'ആരും നെഞ്ചത്തോട്ട് കയറേണ്ട, ശോഭന ചേച്ചി മോശമാണെന്നല്ല; പക്ഷെ...'; ഇഷ്ട നടിയെക്കുറിച്ച് മഞ്ജു പിള്ള
അന്തരിച്ച നടി കൽപ്പനയുടെ സ്ഥാനത്ത് ഇന്ന് പ്രേക്ഷകർ കാണുന്നത് മഞ്ജു പിള്ളയെയാണ്. കോമഡിയും വൈകാരികതയും ഒരേ പോലെ കൈകാര്യം ചെയ്യാൻ പറ്റുന്ന മഞ്ജു പിള്ള ഇന്ന് വ്യത്യസ്തമായ അമ്മ വേഷങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. മികച്ച മറ്റ് അഭിനേതാക്കളുടെ പ്രകടനത്തെ അഭിനന്ദിക്കാനും മഞ്ജു പിള്ള മടിക്കാറില്ല. ഒരു അഭിമുഖത്തിൽ നടി ഉർവശിയെ പ്രശംസിച്ച് കൊണ്ട് മഞ്ജു പിള്ള പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായി. തന്റെ മനസിൽ എന്നും ലേഡി സൂപ്പർസ്റ്റാർ ഉർവശിയാണെന്നും അതിന് ശേഷമേ മറ്റാരും ഉള്ളൂയെന്നും മഞ്ജു പിള്ള പറഞ്ഞു.
പരാമർശത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ വന്നു. ശോഭന, മഞ്ജു വാര്യർ എന്നീ നടിമാരുടെ ആരാധകർ മഞ്ജു പിള്ളയെ വിമർശിച്ചു. ഈ രണ്ട് നടിമാരെയും പരോക്ഷമായി ഇകഴ്ത്തിക്കൊണ്ടാണ് മഞ്ജു പിള്ള സംസാരിച്ചതെന്നും ആക്ഷേപം വന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടി. താൻ ശോഭനയെയോ മഞ്ജു വാര്യരെയോ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മഞ്ജു പിള്ള വ്യക്തമാക്കി. സില്ലി മോങ്ക്സ് മോളിവുഡിനോടാണ് പ്രതികരണം.

മലയാള സിനിമ അന്നും ഇന്നും കണ്ട ഏറ്റവും നല്ല നടികൾ കെപിഎസി ലളിത, സുകുമാരിയമ്മ തുടങ്ങിയവരാണ്. അവരാണ് എനിക്ക് ഇഷ്ടപ്പെട്ട നടികൾ. പക്ഷെ നായികമാരിൽ ഓർമ വെച്ച കാലം മുതൽ കണ്ട് വന്നവരിൽ എനിക്കിഷ്ടം ഉർവശി ചേച്ചിയാണ്. പക്ഷെ അതിനർത്ഥം ശോഭന ചേച്ചി മോശമാണെന്നല്ല. ശോഭന ചേച്ചിക്ക് അവരുടേതായ ആക്ടിംഗ് സ്കില്ലും ഭംഗിയുമുണ്ട്. ഡാൻസറാണ്.
പക്ഷെ ഉർവശി ചേച്ചി ചെയ്ത കഥാപാത്രങ്ങളോടാണ് അടുപ്പം തോന്നുന്നത്. തലയണമന്ത്രവും മഴവിൽ കാവടിയും എടുത്താൽ നമ്മുടെ കൂട്ടത്തിൽ നിൽക്കുന്ന ഒരാൾ എന്ന് തോന്നും. അതുകൊണ്ട് ശോഭന ചേച്ചിയെ ഇഷ്ടമല്ലെന്നല്ല ഞാൻ ഉദ്ദേശിച്ചത്. അന്നും ഇന്നും എനിക്കിഷ്ടം നായികമാരിൽ ഉർവശിയാണ്. ഉർവശി നല്ല ഡാൻസറല്ല, പക്ഷെ അവർ നല്ല നടിയാണ്. സിനിമയിൽ നടനമാണ്. യോദ്ധ എന്ന സിനിമയിൽ ഒരു വേഷത്തിൽ വന്ന് ഉർവശി ചേച്ചി കലക്കി.

അങ്ങനെയൊക്കെ നോക്കുമ്പോൾ ഇഷ്ടം അവരെയാണ്. ഒരിക്കലും ശോഭന ചേച്ചി, മഞ്ജു വാര്യർ അങ്ങനെയുള്ള നടിമാർ ആരും മോശക്കാരല്ല. ആരും നെഞ്ചത്തോട്ട് കയറി വരാൻ നിൽക്കേണ്ട. തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി.
ശോഭന, ഉർവശി, മഞ്ജു വാര്യർ എന്നീ നടിമാരെ താരതമ്യം ചെയ്ത് കൊണ്ട് സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. മികച്ച നടി ഇവരിൽ ആരെന്ന് ഇന്നും തർക്ക വിഷയമാണ്. ഉർവശിക്ക് അഭിനയ മികവ് കാണിക്കാനുമ്പോൾ മാസ്, ഡാൻസ് സീനുകളിൽ കൈയടി നേടാറ് ശോഭനയും മഞ്ജു വാര്യരുമാണ്. മൂവരിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ളത് ഇന്ന് മഞ്ജു വാര്യർക്കാണ്. അതേസമയം താൻ ഉർവശിയുടെയും ശോഭനയുടെയും ആരാധികയാണെന്ന് മഞ്ജു വാര്യർ നേരത്തെ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications