കുഞ്ഞു ബേസിൽ ജോസഫ് ടെലിവിഷനിൽ തിളങ്ങിയപ്പോൾ; വൈറലായി വീഡിയോ
നടനും സംവിധായകനുമായ ബേസിൽ ജോസഫ്, മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളാണ്. ഇതിന് പുറമെ, സോഷ്യൽ മീഡിയയിൽ തന്റെ രസകരമായ പോസ്റ്റുകൾ കൊണ്ടും, കമെന്റുകൾ കൊണ്ട് സൂക്ഷ്മദർശിനി നടൻ പല തവണ പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. അതിൽ തന്നെ, ബേസിലിന്റെ പ്രധാന വിനോദങ്ങളിൽ ഒന്നാണ് സുഹൃത്തുക്കളുടെ പഴയ പോസ്റ്റുകൾ 'കുത്തിപ്പൊക്കുക' എന്നത്. എന്നാൽ ഇത്തവണ, പഴയൊരു വീഡിയോ കാരണം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് ബേസിൽ തന്നെയാണ്.
ടെലിവിഷൻ ഷോയിൽ ബേസിൽ; വൈറലായി പഴയ വീഡിയോ
മിന്നൽ മുരളി സംവിധായകൻ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്, വളരെക്കാലം മുൻപ് കൈരളി ടി.വി.യുടെ അശ്വമേധം പരിപാടിയിൽ അതിഥിയായി അന്ന് ഹൈ സ്കൂൾ വിദ്യാർത്ഥിയായ ബേസിൽ ജോസഫ് എത്തിയിരുന്നു. വയനാട്ടിൽ നടന്ന അശ്വമേധം മെഗാ ഷോയിലാണ് ബേസിൽ പങ്കെടുത്തത്. അന്ന് ഒൻപതാം ക്ലാസ്സിൽ പഠിച്ചിരുന്ന ബേസിലിന് പതിനാല് വയസ്സായിരുന്നു.

ബേസിൽ ജോസഫ് മനസ്സിൽ കരുതിയ വ്യക്തിയുടെ പേര് കണ്ടെത്താൻ അദ്ധ്വാമേധം പരിപാടിയുടെ അവതാരകനായ ജി എസ് പ്രദീപിന് പതിനേഴ് ചോദ്യങ്ങൾ ചോദിക്കേണ്ടി വന്നു. അത്ര എളുപ്പത്തിൽ ഉത്തരം പറയാൻ തയ്യാറാവാതിരുന്ന സംവിധായകന്റെ ബുദ്ധിവൈഭവം ഇതിൽ നിന്ന് മനസ്സിലാക്കാം എന്നാണ് സോഷ്യൽ മീഡിയയിലെ ആരാധകർ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.പത്ത് ചോദ്യങ്ങളുടെ യജ്ഞം റൗണ്ട് കഴിഞ്ഞും ബേസിൽ ജോസഫിന്റെ മനസ്സിൽ ഉള്ളത് ആരെന്ന് കണ്ടെത്താനാവാതെ അവതാരകൻ ജി എസ് പ്രദീപ് മുന്നോട്ട് പോയപ്പോൾ, പരിപാടിയുടെ കാണികൾ ആകെ ആവേശത്തിലാഴ്ന്നത് വിഡിയോയിൽ കാണാം. എങ്കിലും, കുഞ്ഞു ബസിലിന്റെ മനസ്സിൽ ഉണ്ടായിരുന്നത് പ്രശസ്ത നർത്തകൻ ഉദയ് ശങ്കർ ജി ആണെന്ന് അവസാനം പ്രദീപ് കണ്ടെത്തുക തന്നെ ചെയ്തു.
സിനിമ നിർമ്മാതാവായ എൻ.എം. ബാദുഷ അടക്കമുള്ള പ്രമുഖർ പങ്ക് വച്ചതോടെയാണ് ബേസിൽ ജോസഫിന്റെ അശ്വമേധം വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ബേസിലിന്റെ ചെറുപ്പകാലത്തെ ലുക്ക് കണ്ട്, പ്രശസ്ത നടൻ ഇന്നും അധികമൊന്നും വളർന്നിട്ടില്ല എന്ന അഭിപ്രായമാണ് ആരാധകർക്ക്. വിഡിയോയിൽ കാണുന്ന അതേ നിഷ്കളങ്ക മുഖമാണ് ബേസിലിന് ഇന്നും എന്ന് അവർ അഭിപ്രായപ്പെട്ടു. എന്നാൽ, ബഹുമുഖ പ്രതിഭയുടെ സിനിമാ രംഗത്തെ അടുത്ത സുഹൃത്തായ നടൻ ടോവിനോ തോമസ് ഈ വീഡിയോ കണ്ട് എങ്ങനെ പ്രതികരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.
ബേസിൽ ജോസഫിന്റെ പുതിയ പ്രൊജെക്ടുകൾ
ഗുരുവായൂരമ്പല നടയിൽ, സൂക്ഷ്മദർശിനി, പൊന്മാൻ, മരണമാസ്സ്, തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും നല്ല ചില സിനിമകളിൽ നായകനായിരുന്നു ബേസിൽ ജോസഫ്. ഒരു നടനെന്ന നിലയിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ ബഹുമുഖ പ്രതിഭ, അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് സംവിധാനത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നു എന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷെ, ബേസിൽ ജോസഫിന്റെ അടുത്ത സംവിധാന സംരംഭം മലയാള സിനിമയിലായിരിക്കില്ല എന്നാണ് റിപ്പോർട്ട്.

കുറച്ചു കാലം മുൻപ്, ശക്തിമാൻ എന്ന പ്രശസ്ത സൂപ്പർഹീറോ സീരിയലിന്റെ സിനിമ അഡാപ്റ്റേഷനുമായി ബേസിൽ ജോസഫ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. സോണി പിക്ചേഴ്സ് നിർമ്മിക്കാനിരുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ, ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗ് നായകനാവുമെന്നും ഉറപ്പായിരുന്നു. ബേസിലിന്റെ മലയാളം സിനിമ സുഹൃത്തുക്കളിൽ, ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടെയുള്ള ചിലർ ഈ വാർത്തകൾ സത്യമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ, ശക്തിമാൻ സീരിയലിന്റെ നിർമാതാവും നായകനുമായ മുകേഷ് ഖന്നയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പ്രൊജക്റ്റ് മടങ്ങിപ്പോയി എന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതിയ റിപോർട്ടുകൾ അനുസരിച്ച്, ബേസിൽ ജോസഫ് ഇപ്പോൾ തെലുങ്ക് സൂപ്പർ താരമായ അല്ലു അർജുനുമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇരുവരും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, പുഷ്പ താരവും സംവിധായകനും ഇതുവരെ ഔദ്യോഗികമായി കരാറിൽ ഒപ്പിട്ടിട്ടില്ല. എന്നാൽ, ബേസിലും അല്ലു അർജുനും ഒന്നിക്കുന്നത് ശക്തിമാൻ പ്രോജെക്ടിന് വേണ്ടിയല്ല, മറിച്ച് മറ്റൊരു കഥയ്ക്ക് വേണ്ടിയാണ് എന്നാണ് സൂചന. എന്തായാലും, ബേസിൽ ജോസഫ് ഇതുവരെ ഈ വാർത്തകളോടൊന്നും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











