മമ്മൂട്ടിക്ക് പടമില്ലാതായ സമയം, എനിക്കും ചായ താടാ എന്ന് സെറ്റിൽ പറയേണ്ടി വന്നു; നടനെക്കുറിച്ച് തിലകൻ പറഞ്ഞത്
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത അഭിനയ പ്രതിഭയാണ് തിലകൻ. അഭിനയം കൊണ്ട് പേരെടുത്തപ്പോഴും തിലകൻ കരിയറിൽ എപ്പോഴും വിവാദങ്ങളിലായായിരുന്നു. സിനിമാ സംഘടനകൾ തിലകനെ വിലക്കിയ സാഹചര്യം വരെയുണ്ടായിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരെക്കുറിച്ച് പരസ്യ പ്രസ്താവനകളും തിലകൻ നടത്തിയിരുന്നു.
സൂപ്പർ താര ചിത്രങ്ങളിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന് നടൻ പറഞ്ഞത് മോഹൻലാൽ, മമ്മൂട്ടി ഫാൻസിനെ ചൊടിപ്പിച്ചിരുന്നു. എന്നാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും പ്രശംസിച്ചും തിലകൻ സംസാരിച്ചിട്ടുണ്ട്. മുമ്പൊരിക്കൽ മനോരമ ചാനലിലെ നേരെ ചൊവ്വെ എന്ന പരിപാടിയിൽ സംസാരിക്കെവെയാണ് മമ്മൂട്ടിയെക്കുറിച്ച് തിലകൻ പരാമർശിച്ചത്.

'മോഹൻലാലിനെയും മമ്മൂട്ടിയെയും ചുറ്റിക്കറങ്ങുന്ന ചില ഉപഗ്രഹങ്ങൾ ഉണ്ട്. അവരുടെ നിലനിൽപ്പിന് വേണ്ടിയാണ് അത് ചെയ്യുന്നത്. ആ നിലനിൽപ്പ് ഇവരുടെ കൂടെ നിന്നെങ്കിൽ മാത്രമേ ഉണ്ടാവൂ എന്ന് തെറ്റിദ്ധരിക്കുന്നവരാണവർ. അവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്'
'സൂപ്പർ താരങ്ങളുടെ പടത്തിൽ അഭിനയിക്കാൻ താൽപര്യം ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. താൽപര്യം ഇല്ലെന്ന് പറഞ്ഞാൽ അഭിനയിക്കില്ല എന്ന് അർത്ഥമില്ല. വിളിച്ചാൽ പോവും പക്ഷെ ആത്മാർത്ഥയുണ്ടാവില്ല എന്നാണ് താൽപര്യമില്ല എന്നത് കൊണ്ട് ഉദ്ദേശിച്ചത്'

'എന്തുകാണ്ടെന്നാൽ സൂപ്പർ താരങ്ങൾ അവരെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള കെമിസ്ട്രി മമ്മൂട്ടിക്കൊപ്പം ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതെന്റെ സത്യമാണ്. ഇതെനിക്ക് ഭ്രാന്ത് ആയത് കൊണ്ടാണെന്ന് ആരെങ്കിലും പറയുന്നെങ്കിൽ അവർക്കാണ് ഭ്രാന്ത് എന്ന് ഞാൻ പറഞ്ഞാൽ മറ്റൊന്നും തോന്നരുത്'

'പത്ത് വർഷത്തേക്ക് മമ്മൂട്ടി ഫീൽഡ് വിട്ട് പോവില്ലെന്ന് പറഞ്ഞ സന്ദർഭം വേറെയാണ്. അത് മമ്മൂട്ടിക്ക് അറിയാം. മമ്മൂട്ടിക്ക് പടമില്ലാതിരുന്ന ഒരു കാലമുണ്ട്. തനിയാവർത്തനത്തിനും ന്യൂഡൽഹിക്കും തൊട്ടുമുമ്പ്'
'അന്ന് ഞങ്ങൾ രണ്ട് പേരും കൂടി ഒരു പടം ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് ഒരു പ്രൊഡക്ഷൻ ബോയ് എനിക്കൊരു ചായ കൊണ്ട് തന്നു. ഞാൻ ആ ചായ കുടിച്ച് കൊണ്ടിരിക്കെ മമ്മൂട്ടി പറയുന്നു ഞാനും ഇതിൽ പെട്ട ഒരു നടനാണ് എനിക്ക് കൂടെ ഒരു ചായ താടായെന്ന്. ഞാൻ മമ്മൂട്ടിയെ കുറ്റപ്പെടുത്തി'

'ശ്ശെ, എന്താണ് അയാളോട് അങ്ങനെയൊക്കെ പറയുന്നതെന്ന്. അല്ല ചേട്ടാ ഇവനൊന്നും നമ്മളെ മൈൻഡ് ചെയ്യില്ല കാരണം എനിക്ക് പടമില്ലെന്ന് മമ്മൂട്ടി. ഉടനെ അയാൾ പറഞ്ഞത് സാറാെന്നോട് പറഞ്ഞില്ല അത് കാെണ്ടാണെന്നാണ്. ചായ കൊണ്ടു കൊടുത്തു. പിന്നീട് ഞാൻ മമ്മൂട്ടിയോട് പറഞ്ഞു നിങ്ങളങ്ങനെ പറയുന്നത് ശരിയല്ല'
'നിങ്ങളില്ലാതെ പത്ത് വർഷമെങ്കിലും മലയാള സിനിമ മുന്നോട്ട് പോവില്ലെന്ന്. ആ പറഞ്ഞതിന്റെ അടുത്തയാഴ്ചയാണ് ഞാൻ ലോഹിതദാസിനെ സിനിമയിലേക്ക് ഇൻഡ്രഡ്യൂസ് ചെയ്യുന്നത്. സിബി മലയിലിന് വേണ്ടി. അദ്ദേഹത്തിന് തനിയാവർത്തനം എന്ന കഥയാണ് ഇഷ്ടപ്പെട്ടത്'

'ഇതിലെ അധ്യാപകന്റെ വേഷം ചെയ്യാൻ പറ്റിയ നടനെ പറയാമോ എന്ന് സിബി മലയിൽ എന്നെ വിളിച്ച് ചോദിച്ചു. ഞാൻ ഒരു സംശയവമില്ലാതെ പറഞ്ഞു മമ്മൂട്ടിയെന്ന്. അവർ എന്നെ അങ്ങോട്ടേക്ക് വിളിച്ചു. ചെന്നപ്പോൾ ചിരിച്ച് കൊണ്ട് പറഞ്ഞു ഞങ്ങളുടെ മനസ്സിലും മമ്മൂട്ടിയായിരുന്നെന്ന്'
'മോഹൻലാലാണെങ്കിലോ എന്ന് വെറുതെ ചോദിച്ചു. ഞാൻ പറഞ്ഞു സ്റ്റുഡന്റ് ആയിരിക്കും എന്ന്. കാരണം മോഹൻലാലിന്റെ അന്നത്തെ രൂപം അങ്ങനെയാണ്,' തിലകൻ പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications