കേരളത്തിൽ വന്ന വിജയ് ഞെട്ടി; ശല്യം സഹിക്കാനാവാതെ തമിഴ്നാട്ടിലേക്ക് തിരിച്ചു; പ്രൊഡക്ഷൻ കൺട്രോളർ
വിജയുടെ കാതലുക്ക് മര്യാദെ ഉൾപ്പെടെയുള്ള സിനിമകളിൽ എ കബീർ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്.
തമിഴകത്തെ സൂപ്പർ സ്റ്റാറാണ് വിജയ്. ഇളയ ദളപതി എന്ന പേരിൽ ആരാധകർ ആഘോഷിക്കുന്നു വിജയ്ക്ക് കേരളത്തിലും ആരാധകരേറെയാണ്. വിജയുടെ സിനിമകളിൽ കേരളത്തിൽ മലയാള സൂപ്പർ സ്റ്റാറുകളുടെ സിനിമയെ പിന്നിലാക്കി തിയറ്ററിൽ ഓടി ഒരു കാലഘട്ടം ഉണ്ടായിരുന്നു.
2000 ത്തിന്റെ പകുതിയോടെയാണ് വിജയോടുള്ള കേരളത്തിലെ ആരാധന കടുത്തത്. നിരവധി ഹിറ്റ് സിനിമകൾ അക്കാലത്ത് പിറന്നു. എന്നാൽ അന്നുണ്ടായിരുന്ന ആരാധന ഇന്ന് വിജയ്നോട് കേരളത്തിലെ പ്രേക്ഷകർക്കുണ്ടോയെന്ന് സംശയമാണ്.
നടന്റെ സിനിമകളുടെ ക്ലീഷേ കഥാഗതി പ്രേക്ഷകരെ മടുപ്പിച്ചിട്ടുണ്ട്. മിക്ക സിനിമകളിലും രക്ഷകനായെത്തുന്ന വിജയുടെ കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യത ഇന്ന് കേരളത്തിലില്ല. അതേസമയം തമിഴകത്ത് നടനോടുള്ള ആരാധനയ്ക്ക് കുറവില്ല. ഒടുവിൽ പുറത്തിറങ്ങിയ വാരിസ് തമിഴകത്ത് ഹിറ്റായി.
സൂപ്പർ സ്റ്റാറായി ആഘോഷിക്കപ്പെടുന്നതിന് മുമ്പുള്ള കാലഘട്ടമായിരുന്നു വിജയുടെ കരിയറിലെ ഏറ്റവും മികച്ച സമയമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. കാതലുക്ക് മര്യാദെ, തുള്ളാത മനുവും തുള്ളും തുടങ്ങിയ സിനിമകളെല്ലാം പിറക്കുന്നത് ഈ കാലഘട്ടത്തിലാണ്.

ഇപ്പോഴിതാ വിജയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച എ കബീർ. സംവിധായകൻ ഫാസിലിന്റെ മിക്ക സിനിമകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കാതലുക്ക് മര്യാദ കഴിഞ്ഞ് വിജയ് കണ്ണുക്കുൾ നിലവ് എന്ന ഫാസിൽ സാറിന്റെ തന്റെ സിനിമ ചെയ്തു. അതിനകത്തും ശാലിനി തന്നെയായിരുന്നു ഹീറോയിൻ. അത് കഴിഞ്ഞ് സുറ എന്ന പടത്തിന് കേരളത്തിൽ വന്നു. ഭയങ്കര ജനം വന്നു. മമ്മൂട്ടിയെയും മോഹൻലാലിനെയും കാണാൻ വേണ്ടി പോലും ഇത്രയും ജനത്തെ കണ്ടില്ല'

'ഷൂട്ടിംഗ് നടക്കുന്ന ആലപ്പുഴയിലേക്ക് പാലക്കാട് നിന്നും തിരുവനന്തപുരത്തും നിന്നുമൊക്കെ ആളുകൾ വന്നു. മൂന്നോ നാലോ പൊലീസുകാരെ വിട്ടിട്ടൊന്നും അവർക്ക് അടുക്കുന്നില്ല'
'ശല്യം സഹിക്കാതെ വന്നപ്പോൾ തമിഴ്നാട്ടിലെ ബീച്ചിലോട്ട് മാറ്റി. അത്രയും തിരക്കായിരുന്നു. വിജയ് പോലും ഞെട്ടി. അമ്പലപ്പുഴ ടൗൺ ഹാളാണ് കോടതിയായി ചിത്രീകരിച്ചത്. ഷൂട്ട് ചെയ്ത ഒരു വീടിന്റെ മണ്ടയ്ക്കകത്ത് വരെ ആളുകളായിരുന്നു. ഇത്രയും ആരാധകരുള്ള നടനെ കണ്ട് ഞാൻ ഞെട്ടി'
'അദ്ദേഹത്തിന്റെ കൂടെ മൂന്ന് നാല് ജോലിക്കാരുണ്ട്. ഡ്രെെവറെപ്പോഴും കൂടെത്തന്നെ കാണും. വിജയ്ക്ക് ദിവസവും പപ്പായ കഴിക്കണം. അന്ന് അധികം പപ്പായ വിൽക്കുന്ന കടകളില്ല. അന്ന് ട്രെയ്നിൽ ഈ സാധനം കൊടുത്തു വിടും. സെറ്റിലിരുന്ന് കടല കഴിക്കുന്നത് പോലെ പപ്പായയാണ് കഴിക്കുന്നത്. ഭക്ഷണം അൽപ്പമേ കഴിക്കുള്ളൂ'

'കാതലുക്ക് മര്യാദ വിജയ്ക്കൊരു ബ്രേക്ക് ആയിരുന്നു. ആ പടത്തോടെയാണ് വിജയ് തമിഴിൽ ആധിപത്യം സൃഷ്ടിക്കുന്നത്. അതിന് മുമ്പ് ഡെപ്പാംകൂത്ത് പടങ്ങളായിരുന്നു. ആർട്ടിസ്റ്റിനെ വിലയിരുത്തിയ സിനിമ കാതലുക്ക് മര്യാദയാണ്,' എ കബീർ പറഞ്ഞു. ഫാസിൽ തന്നെ സംവിധാനം ചെയ്ത മലയാള ചിത്രം അനിയത്തി പ്രാവിന്റെ തമിഴ് റീമേക്കായിരുന്നു കാതലുക്ക് മര്യാദെ. വിജയ് ശാലിനി എന്നിവരായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്.
മലയാളത്തിലെ പോലെ തന്നെ തമിഴ്നാട്ടിലും സിനിമ വൻ ഹിറ്റായിരുന്നു. വിജയുടെ താരമൂല്യം ഈ സിനിമയിലൂടെ വർധിച്ചു. മലയാളത്തിൽ കുഞ്ചാക്കോ ബോബൻ തരംഗം സൃഷ്ടിച്ചത് പോലെ തമിഴകത്ത് അന്ന് വിജയും ഈ സിനിമയിലൂടെ തിളങ്ങി.


Click it and Unblock the Notifications