ജയറാമിനും പാർവ്വതിയ്ക്കും ഇടയിലെ ഹംസമായിരുന്നു, ചീത്ത ഒരുപാട് കേട്ടു: ഉർവ്വശി പറയുന്നു
മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളായ ജയറാമും പാർവ്വതിയും, ജീവിതത്തിൽ ഒന്നിച്ചിട്ട് മുപ്പത്തിമൂന്ന് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ ഇന്നും, ഇരുവരുടെയും സുഹൃത്തുക്കൾക്കും ആരാധകർക്കും ആ പ്രണയകഥ ചർച്ച ചെയ്യാൻ ഏറെ ഇഷ്ട്ടമാണ്. കാരണം, ഒരു സിനിമ സ്റ്റൈലിലാണ് ജയറാമും പാർവ്വതിയും വിവാഹത്തിന് മുൻപ് സെറ്റുകളിൽ വച്ച് പ്രണയിച്ചത്. മോഹൻലാലും ഉർവ്വശിയും ഉൾപ്പെടെ, ഇരുവരുടെയും ഒപ്പം അഭിനയിച്ചിരുന്ന സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും എല്ലാം അറിയാമായിരുന്ന, ഒരു പരസ്യമായ രഹസ്യമായിരുന്നു അത്.
വർഷങ്ങൾക്ക് മുൻപ്, കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജെ.ബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ, ജയറാമും പാർവ്വതിയുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് ഉർവ്വശി മനസ്സ് തുറന്നിരുന്നു. അവതാരകനും, ഇപ്പോഴത്തെ എംപിയുമായ ജോൺ ബ്രിട്ടാസിനോട് സംസാരിക്കവെ, പ്രശസ്ത താരങ്ങളുടെ പ്രണയത്തിന് പലപ്പോഴും താൻ ഒരു ഹംസമായിട്ടുണ്ടെന്നും ദേശീയ അവാർഡ് ജേതാവായ താരം വെളിപ്പെടുത്തി. അന്നൊക്കെ, പാർവ്വതിയുടെ അമ്മ തന്നെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ടെന്നും ഉർവ്വശി പറയുന്നു.

"പാർവ്വതിയും, ജയറാമും, ഞാനും ഒക്കെ ചേർന്ന് ഒരു സിനിമ ചെയ്തിരുന്നു - സ്വാഗതം. അപ്പോൾ അതിന്റെ സെറ്റിൽ ഉള്ളപ്പോൾ, പാർവ്വതിയ്ക്ക് ജയറാമിനോട് പ്രണയം തുടങ്ങി വരികയാണ്. അപ്പോൾ ഞാൻ ഇതിന് കുറെ സപ്പോർട്ട് ചെയ്തു, അങ്ങനെ അവളുടെ അമ്മ എന്നെ കുറെ ചീത്ത വിളിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. അവരെ ഞാൻ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയല്ലേ," പ്രശസ്ത നടി ഓർത്തെടുത്തു. എങ്കിലും സപ്പോർട്ട് ചെയ്യാൻ മാത്രമേ തനിക്ക് അന്ന് കഴിഞ്ഞിരുന്നുള്ളുവെന്നും, അന്ന് പ്രണയത്തെ കുറിച്ച് വലിയ ധാരണയുള്ള ഒരാളായിരുന്നില്ല താനെന്നും ഉർവ്വശി വെളിപ്പെടുത്തി.

"എനിക്ക് പിന്നെ അന്ന് പ്രണയം എന്ന സംഗതിയെ കുറിച്ചൊന്നും അറിയാമായിരുന്നില്ല. എല്ലാവരുമായും സൗഹൃദങ്ങൾ മാത്രമേയുള്ളു. എന്റെ പ്രണയജീവിതം അന്നൊരു പരാജയമായിരുന്നു. കാരണം എന്താണെന്ന് അറിയാമോ? എനിക്ക് അങ്ങനെ നാണിച്ച് കുറെ നേരം മിണ്ടാതെ ഇരിക്കാനൊന്നും പറ്റില്ല. ഒരാൾ എന്നെ കുറെ നേരം സൂക്ഷിച്ച് നോക്കിയാൽ എനിക്ക് വല്ലാതെ ചിരി വരും. "ഇയാൾ എന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്?" എന്നാണ് ഞാൻ ചിന്തിക്കുക. പക്ഷെ ഇവരുടെ പ്രണയം ഞാൻ ഒരുപാട് പ്രോത്സാഹിപ്പിച്ചു," താരം വെളിപ്പെടുത്തി.
"ജയറാം എന്റെ അടുത്ത് വന്നിരിക്കും. എന്നിട്ട് ഞാൻ പാർവ്വതിയെ ഫോണിൽ വിളിച്ച് കൊടുക്കും. അവരുടെ അമ്മയ്ക്ക് ഇത് അറിയില്ല. "അമ്മ... ഞാൻ പൊടിയാണ് (ഉർവശിയുടെ ഓമനപ്പേര്), ഒന്ന് അശ്വതിയ്ക്ക് (പാർവ്വതിയുടെ യഥാർത്ഥ പേര്) കൊടുക്കാമോ," എന്ന് ചോദിക്കുമ്പോൾ അമ്മ ഫോൺ കൊടുക്കും. എന്നിട്ട് ഞാൻ ജയറാമിന്റെ കൈയിൽ കൊടുക്കും, അവർ സംസാരിക്കും. പക്ഷെ പിന്നീട് ഒരിക്കൽ, "മേലിൽ ഇങ്ങോട്ട് വിളിച്ചു പോവരുത്, പൊടിയാണ് ഇത് മൊത്തം ചെയ്യുന്നത്," എന്ന് പറഞ്ഞു അവരുടെ അമ്മ," ഉർവ്വശി ഓർത്തെടുത്തു.
എന്തായാലും, അധികം വൈകാതെ പാർവ്വതിയുടെ വീട്ടുകാരുടെ എതിർപ്പ് മാറി. അങ്ങനെ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ജയറാം തന്റെ പ്രണയിനിയെ സ്വന്തമാക്കുകയും ചെയ്തു. ഇന്നും താര ദമ്പതികളുമായ വളരെ അടുത്ത സൗഹൃദമാണ് ഉർവശിക്കുള്ളത്. ജയറാമിനൊപ്പം ഇരുപതിലേറെ സിനിമകളിൽ അഭിനയിച്ച നടി, അദ്ധേഹത്തിന്റെ ഏറ്റവും നല്ല നായികയെന്നാണ് അറിയപ്പെടുന്നത്.


Click it and Unblock the Notifications











