ഉര്‍വശിയെ വേണ്ടെന്ന് ഒക്കെ ഗോസിപ്പ് വന്നിട്ടുണ്ട്; ആരുടെയും നിഴലില്‍ അല്ലാത്തത് കൊണ്ട് പ്രശ്‌നമില്ലെന്ന് നടി
ഏറ്റവും മികച്ച നടിയെന്ന് വിശേഷിപ്പിക്കാവുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ഉര്‍വശി. മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ നടി ചെയ്ത് വെച്ചിരിക്കുന്ന ഓരോ കഥാപാത്രങ്ങളും വേറെ ഏതേലും നടിമാര്‍ക്ക് ചെയ്യാന്‍ സാധിക്കുമോ എന്നതും സംശയമാണ്. സിനിമയില്‍ അഭിനയിക്കാന്‍ കടുംപിടുത്തമൊന്നും തനിക്കില്ലെന്ന് പറയുന്ന ഉര്‍വശിയുടെ വാക്കുകള്‍ വൈറലാവുകയാണിപ്പോള്‍.
സൂപ്പര്‍ താരങ്ങളുടെ നായികയാണെന്ന് പറഞ്ഞ് പലരും പൊങ്ങച്ചം പറയാറുണ്ട്. എന്നാല്‍ താനൊരിക്കലും ഒരു നടന്റെ നായിക ആയിരുന്നില്ലെന്നാണ് ഒരു അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞത്. സംവിധായകന്റെ മാത്രം നായികയായിട്ടാണ് താന്‍ അഭിനയിച്ചതെന്ന് പറഞ്ഞ ഉര്‍വശി തന്റെ പേരിലുണ്ടായ ഗോസിപ്പുകളെ കുറിച്ചും അഭിപ്രായപ്പെട്ടിരുന്നു.

'എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു നടന്റെയും നായികയായിരുന്നില്ല. ഞാന്‍ സംവിധായകരുടെ ഹീറോയിന്‍ ആയിരുന്നു. എനിക്ക് എന്നെ മാത്രം നോക്കിയാല്‍ മതി. ഏതെങ്കിലും വ്യക്തി പിന്നില്‍ നിന്നും വേണ്ടെന്ന് പറഞ്ഞാല്‍ അത് ഞാന്‍ ശ്രദ്ധിക്കുകയേ ചെയ്യാറില്ല.
എന്റെ സഹകരണം കൊണ്ട് ആ സിനിമ വിജയിക്കണമെന്നേ ഞാന്‍ ചിന്തിച്ചിട്ടുള്ളു. അതല്ലാതെ ആ പടം കൊണ്ട് എനിക്ക് മാത്രം ഗുണം ഉണ്ടാവണമെന്ന് ചിന്തിച്ച് ഞാനൊരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല', ഉര്‍വശി പറയുന്നു.

'അങ്ങനെയുള്ള ഒരു നടിയെ ആയിരുന്നില്ല ഞാന്‍. ആ സിനിമയില്‍ എന്റെ ഹീറോ ആരാണെന്ന് ഞാന്‍ ചോദിക്കാറേയില്ല. എന്നെക്കാളും നല്ല റോള്‍ ഈ സിനിമയില്‍ വേറെ ആരെങ്കിലും ചെയ്യുന്നുണ്ടോന്ന് ചോദിക്കാറില്ല. ഡ്യൂയറ്റ് ഉണ്ടോന്നും ചോദിച്ചിട്ടില്ല. അങ്ങനെയുള്ള ഒന്നിനെ കുറിച്ചും ഞാന്‍ ചോദിക്കാറില്ല. എങ്കിലും അറിയാതെ കിട്ടിയിട്ടുള്ള റോളുകളൊക്കെ നല്ലതായിരുന്നു. പിന്നെ എന്റെ പേരില്‍ ചില ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്.

ഉര്‍വശിയെ വേണ്ടെന്നും ഉര്‍വശി അഭിനയിക്കേണ്ട, എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം അവരുടെ ആരുടെയും നിഴലില്‍ അല്ല ഞാന്‍ വന്നിട്ടുള്ളതെന്നുമാണ്', ഉര്‍വശി പറഞ്ഞത്.

അതേ സമയം നടിയുടെ വാക്കുകള്‍ വളരെ വേഗത്തിലാണ് വൈറലായി മാറിയത്. ഉര്‍വശിയെ പോലൊരു നടി മലയാള സിനിമയ്ക്ക് എന്നും അനുഗ്രഹമാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ലേശം കുശുമ്പും കുന്നായ്മയും അസൂയയുമൊക്കെ ഇത്രയും മനോഹരമായി സ്‌ക്രീനില്‍ അവതരിപ്പിച്ചൊരു നടിയുണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്നേ പറയാന്‍ സാധിക്കൂ. അത്രയും ഗംഭീര അഭിനയമായിരുന്നില്ലേ, ഇപ്പോഴും അത് തുടരുന്ന ഉര്‍വശിയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.

ഇടയ്ക്ക് ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളായിരുന്നു ഉര്‍വശിയുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചത്. നടന്‍ മനോജ് കെ ജയനുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതും ആ സമയത്ത് നടി മദ്യപിച്ച് കോടതിയിലെത്തി എന്നുമൊക്കെയുള്ള ആരോപണങ്ങള്‍ വന്നിരുന്നു. ആ ബന്ധത്തിലുള്ള പല പ്രശ്‌നങ്ങള്‍ക്കും താന്‍ കൂടി കാരണമായിരുന്നെന്നാണ് നടി പറഞ്ഞത്.
എന്നാല്‍ വീണ്ടും വിവാഹം കഴിച്ച് അതിലൊരു മകന് ജന്മം കൊടുത്ത് സന്തുഷ്ടയായി കഴിയുകയാണ് ഉര്‍വശിയിപ്പോള്‍. ഒപ്പം സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ പറ്റിയും നല്ല ധാരണയും വ്യക്തമായ നിലപാടുകളുമൊക്കെ നടി മുന്നോട്ട് വെക്കാറുമുണ്ട്.


Click it and Unblock the Notifications











