വർക്കൗട്ടായില്ല. ബാലാജിയുടെ നിരവപരാധി എന്ന സിനിമയിൽ ചെറിയ വേഷത്തിൽ എന്നെ ട്രെെ ചെയ്തു. പിന്നെ വീണ്ടും നവോദയയുടെ കടാക്ഷം വേണ്ടി വന്നു നടനാകാൻ.

നവോദയ അപ്പച്ചന്റെ മകൻ എന്നെ വിളിച്ചു. ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിൽ അഭിനയിച്ചത് കൊണ്ട് മാത്രമാണ് താൻ രാജാവിന്റെ മകൻ എന്ന സിനിമയിലേക്ക് എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കരിയറിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും സുരേഷ് ഗോപി അന്ന് പാർവതിയോട് സംസാരിച്ചു. നടനായി തീരണം എന്നായിരുന്നു ആഗ്രഹം. അതിൽ പ്രതീക്ഷയുണ്ടായിരുന്നു.
സുരേഷ് ഒരു ഭയങ്കര സോപ്പ് ആണെന്ന് സിനിമയിലുള്ള എല്ലാവരും പറയാറുണ്ട്. എന്താണതിന് കാരണമെന്ന് പാർവതി ചോദിച്ചു. ഞാൻ എത്തിയ പൊസിഷനാണ് പ്രധാന പ്രശ്നം. ഒരു സോപ്പായത് കൊണ്ടൊന്നും ഈ പൊസിഷനിൽ എത്താൻ പറ്റില്ല. സോപ്പ് മാത്രം സഹായിക്കില്ല. അങ്ങനെയാണെങ്കിൽ സോപ്പും പുതച്ച് വീട്ടിൽ ഇരുന്നാൽ പോരെയെന്നും സുരേഷ് ഗോപി തിരിച്ച് ചോദിച്ചു. പാരകൾ ഏറ്റവും കൂടുതലുള്ള രംഗമാണ് സിനിമാ രംഗം. ഇല്ലെന്ന് ആര് പറഞ്ഞാലും സമ്മതിച്ച് തരില്ലെന്നും അന്ന് സുരേഷ് ഗോപി പറഞ്ഞു.

അത് ഏറ്റവും കൂടുതൽ അനുഭവിച്ചത് ഞാനാണ്. പാർവതിക്കും മറിച്ചൊരു അഭിപ്രായം ആയിരിക്കില്ല എന്നെനിക്ക് നന്നായറിയാം. കാരണം നായികമാർക്കിടയിൽ ഏറ്റവും അധികം പാരകൾ വന്നിട്ടുള്ളത് പാർവതിക്കാണ്. പാരകൾക്കെല്ലാം വളരെ കുറച്ച് കാലമേ ദ്രോഹിക്കാൻ പറ്റൂ. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. അതിനാൽ തിരിച്ചടിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സുരഷ് ഗോപി വ്യക്തമാക്കി.
ഈ അഭിമുഖമെടുത്ത കാലഘട്ടത്തിൽ സുരേഷ് ഗോപി വിവാഹിതനല്ല. വിവാഹത്തെക്കുറിച്ച് വാർത്തകൾ വരുന്നുണ്ട്. ഇതേക്കുറിച്ചും പാർവതി ചോദിച്ചു. തന്റെ സങ്കൽപ്പത്തിലുള്ള ഭാര്യയെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. കല്യാണ ആലോചനകൾ വന്നിട്ടുണ്ട്. എന്റെ സങ്കൽപ്പത്തിലുള്ള വധു ഇനിയും വന്നിട്ടില്ല എന്ന് പറയാനൊക്കില്ല. ജാതകത്തിന്റെ പ്രശ്നമുണ്ടല്ലോ. അതൊക്കെ വെച്ച് ഒത്ത് വരുന്ന കുട്ടിയെ കല്യാണം കഴിക്കണം.
എന്റെ ആഗ്രഹത്തിനൊത്ത പെൺകുട്ടിയായിരിക്കണം എന്ന് നിർബന്ധമുണ്ട്. എണ്ണ തേച്ച് കുളിക്കുന്ന, ലിപ്സ്റ്റിക്കും മേക്കപ്പും ഇടാത്ത, ലൂസ് ടോപ്പും ജീൻസും ഇടാത്ത, മോഡേൺ ലൈഫിനോടൊപ്പം താൽപര്യം ഇല്ലാത്ത ആളായിരിക്കണം. സാരിയോ ചുരിദാറോ ധരിച്ച് എണ്ണ തേച്ച് കുളിച്ച് തുളസി കതിരൊക്കെ ചൂടിയ സീതയെ പോലെ പതിവ്രതയായ പെൺകുട്ടിയാണ് തന്റെ സങ്കൽപ്പത്തിലെന്നും സുരേഷ് ഗോപി അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications