ദിലീപിന് കരച്ചിൽ വന്നു, എല്ലാം ആദ്യമേ തുടങ്ങണമെന്ന് പറഞ്ഞു; നടനെക്കുറിച്ച് ലാൽ ജോസിന്റെ വാക്കുകൾ
സിനിമാ ലോകത്തെ അടുത്ത കൂട്ടുകാരാണ് ദിലീപും ലാൽജോസും. അസിസ്റ്റന്റ് ഡയരക്ടർമാരായി കരിയർ തുടങ്ങിയവരാണ് രണ്ട് പേരും. പിന്നീട് നടനായി. ലാൽ ജോസ് സംവിധായകനും. ഇപ്പോഴിതാ ദിലീപിന്റെ സഹ സംവിധാന കാലത്തെക്കുറിച്ച് ലാൽ ജോസ് മുമ്പൊരിക്കൽ സഫാരി ടിവിയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'വിഷ്ണു ലോകത്തിൽ മോഹൻലാൽ ആണ് നായകൻ. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പോവുന്നതിന്റെ ത്രില്ല് ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നു. ആ പടത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആയിരുന്നു. ആ സമയത്ത് കമൽ സാറിനൊപ്പം മുൻപ് വർക്ക് ചെയ്തിരുന്ന രാധാകൃഷ്ണൻ എന്ന ചേട്ടൻ കൂടി ജോയിൽ ചെയ്തു. ദിലീപിനെ ഈ പടത്തിൽ അസിസ്റ്റന്റ് ഡയരക്ടറാക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷെ രാധാകൃഷ്ണൻ ചേട്ടൻ വന്നപ്പോൾ പുതിയാെരു ആളെ കൂടി അസിസ്റ്റന്റ് ആക്കാൻ പറ്റാതായി'
'കമൽ സാർ എന്നോട് പറഞ്ഞു, ദിലീപ് വരുമ്പോൾ നീ അവനെ പറഞ്ഞ് മനസ്സിലാക്കി വിട്, അടുത്ത പടത്തിൽ നോക്കാം എന്ന്. എനിക്ക് ഭയങ്കര സങ്കടമായി. ഞങ്ങൾ തമ്മിൽ നല്ല അടുപ്പം അതിനിടെ ഉണ്ടായിരുന്നു'

'ദിലീപിനോട് ഇക്കാര്യം പറഞ്ഞു. ജയറാമേട്ടൻ ഭരതേട്ടന്റെ കേളി എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാൻ പോവുകയാണ്. നീ അങ്ങോട്ട് ചെല്ല്. അടുത്ത സിനിമ വരുമ്പോൾ എന്തായാലും നിന്നെ വിളിക്കാം എന്ന് പറഞ്ഞു. അവന് ഭയങ്കര സങ്കടം ആയി. കരച്ചിലൊക്കെ വന്നു. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നു. എനിക്കവിടെ ആരെയും പരിചയമില്ല. ഇവിടെ നീ എങ്കിലും ഉണ്ട്. അവിടെ പോയി എല്ലാം ആദ്യമേ തുടങ്ങേണ്ടി വരും എന്ന് പറഞ്ഞു'

'ഞാൻ പറഞ്ഞു, ഒരു പണി ഉണ്ട് അവസാനത്തെ കൈയാണ് നീ നാളെ പെട്ടിയൊക്കെ പാക്ക് ചെയ്ത് ലൊക്കേഷനിലേക്ക് വാ എന്ന്. സുരേഷ് കുമാറും സനൽകുമാറും അപ്പി രാധാകൃഷ്ണനും ആണ് അതിന്റെ നിർമാതാക്കൾ. അവരൊക്കെ നിൽക്കുന്ന സമയത്ത് ദിലീപ് കമൽ സാറിനോട് യാത്ര പറഞ്ഞു'
'അതിന് മുമ്പത്തെ ദിവസം ദിലീപ് ലാലേട്ടനെയും ഇന്നസെന്റ് ചേട്ടനെയും ഒക്കെ അനുകരിച്ച് കാണിച്ചിട്ട് ഇവരൊക്കെ കുറേ ചിരിച്ചതാണ്. എന്താ പോവുന്നതെന്ന് രാധാകൃഷ്ണൻ ചേട്ടൻ ചോദിച്ചു. അഞ്ചാറ് പേരുണ്ട്. അവനെക്കൂടെ നിർത്തിയാൽ ബുദ്ധിമുട്ടാവില്ലേ എന്ന് കമൽ സർ പറഞ്ഞു'

'ഒരാൾ കൂടി നിന്നാൽ എന്ത് ചെലവ് എന്ന് രാധാകൃഷ്ണൻ ചേട്ടൻ ചോദിച്ചു. നിങ്ങളുടെ റൂമിൽ നിർത്താൻ പറ്റില്ലേ എന്ന് ചോദിച്ചപ്പോൾ ഞാൻ ചാടിക്കേറി പറഞ്ഞു എന്റെ റൂമിൽ നിർത്താമെന്ന്. വിഷ്ണുലോകത്തിൽ ദിലീപ് ജോയിൻ ചെയ്ത ശേഷം ലാലേട്ടന്റെയും പ്രൊഡക്ഷൻ സൈഡിന്റെയും പ്രിയപ്പെട്ട ആൾ ദിലീപ് ആയിരുന്നു'
'ദിലീപ് വന്നതോടെ സെറ്റ് വളരെ സജീവമായി. കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്ന സീരിയസ് ആയ സെറ്റ് ആയിരുന്നു കമൽ സാറിന്റേത്. അതിൽ ഒരു മാറ്റമുണ്ടാവുന്നത് ദിലീപ് വന്ന ശേഷമാണ്'

'സിനിമകൾക്കിടയിലുള്ള ഒറ്റപ്പാലത്തേക്ക് തിരിച്ച് പോവുകയായിരുന്നു ചെയ്യാറ്. ദിലീപുമായുള്ള സൗഹൃദം എന്നെ പുതിയ മേഖലകളിലേക്ക് കൊണ്ടു വന്നു. നീ ഇവിടെ ഒറ്റപ്പാലത്ത് ഇരുന്നാൽ മുരടിച്ച് പോവുമെന്ന് ദിലീപ് പറഞ്ഞു. ദിലീപ് വളരെ ഫ്യൂച്ചറിസ്റ്റിക് ആയി ആലോചിക്കുന്ന, പ്ലാൻ ചെയ്ത് ജീവിതത്തെ കാണുന്ന ആളായിരുന്നു,' ലാൽ ജോസ് പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications