മലയാളികൾക്കത് തെറ്റിദ്ധാരണയായി; എന്നെ വിഷമിപ്പിച്ചിരുന്നു; സായ് പല്ലവി പറഞ്ഞ വാക്കുകൾ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് സായ് പല്ലവി. പ്രേമം എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് സായ് പല്ലവി പിന്നീട് തിളങ്ങിയത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. തെലുങ്ക് സിനിമാ മേഖലയിലാണ് സായ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്. ലവ് സ്റ്റോറി, ഫിദ തുടങ്ങിയ സിനിമകൾ സായ് പല്ലവിക്ക് വൻ ജനപ്രീതി തെലുങ്കിൽ നൽകി. മലയാളത്തിൽ പക്ഷെ നാളുകളായി സായ് പല്ലവിയെ കാണാറില്ല.
പ്രേമത്തിന് ശേഷം അതിരൻ, കലി എന്നീ സിനിമകളിലാണ് നടി മലയാളത്തിൽ അഭിനയിച്ചത്. മൂന്ന് സിനിമകളും ശ്രദ്ധിക്കപ്പെട്ടതാണ്. പ്രേമത്തിലെ മലർ മിസ് എന്ന കഥാപാത്രമായാണ് ഇന്നും മലയാളികൾ സായ് പല്ലവിയെ ഓർക്കുന്നത്. മറുഭാഷകളിലെ തിരക്കും നല്ല അവസരങ്ങൾ ലഭിക്കാത്തതുമാണത്രെ സായ് പല്ലവിയെ മലയാള സിനിമകളിൽ കാണാത്തതിന് കാരണം.
സൂപ്പർ സ്റ്റാറുകളുടെ കേന്ദ്രമായറിയപ്പെടുന്ന തമിഴ്, തെലുങ്ക് സിനിമകളിൽ പോലും വളരെ സെലക്ടീവാണ് നടി. വന്ന് പോവുന്ന കഥാപാത്രങ്ങൾ സായ് പല്ലവി ചെയ്യാറുമില്ല. അന്നും ഇന്നും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങളോടും നോ പറയുന്ന നടിയാണ്. ഹോംലി ഗേൾ ഇമേജ് കാരണമാണ് സായ് പല്ലവി ഇത്രയും ജനപ്രീതി നേടുന്നതെന്നാണ് സിനിമാ പ്രേക്ഷകർ പറയുന്നത്.

നടിയെന്നതിനൊപ്പം തന്നെ മികച്ച ഡാൻസർ കൂടിയാണ് സായ് പല്ലവി. ഇതും ഇവർക്ക് കരിയറിൽ ഗുണം ചെയ്യുന്നു. സായ് പല്ലവിയുടെ പിറന്നാൾ ദിനമാണ് മെയ് 9. 32 വയസ് പൂർത്തിയായിരിക്കുകയാണ് നടിക്ക്. നിരവധി പേരാണ് സായ് പല്ലവിക്ക് ആശംസകളുമായെത്തുന്നത്.
ഇപ്പോഴിതാ സായ് പല്ലവി മുമ്പൊരിക്കൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. തനിക്കേറെ വിഷമം തോന്നിയ ഗോസിപ്പിനെക്കുറിച്ചാണ് സായ് പല്ലവി സംസാരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവെ ഞാൻ മലയാളിയാണെന്ന് പറഞ്ഞപ്പോൾ തമിഴ്നാട്ടുകാരിയാണെന്ന് തിരുത്തി. ഞാൻ മലയാളി അല്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടെന്നാണ് മാധ്യമങ്ങളിൽ വന്നത്.

ചില മലയാളികൾ ഇത് യാഥാർത്ഥ്യമാണെന്ന് കരുതി. അത് തന്നെ വിഷമിപ്പിച്ചെന്ന് സായ് പല്ലവി അന്ന് പറഞ്ഞു. മലർ എന്ന കഥാപാത്രമായാണ് മലയാളികൾ ഇന്നും തന്നെ കാണുന്നതെന്നും സായ് പല്ലവി പറഞ്ഞു. ഗാർഗിയാണ് അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സായ് പല്ലവിയുടെ സിനിമ.
ശ്യാം സിങ് റെഡ്ഡി, വിരാടപർവം എന്നീ സിനിമകളിലും സായ് പല്ലവി ഇതിനിടെ അഭിനയിച്ചു. എന്നാൽ ഈ രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ വിജയിച്ചില്ല. അതേസമയം നടിയുടെ പ്രകടനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കരിയറിനപ്പുറത്ത് ലൈം ലൈറ്റിലെ മറ്റ് കാര്യങ്ങളോടൊന്നും സായ് പല്ലവിക്ക് താൽപര്യമില്ല.
മുമ്പൊരിക്കൽ ഫെയർ നെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ സായ് പല്ലവി നിരസിച്ചത് വാർത്തയായിരുന്നു. കോടികളുടെ ഓഫറാണ് സായ് പല്ലവി നിരസിച്ചത്. നടിയുടെ തീരുമാനം അന്നേറെ പ്രശംസിക്കപ്പെട്ടു. മുഖത്തെ മുഖക്കുരുകൾ കാരണം ഏറെ വിഷമിച്ച നാളുകൾ തനിക്കും ഉണ്ടായിരുന്നെന്നും നടി ഇതിനിടെ തുറന്ന് പറഞ്ഞു.
അടുത്തിടെ സായ് പല്ലവിയെക്കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. വലിയ താരമാണെങ്കിലും അതിന്റെ ഭാവവും സായ് പല്ലവിക്ക് ഇല്ലെന്ന് നടി വ്യക്തമാക്കി. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന സിനിമയുടെ നിർമാണത്തിൽ ഐശ്വര്യയും പങ്കു ചേർന്നിരുന്നു. സിനിമയിൽ അതിഥി വേഷത്തിലും നടി അഭിനയിച്ചു. പണത്തിനോട് അമിതമായ ആഗ്രഹമില്ലാത്ത നടിയുമാണ് സായ് പല്ലവിയെന്ന് അന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications