അന്ന് മനസിൽ നിന്ന് എടുത്ത് കളഞ്ഞതാണ്; അവന്റെ ഭാഗത്താണ് തെറ്റ്; മകനെക്കുറിച്ച് വനിത
തമിഴകത്തെ വിവാദ താരമാണ് വനിത വിജയകുമാർ. പ്രശ്നങ്ങളും വഴക്കുകളുമെല്ലാം വനിതയെ സംബന്ധിച്ച് പുതിയ കാര്യമല്ല. കുടുംബത്തിൽ നിന്നും വർഷങ്ങളായി അകന്ന് നിൽക്കുകയാണ് വനിത. പ്രമുഖ നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയ കുമാറിന്റെയും മൂത്ത മകളാണ് വനിത. എന്നാൽ വനിതയ്ക്കെതിരെ മുമ്പൊരിക്കൽ പത്രസമ്മേളനം വരെ മാതാപിതാക്കൾ വിളിച്ച് ചേർത്തു. വനിതയുമായി അകൽച്ചയിലാണെന്ന് ഇവർ തുറന്ന് പറയുകയും ചെയ്തു. സഹോദരങ്ങളും വനിതയ്ക്കെതിരാണ്.
വിവാഹമോചനങ്ങളും വനിതയുടെ ജീവിതത്തെ പ്രശ്ന കലുഷിതമാക്കി. മൂന്ന് വിവാഹങ്ങളാണ് നടിയുടെ ജീവിതത്തിലുണ്ടായത്. നടൻ ആകാശിനെയാണ് വനിത ആദ്യം വിവാഹം ചെയ്തത്. 2000 ത്തിലായിരുന്നു ഈ വിവാഹം. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. 2007 ൽ അനന്ദ് രാജ് എന്ന ബിസിനസുകാരനെ വിവാഹം ചെയ്തെങ്കിലും ഇതും മുന്നോട്ട് പോയില്ല. വനിതയുടെ മൂന്നാമത്തെ ഭർത്താവായിരുന്നു പീറ്റർ പോൾ. എന്നാൽ നാല് മാസം മാത്രമേ ഈ ബന്ധം നീണ്ട് നിന്നുള്ളൂ. അടുത്തിടെ പീറ്റർ പോൾ അന്തരിച്ചു.

വനിതയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് ജോവികയും വിജയ് ശ്രീ ഹരിയും. മകൾ വനിതയ്ക്കൊപ്പമാണ്. എന്നാൽ മകൻ വർഷങ്ങളായി അമ്മയിൽ നിന്ന് അകന്ന് കഴിയുകയാണ്. അച്ഛനൊപ്പമാണ് വിജയ് ശ്രീ ഹരിയുള്ളത്.
മകനെക്കുറിച്ച് മുമ്പൊരിക്കൽ വനിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കോടതിയിൽ കേസ് നടക്കുമ്പോൾ അവൻ എന്റെയടുത്ത് വരികയും തിരിച്ച് പോകുകയുമൊക്കെ ചെയ്തു. ഒരുപാട് നാൾ അവനെ മിസ് ചെയ്തു. അവനെ പറഞ്ഞ് മനസിലാക്കാൻ സാധിച്ചില്ല. ഇപ്പോൾ നോക്കുമ്പോൾ അവന്റെ ഭാഗത്താണ് തെറ്റ്. കുട്ടികൾ തെറ്റ് ചെയ്താലും മാതാപിതാക്കൾ പൊറുക്കും. വളർന്നിട്ടും മകനിൽ മാറ്റം വന്നിട്ടില്ല. എന്നെത് വളരെ വേദനിപ്പിച്ചു.

എത്ര ദിവസം ഇങ്ങനെ കരഞ്ഞിരിക്കും, ഇല്ലാത്ത ഒരാളെ പറ്റി ആലോചിക്കാതെ ഒപ്പമുള്ള ഞങ്ങളെക്കുറിച്ച് ചിന്തിക്കെന്ന് ഒരു ദിവസം ജോവിക എന്നോട് പറഞ്ഞു. അന്ന് മനസിൽ നിന്നും എടുത്ത് കളഞ്ഞതാണെന്ന് വനിത വിജയകുമാർ തുറന്ന് പറഞ്ഞു. വനിത അമ്മയാണെന്ന് പോലും അംഗീകരിക്കാൻ വിജയ് ശ്രീ ഹരി തയ്യാറല്ല. വനിതയുടെ മകനാണോ നിങ്ങൾ എന്ന് ഒരിക്കൽ സോഷ്യൽ മീഡിയയിൽ ചോദ്യം വന്നപ്പോൾ ആകാശിന്റെ മകനാണ് ഞാനെന്നാണ് വിജയ് ശ്രീ ഹരി മറുപടി നൽകിയത്.
വനിതയുടെ മകൾ ജോവിക ബിഗ് ബോസ് തമിഴിന്റെ പുതിയ സീസണിൽ മത്സരാർത്ഥിയായി എത്തിയിട്ടുണ്ട്. ഇതിനകം ഷോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥിയായി ജോവിക മാറി. ജോവികയുടെ വിദ്യാഭ്യാസം സംബന്ധിച്ച് ഷോയിൽ വാക്കേറ്റവും ഉണ്ടായി. 9ാം ക്ലാസിൽ പഠനം നിർത്തി ആക്ടിംഗ് കോഴ്സ് ചെയ്തതാണ് ജോവിക. പഠനം നിർത്തിയത് ശരിയായില്ലെന്ന് മറ്റൊരു മത്സരാർത്ഥിയായ വിചിത്ര അഭിപ്രായപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
മകൾക്ക് പിന്തുണയുമായി വനിത സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. 18 വയസ് മുതൽ ജോവിക ജോലി ചെയ്യുന്നു. രണ്ട് സിനിമകളിൽ ഒപ്പു വെച്ചു. ഉത്തരവാദിത്വങ്ങൾ മനസിലാക്കിയ മകളാണ് ജോവികയെന്നും വനിത വ്യക്തമാക്കി. ബിഗ് ബോസിന്റെ മൂന്നാം സീസണിൽ വനിതയും മത്സരാർത്ഥിയായി എത്തിയിരുന്നു.


Click it and Unblock the Notifications