യേശുദാസുമായി ഉടക്കിന്റെ വക്കിൽ; എന്തും സംഭവിക്കാം; ഇതാ കിടക്കുന്നു നിങ്ങളുടെ പാട്ടെന്ന് ഗായകൻ; അന്ന് നടന്നത്
ഗാനഗന്ധർവനായി യേശുദാസിന് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ ആരാധകർക്ക് കഴിയില്ല. ഗായകന്റെ സ്വരമാധുര്യം അത്രയും ആഴത്തിൽ പ്രേക്ഷകരെ സ്പർശിച്ചതാണ്. എന്നാൽ ഗാനരംഗത്തെ ഖ്യാതികൾക്കപ്പുറം യേശുദാസിനെക്കുറിച്ച് പല ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. മുൻകോപമാണ് ഇതിൽ മിക്കപ്പോഴും ചർച്ചയാകാറ്. ഒപ്പം പ്രവർത്തിച്ച ചിലർ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ വിമർശനങ്ങളൊന്നും യേശുദാസ് കാര്യമാക്കാറില്ല.
തൂവാനത്തുമ്പികൾ എന്ന സിനിമയുടെ റെക്കോഡിംഗിനിടെ യേശുദാസിനെ ചുറ്റിപ്പറ്റിയുണ്ടായ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് ഇദ്ദേഹം പഴയ സംഭവങ്ങൾ വിവരിച്ചത്. യേശുദാസിന്റെ മ്യൂസിക് ഇൻസ്റ്റിറ്റ്യൂഷനായ തരംഗനിസരിയിൽ അധ്യാപകനായിരുന്നു പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. അദ്ദേഹത്തിന് ഓൾ ഇന്ത്യ റേഡിയോയിൽ ജോലി കിട്ടി. തന്നെ യേശുദാസ് വിടില്ലേ എന്ന സന്ദേഹത്താൽ ജോലി കിട്ടിയ വിവരം പറയാതെ രാജിക്കത്ത് എഴുതിക്കൊടുത്ത് പോയി.

തൂവാനത്തുമ്പികളിൽ പെരുമ്പാവൂർ സംഗീത സംവിധായകനായി എത്തി. വിദേശയാത്ര കഴിഞ്ഞ് വന്ന ദിവസം യേശുദാസ് സിനിമയിലെ പാട്ടിന്റെ റെക്കോഡിംഗിന് എത്തി. പെരുമ്പാവൂരിനെ കണ്ടപ്പോൾ ഒരു വാക്ക് പറയാതെ പോയതിൽ ദേഷ്യം തോന്നി. ഒന്നാമത് ക്ഷിപ്ര കോപിയാണ് യേശുദാസ്. പാട്ട് പഠിക്കുമ്പോൾ പെരുമ്പാവൂരിന്റെ അസിസ്റ്റന്റ് മോഹൻ സിത്താരയോടാണ് യേശുദാസ് സംശയങ്ങൾ ചോദിക്കുന്നത്.
ഒന്നാം രാഗം പാടി എന്ന ഗാനം ജി വേണുഗോപാലിനെക്കൊണ്ട് ട്രാക്ക് പാടിച്ച് വെച്ചിരുന്നു. പാട്ട് കേട്ടപ്പോൾ ഇത് തന്നെ മതിയല്ലോ നന്നായി പാടിയിട്ടുണ്ടല്ലോ എന്നായി യേശുദാസ്. അങ്ങനെ നിനച്ചിരിക്കാതെ വേണുവിന് മനോഹരമായ പാട്ട് കിട്ടി. അങ്ങനെയാെന്നും പൊതുവെ പറയുന്ന ആളല്ല യേശുദാസ് എന്നാണ് പലരും പറയാറ്. പക്ഷെ ഒരു ചെറുപ്പക്കാരൻ നന്നായി പാടി വെച്ച പാട്ട് കേട്ടപ്പോൾ അത് മതിയെന്ന് പറഞ്ഞ് അദ്ദേഹം പാടിയില്ല.

അടുത്ത പാട്ട് മേഘം പൂത്ത് തുടങ്ങി ആണ്. രാത്രി വൈകിയാണ് യേശുദാസ് പാടിത്തീർന്നത്. പാടിത്തീർന്ന് ഒന്നും പറയാൻ നിൽക്കാതെ അദ്ദേഹം പുറത്തേക്ക് പോയി. കുറേ നേരം കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും തിരിച്ച് വന്നു. ആ പാടിയത് എനിക്ക് തൃപ്തിയായില്ല എന്ന് അദ്ദേഹം പറഞ്ഞു. ഭരതൻ അവിടേക്ക് വന്നു. പക്ഷെ പാടാൻ വന്ന യേശുദാസ് പാട്ട് പാടുന്നില്ല. പകരം പാട്ട് പഠിച്ച് കൊണ്ടേയിരിക്കുന്നു. അക്ഷമനായി ഇരിക്കുന്ന പത്മരാജനോട് ഇടപെട്ട് പപ്പാ, ഇതിപ്പോൾ നേരം വെളുപ്പിക്കുമെന്ന് ഭരതൻ പറഞ്ഞു.
പത്മരാജൻ എഴുന്നേറ്റു. എന്തോ മനസിൽ ഉറപ്പിച്ചിട്ടുണ്ട്. എന്തും സംഭവിക്കാം. ഉടക്കിന്റെ സൂചന കിട്ടിയാൽ അകത്ത് കയറി ഇടപെടാൻ റെഡിയായി ഭരതൻ നോക്കി നിന്നു. എന്നാൽ യേശുദാസ് ഒറ്റ ടേക്കിൽ നേരത്തെ പാടിയതിനേക്കാൾ നൂറിരട്ടി മനോഹരമായി പാടി. ദേ കിടക്കുന്നു നിങ്ങളുടെ പാട്ട് എന്ന് പറഞ്ഞ് യേശുദാസ് ഇറങ്ങുമ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. എവിടെയൊക്കേയ ഭരതേട്ടന് യേശുദാസിനോട് ചൊരുക്കുണ്ട്. അതുകൊണ്ടാണ് ദേവരാഗമൊക്കെ ചെയ്തപ്പോൾ ജയചന്ദ്രനെക്കൊണ്ട് പാടിച്ചതെന്ന് ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications