ഓട്ടോയിൽ പോയി നയൻതാരയെ കണ്ടു; ആദ്യ കൂടിക്കാഴ്ചയിൽ നടി ചെയ്തത് ഇന്നും ഓർക്കുന്നു; വിഘ്നേശ്
തെന്നിന്ത്യയും കടന്ന് ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. ആദ്യ ബോളിവുഡ് ചിത്രം ജവാൻ ബോക്സ് ഓഫീസ് റെക്കോഡ് സൃഷ്ടിച്ച് മുന്നേറുകയാണ്. ഷാരൂഖ് ഖാനൊപ്പമാണ് ഹിന്ദി സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റമെന്നതും എടുത്ത് പറയേണ്ടതാണ്. നയൻതാരയുടെ കരിയറിലെ വീഴ്ചയും പിന്നീടുണ്ടായ ഉയർച്ചയുമെല്ലാം സിനിമാ ലോകത്ത് ഏവർക്കും അറിയാവുന്നതാണ്. പ്രതിസന്ധി ഘട്ടങ്ങളെ ഒറ്റയ്ക്കാണ് നടി തരണം ചെയ്തത്. എന്നാൽ ഇന്ന് താരത്തിനൊപ്പം നിൽക്കാൻ ഭർത്താവ് വിഘ്നേശ് ശിവനുണ്ട്.
നയൻതാരയുടെ കരിയറിന് ഏറ്റവും വലിയ പിന്തുണ നൽകുന്ന വ്യക്തി വിഘ്നേശ് ശിവനാണ്. നടിയുടെ ഇന്നത്തെ ഉയർച്ചയിൽ ഇദ്ദേഹം അഭിമാനിക്കുന്നു. ഭർത്താവ് തനിക്ക് തരുന്ന പിന്തുണയെക്കുറിച്ച് നയൻതാര തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് കരിയറിനെ കുറേക്കൂടി ഗൗരവമായി കണ്ടതെന്ന് ഒരിക്കൽ നടി തുറന്ന് പറഞ്ഞു. താരമൂല്യത്തിലും സീനിയോരിറ്റിയിലും വിഘ്നേശിനേക്കാൾ ബഹുദൂരം മുന്നിലാണ് നയൻതാര.

2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയാണ് വിഘ്നേശിന് സംവിധായകനെന്ന നിലയിൽ കരിയറിൽ വഴിത്തിരിവാകുന്നത്. ചിത്രത്തിൽ നായികയായത് നയൻതാരയാണ്. അന്ന് നയൻതാര കോളിവുഡിലെ തിരക്കേറിയ താരമാണ്. തുടക്കക്കാരനായ വിഘ്നേശിന്റെ സിനിമയിൽ അഭിനയിക്കവെ ഇദ്ദേഹവുമായി നടി അടുത്തു. കുറച്ച് നാളുകൾക്കുള്ളിൽ പ്രണയം വാർത്തയാകുകയും ചെയ്തു.
നയൻതാരയെ ആദ്യമായി നേരിൽ കണ്ടതിനെക്കുറിച്ച് മുമ്പൊരിക്കൽ വിഘ്നേശ് ശിവൻ സംസാരിച്ചിട്ടുണ്ട്. നാനും റൗഡി താൻ സിനിമയുടെ കഥ പറയാനാണ് ആദ്യമായി കാണാൻ ചെല്ലുന്നത്. നായികയായില്ലെങ്കിലും നടിയെ നേരിൽ കാണാമെന്ന് കരുതി. ഓട്ടോയിലാണ് കാണാൻ പോയത്. എനിക്ക് ഗ്രീൻ ടീ തന്നു. ഞാൻ നിരവധി പേരോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ അവർ കഥ കേൾക്കുമ്പോൾ ഫോൺ ഓഫ് ചെയ്യില്ല.

പക്ഷെ നയൻതാര കഥ പറയാൻ റെഡിയാണോ, എത്ര സമയം എടുക്കുമെന്ന് ചോദിച്ചു. ഒന്നര മണിക്കൂർ എന്ന് പറഞ്ഞപ്പോൾ ഫോൺ ഓഫ് ചെയ്തു വെച്ചു. പ്രൊഫഷണലായി അങ്ങനെ ചെയ്തപ്പോൾ എനിക്ക് ആത്മവിശ്വാസം വന്നു. കഥ പറഞ്ഞപ്പോൾ നയൻതാര ആസ്വദിച്ചു. സിനിമ ചെയ്യാമെന്ന് ഉടനെ പറഞ്ഞെന്നും വിഘ്നേശ് ശിവൻ ഓർത്തു.
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി സെക്കന്റ് ഷെഡ്യൂളിലേക്ക് കടക്കുമ്പോഴേക്കും വിഘ്നേശും നയൻസും പ്രണയത്തിലായിട്ടുണ്ട്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങൾ വിവാഹ ജീവിതത്തിലേക്ക് കടന്നത്. മഹാബലിപുരത്ത് വെച്ച് നടന്ന വിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൽ, നടൻ ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ഉയിർ, ഉലകം എന്നീ ഇരട്ടക്കുഞ്ഞുങ്ങളും ദമ്പതികൾക്ക് പിറന്നു.
അടുത്തിടെയാണ് സോഷ്യൽ മീഡിയയിലേക്ക് നയൻതാര കടന്ന് വന്നത്. ആദ്യ പോസ്റ്റിലൂടെ മക്കളുടെ മുഖം ആരാധകരെ കാണിക്കുകയും ചെയ്തു. ജവാന്റെ വിജയത്തിന് ശേഷം നടിക്ക് ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ വരുന്നുണ്ടെന്നാണ് വിവരം. എന്നാൽ നടിയുടെ പുതിയ ബോളിവുഡ് ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
തമിഴ് ചിത്രം ഇരൈവനാണ് റിലീസിനൊരുങ്ങുന്ന സിനിമ. ജയം രവിയാണ് ഇരൈവനിലെ നായകൻ. സിനിമയ്ക്ക് പുറമെ ബിസിനസ് രംഗത്തും നയൻതാര ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് '9 സ്കിൻ' എന്ന സ്കിൻ കെയർ ബ്രാൻഡിന് നടി തുടക്കം കുറിച്ചത്.


Click it and Unblock the Notifications