'എന്റെ ദൗർഭാഗ്യം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്'; തുറന്ന് പറഞ്ഞ വിനീത്; ബനാറസ് സിനിമയ്ക്ക് സംഭവിച്ചത്
മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരുപിടി വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടനാണ് വിനീത്. ചെറിയ പ്രായത്തിൽ തന്നെ നഖക്ഷതങ്ങൾ, സർഗം തുടങ്ങിയ ക്ലാസിക് സിനിമകളിൽ അഭിനയിക്കാൻ വിനീതിന് സാധിച്ചു. നർത്തകൻ എന്ന നിലയിലും വിനീത് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ചില സിനിമകളിൽ തന്റെ നൃത്ത മികവ് പുറത്തെടുക്കാനും വിനീതിന് കഴിഞ്ഞു. തമിഴ് ചിത്രം ചന്ദ്രമുഖി ഇതിന് ഉദാഹരണമാണ്. മലയാളത്തിൽ കമലദളം, ബനാറസ് എന്നീ സിനിമകളിലും വിനീത് തിളങ്ങി.
2009 ൽ പുറത്തിറങ്ങിയ ചിത്രമാണ് ബനാറസ്. കാവ്യ മാധവൻ, നവ്യ നായർ, വിനീത് എന്നിവരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നൃത്തത്തിന് പ്രാധാന്യമുള്ള സിനിമയിൽ മൂവരും മികച്ച പ്രകടനം കാഴ്ച വെച്ചു. നേമം പുഷ്പരാജ് സംവിധാനം ചെയ്ത സിനിമയുടെ സംഗീത സംവിധായകൻ എം ജയചന്ദ്രനാണ്. സിനിമയിലെ ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്.
ഏറെ പ്രതീക്ഷകളോടെ റിലീസ് ചെയ്ത സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മികച്ച കാസ്റ്റിംഗ്, ഹിറ്റ് ഗാനങ്ങൾ തുടങ്ങിയ പല ഘടകങ്ങൾ ഉണ്ടായിട്ടും സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തിയില്ല. സിനിമയെക്കുറിച്ച് സംവിധായകൻ നേമം പുഷ്പരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമ റിലീസ് ചെയ്ത ശേഷം വിനീത് പറഞ്ഞ വാക്കുകളാണ് ഇദ്ദേഹം പങ്കുവെച്ചത്. ചേട്ടാ, എന്റെ ദൗർഭാഗ്യം കൊണ്ടാണ് പരാജയപ്പെട്ടതെന്നാണ് വിനീത് പറഞ്ഞത്. എന്റെ പട പടങ്ങൾക്കും ഇങ്ങനെ ഒരു ദുര്യോഗമുണ്ട്. അതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞതെന്ന് നടൻ പറഞ്ഞെന്നും നേമം പുഷ്പരാജ് ഓർത്തു.
ലൗ സ്റ്റോറിയാണ്. അതിൽ നൃത്തത്തിന് പ്രാധാന്യം വേണമെന്നുണ്ടായിരുന്നു. അത് കൊണ്ടാണ് വിനീതിനെ കാസ്റ്റ് ചെയ്തതെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ബനാറസിന്റെ തിരക്കഥയിലും അവതരണത്തിലും പാളിച്ചകളുണ്ടെന്നാണ് സിനിമ റിലീസ് ചെയ്ത സമയത്ത് നിരൂപകർ അഭിപ്രായപ്പെട്ടത്.

മലയാളത്തിൽ വിനീത് നായകനായ സിനിമകളിൽ ചിലത് സാമ്പത്തിക വിജയം നേടിയിട്ടില്ല. കംബോജി, ഡാർലിംഗ് ഡാർലിംഗ് തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുന്ന വിനീത് അർഹമായ അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിയും പ്രേക്ഷകർക്കുണ്ട്. ഭരതം, കമല ദളം, നഖക്ഷതങ്ങൾ, പരിണയം, ഗസൽ തുടങ്ങി വിനീത് ഒരുകാലത്ത് അഭിനനയിച്ച സിനിമകൾ ക്ലാസിക് ഹിറ്റുകളായിരുന്നു.
എന്നാൽ പിന്നീട് ഈ ഗ്രാഫ് നിലനിർത്താൻ വിനീതിന് കഴിഞ്ഞില്ല. തന്റെ കരിയറിൽ സംഭവിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ വിനീത് തുറന്ന് പറഞ്ഞിട്ടുണ്ട്. മാനത്തെ വെള്ളിത്തേര്, കാബൂളിവാല തുടങ്ങിയ ചിത്രങ്ങളിൽ ചെയ്ത നായകവേഷം തനിക്ക് വലിയ ഇമേജ് നൽകിയിരുന്നു. എന്നാൽ പിന്നീട് നായക വേഷങ്ങൾ നഷ്ടപ്പെടാൻ തുടങ്ങി. ഡാൻസർ ആയത് കൊണ്ട് തനിക്ക് പൗരുഷമുണ്ടാകില്ല എന്ന് പറഞ്ഞ് തന്നെ തഴഞ്ഞെന്നാണ് വിനീത് അന്ന് പറഞ്ഞത്.
മലയാളത്തിന് പുറമെ മറുഭാഷകളിലും വിനീത് തുടക്ക കാലത്ത് ശ്രദ്ധ നേടി. ആവാരപ്പൂവ്, കാതൽ ദേശം തുടങ്ങിയ തമിഴ് സിനിമകൾ പ്രേക്ഷക പ്രശംസ നേടി. സരിഗമലു എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിലേക്ക് നടൻ കടക്കുന്നത്.
ദൂവൂത്: ദ ഫൺ ഓൺ റൺ ആണ് വിനീതിന്റെ ആദ്യ ബോളിവുഡ് ചിത്രം. കന്നഡയിലും നടൻ സാന്നിധ്യമറിയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ പാച്ചുവും അത്ഭുതവിളക്കും, ധൂമം എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം വിനീത് ചെയ്തിട്ടുണ്ട്. വിനീതിന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications











