കാവ്യയെ കാണാൻ ഓടിയെത്തി, പക്ഷെ കുഞ്ഞു മാധവ് സുരേഷ് തിരിച്ചു പോയത് ചമ്മലോടെ
മലയാള സിനിമയിലേക്ക് അടുത്തിടെ കടന്നു വന്ന താരപുത്രന്മാരിൽ പ്രധാനിയാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും ഇളയ മകൻ മാധവ്. രണ്ടു ചിത്രത്തിലെ ഇത് വരെ അഭിനയിച്ചിട്ടുള്ളുവെങ്കിലും, ചില അഭിമുഖങ്ങൾ വൈറലായതോടെ ആരാധകർക്ക് പെട്ടെന്ന് തിരിച്ചറിയാവുന്ന യുവ നടനായി മാറിയിരിക്കുകയാണ് മാധവ് സുരേഷ്. സിനിമ പ്രൊമോഷന് ഇടയ്ക്ക് മാധ്യമങ്ങളോട് സംസാരിച്ച താരപുത്രൻ, തന്റെ അച്ഛൻ കഴിഞ്ഞാൽ തനിക്ക് ഏറെയിഷ്ടമുള്ള നടൻ ദിലീപാണെന്ന് പറഞ്ഞിരുന്നു. എന്നാൽ മാധവ് സുരേഷിന് ഏറ്റവും പ്രിയപ്പെട്ട നടമാരിൽ പ്രധാനി കാവ്യ മാധവനാണ്.
കുട്ടിക്കാലത്ത് കാവ്യയെ വലിയ ഇഷ്ടമായിരുന്ന കൊച്ചു മാധവ് നടിയെ പോയി കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. അന്നത്തെ കൂടിക്കാഴ്ച കഴിഞ്ഞതിൽ പിന്നെ കാവ്യാ ചേച്ചിക്ക് തന്നോട് ഒരു 'സോഫ്റ്റ് കോർണർ' ഉണ്ടെന്ന് യുവ നടൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒപ്പം ദിലീപിനോടും, കാവ്യ മാധവനോടും, നടന്റെ മകൾ മീനാക്ഷിയോടുമുള്ള അടുപ്പത്തെ കുറിച്ചും നടൻ അന്ന് തുറന്നു പറഞ്ഞിരുന്നു. മീനാക്ഷിയുമായി ചേർത്ത് ഗോസിപ്പുകൾ വരാറുള്ളത് കൊണ്ട്, താരപുത്രിയെ തന്റെ "ഓൺലൈൻ ഭാര്യ" എന്നാണ് വിളിക്കാറുള്ളതെന്നും അന്ന് മാധവ് വെളിപ്പെടുത്തിയിരുന്നു.

എന്നാലിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, തന്നെ കാണാനെത്തിയ കൊച്ചു മാധവ് സുരേഷിനെ കുറിച്ച് കാവ്യ മാധവൻ ഓർത്തെടുക്കുന്ന ഒരു പഴയ വീഡിയോ ക്ലിപ്പാണ്. സുരേഷ് ഗോപി അവതരിപ്പിച്ച നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയിൽ എത്തിയപ്പോഴാണ് പ്രശസ്ത നടി അന്നത്തെ രസകരമായ സംഭവങ്ങൾ വെളിപ്പെടുത്തിയത്. ഈ സംഭവം നടക്കുമ്പോൾ മാധവിന് കഷ്ടിച്ച് നാലോ അഞ്ചോ വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളുവെന്നും, എന്നാൽ അന്ന് തന്നെ അവൻ വലിയ ആളുകളെ പോലെയാണ് പെരുമാറാറുണ്ടായിരുന്നത് എന്നും കാവ്യ പറഞ്ഞു.

"അന്ന് ഡോറിൽ ആരോ മുട്ടുന്നുണ്ട്. ഞാൻ തുറന്നു നോക്കിയപ്പോഴേക്കും കുഞ്ഞു മാധവനാണ്. "ഇതാരാ ലോക്ക് ചെയ്തേ" എന്ന് അവൻ ചോദിച്ചു. ഞാനാ ലോക്ക് ചെയ്തതെന്ന് പറഞ്ഞപ്പോൾ, "ലൊക്കൊന്നും ചെയ്യേണ്ട കേട്ടോ... എനിക്ക് ഇടയ്ക്കിടക്കൊക്കെ ഒന്ന് വരണം... ഒന്ന് കാണണം," എന്ന് അവൻ പറഞ്ഞു. ഞാൻ പറഞ്ഞ അത്ര പോലും സ്പഷ്ടമായിട്ടല്ല അന്ന് അവന്റെ വർത്തമാനം. ആകെ നാലോ അഞ്ചോ വയസ്സേ അന്ന് അവന് ഉള്ളു," ഒരു ചിരിയോടെ കാവ്യ മാധവൻ ഓർത്തെടുത്തു.
അത് കഴിഞ്ഞ് നേരെ മുറിക്ക് അകത്തേക്ക് വന്ന മാധവ്, കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം ഭംഗി നോക്കുകയായിരുന്നു. എന്നാൽ, തന്റെ പുതിയ ഡ്രസ്സ് കാവ്യ ചേച്ചിയെ കാണിക്കണം എന്നും പറഞ്ഞാണ് താരപുത്രൻ എത്തിയതെന്ന് നടി ഓർത്തെടുത്തു. പക്ഷെ അന്നത്തെ ഇഷ്ട നായികയെ ഇമ്പ്രെസ്സ് ചെയ്യാനുള്ള തിരക്കിൽ കൊച്ചു മാധവ് പാന്റിന്റെ സിബ്ബ് ഇടാൻ മറന്നിരുന്നു. തന്നെ ഇടം കണ്ണിട്ടു നോക്കിയാ കൊച്ചു മാധവിനോട് താൻ അത് പറഞ്ഞു കൊടുത്തപ്പോൾ, പയ്യൻ ആകെ നാണിച്ചു പോയെന്നും ഒരു വലിയ ചിരിയോടെ കാവ്യ വെളിപ്പെടുത്തി. എന്തായാലും പിന്നെ ആ ഭാഗത്തേക്ക് മാധവ് പോയിട്ടേയില്ല.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ മാത്രം സ്വന്തമല്ല. IMDb, https://www.instagram.com/the.real.madhav/, എന്നീ പേജുകളിൽ നിന്നു കൂടി എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











