കാഞ്ചന ചെയ്യേണ്ടായിരുന്നു എന്ന് തോന്നി; ആ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം; ട്രാൻസ്ജെൻഡർ പ്രിയ
കണ്ട് പരിചിതമായ ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്തമായിരുന്നു 2011 ൽ പുറത്തിറങ്ങിയ കാഞ്ചന എന്ന തമിഴ് സിനിമയുടെ പ്രമേയം. ശരത്കുമാർ, ലോറൻസ് രാഘവൻ, ലക്ഷ്മി റായ് തുടങ്ങിയവർ അഭിനയിച്ച കാഞ്ചന അന്ന് വൻ ഹിറ്റായി. ട്രാൻസ്ജെൻഡർ വിഭാഗം അനുഭവിക്കുന്ന പ്രശ്നവും സിനിമയിൽ കാണിച്ചിരുന്നു. ട്രാൻസ് യുവതിയുടെ വേഷത്തിലാണ് ശരത്കുമാർ സിനിമയിൽ അഭിനയിച്ചത്. ശരത്കുമാറിന്റെ പ്രകടനം ഏറെ പ്രേക്ഷകപ്രശംസ നേടി. പ്രിയ എന്ന ട്രാൻസ്ജെൻഡറും സിനിമയിൽ അഭിനയിച്ചിരുന്നു. സുപ്രധാന വേഷമാണ് പ്രിയക്ക് കാഞ്ചനയിൽ ലഭിച്ചത്.
എന്നാൽ പിന്നീട് പ്രിയയെ അധികം സിനിമകളിൽ പ്രിയയെ കണ്ടിട്ടില്ല. കാഞ്ചനയ്ക്ക് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ പ്രിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് ശേഷം പ്രതീക്ഷിച്ചത് പോലെയല്ല തന്റെ ജീവിതം മുന്നോട്ട് പോയതെന്ന് പ്രിയ വ്യക്തമാക്കി.

കാഞ്ചന എന്ന സിനിമയ്ക്ക് മുമ്പ് വെറും പ്രിയ മാത്രമായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ കാഞ്ചനയിലെ ഗീതയായാണ് എല്ലാവരും പറയുന്നത്. പലരും കരുതുന്നത് ആ സിനിമയിലൂടെ എനിക്ക് ലക്ഷങ്ങൾ ലഭിച്ചെന്നും നല്ല രീതിയിൽ ജീവിക്കുന്നെന്നുമാണ്. പക്ഷെ അങ്ങനെയല്ല. കാഞ്ചനയ്ക്ക് മുമ്പ് ഒരു സാധാരണ ട്രാൻസ്ജെൻഡറുടെ ജീവിതമായിരുന്നു. സാമ്പത്തിക നിലയും മോശമല്ലായിരുന്നു. പക്ഷെ കാഞ്ചനയ്ക്ക് ശേഷം അവസരങ്ങൾ ലഭിച്ചില്ല.
കാഞ്ചനയിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ പഴയത് പോലെ ജീവിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതേസമയം സിനിമ ഒരുപാട് ട്രാൻസ് വ്യക്തികൾക്ക് ഗുണം ചെയ്തെന്നും പ്രിയ പറയുന്നു. ട്രാൻസ് വ്യക്തികളുമായുള്ള പ്രണയത്തിൽ പലരും സെക്സിനാണ് പ്രാധാന്യം നൽകുന്നത്. എനിക്ക് വൈകാരികമായ അടുപ്പം വേണം. പരസ്പരം ജീവിതത്തിൽ വഴികാട്ടിയാവാൻ കഴിയണമെന്നും പ്രിയ വ്യക്തമാക്കി
ട്രാൻസ്ജെൻഡർക്ക് വിദ്യാഭ്യാസവും ജോലിയും ആവശ്യമാണ്. പുതിയ തലമുറയിലെ ട്രാൻസ്ജെൻഡറുകൾ ജോലി ചെയ്യുന്നുണ്ട്. പക്ഷെ അവർ മുൻ തലമുറയിലെ ട്രാൻസ് വ്യക്തികളെ സംരക്ഷിക്കില്ല. കാരണം അവരെ കുടുംബം അംഗീകരിച്ചു. അവർ കുടുംബത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. അപ്പോൾ പഴയ തലമുറയിലെ ആളുകൾക്ക് ലൈംഗികത്തൊഴിലും ഭിക്ഷാടനവും ചെയ്യേണ്ടി വരുന്നെന്നും പ്രിയ അഭിപ്രായപ്പെട്ടു.

ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ജനിക്കുമായിരുന്നെങ്കിൽ സ്ത്രീകൾക്ക് സമാനമായ ജീവിതം നയിക്കാൻ കഴിഞ്ഞേനെ. ആ ഒറ്റക്കാര്യം കൊണ്ട് മാത്രമാണ് ഇത്രമാത്രം ഞങ്ങളെ ഒതുക്കുന്നത്. എനിക്ക് ചേട്ടന്റെയും ചേച്ചിയുടെയും കുട്ടികളുണ്ട്. അവരെ എന്റെ കുട്ടികളെ പോലെയാണ് കാണുന്നതെന്നും പ്രിയ പറഞ്ഞു.
ട്രാൻസ്ജെൻഡറുകൾ അനുഗ്രഹിച്ചാലും ശപിച്ചാലും ഫലിക്കുമെന്ന തമിഴ്നാട്ടിലെ പൊതുധാരണയെക്കുറിച്ചും പ്രിയ സംസാരിച്ചു. ഞങ്ങൾ ദൈവമല്ല. സാധാരണ മനുഷ്യരായി കണ്ടാൽ മതി. ഞാൻ എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ദൈവത്തോട് ആ പ്രാർത്ഥിക്കുകയാണ്. അതേ ഞാൻ മറ്റൊരാളെ അനുഗ്രഹിച്ചാൽ അവരുടെ പ്രശ്നം എങ്ങനെ മാറാനാണെന്നും പ്രിയ ചോദിക്കുന്നു. സമൂഹത്തിൽ 80 ശതമാനത്തോളം പേർ തങ്ങളുടെ ചിന്താഗതികൾ മാറ്റിയിട്ടുണ്ട്. 20 ശതമാനം പേരാണ് ഞങ്ങളെ അധിക്ഷേപിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.
സിനിമാ രംഗത്ത് മേക്കപ്പ് മേഖലയിൽ ട്രാൻസ് ജെൻഡറുകളുടെ സാന്നിധ്യം ഉണ്ടെങ്കിലും അഭിനയ രംഗത്ത് കുറവാണ്. മലയാളത്തിൽ അഞ്ജലി അമീറിന് ഒരുപിടി സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. സിനിമകളിൽ ട്രാൻസ് വ്യക്തികളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പലപ്പോഴും ഈ വിഭാഗത്തിൽ നിന്നുള്ളവർ അല്ല. ഇക്കാര്യം ട്രാൻസ് സമൂഹം ചൂണ്ടിക്കാട്ടാറുണ്ട്.


Click it and Unblock the Notifications











