ദളപതിയെപോലെ ക്യൂട്ട് ചിരിയും ഹാന്റ്സം ലുക്കും; വിജയ് ആരാധകരുടെ മനം കവർന്ന ബോഡി ഗാർഡ് മലയാളിയോ?; വിവരങ്ങൾ!
തമിഴ്നാട്ടിലെ രാഷ്ട്രീയരംഗം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിവികെ നേതാവും മുഖ്യമന്ത്രിയുമായ വിജയിയുടെ രാഷ്ട്രീയ പര്യടനങ്ങളെ കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ നിഴലായി എല്ലായിടത്തും ഒപ്പമുണ്ടാകുന്ന ഒരാളെ കുറിച്ച് കൂടി ചർച്ച ചെയ്യുകയാണ്. കരൂരിലെ പൊതുയോഗമാകട്ടെ കേരളത്തിലെ സിനിമാ ഷൂട്ടിംഗാകട്ടെ ചെന്നൈയിലെ പ്രമുഖ ചടങ്ങുകളാകട്ടെ എല്ലായിടത്തും വിജയിക്കൊപ്പം കാണപ്പെടുന്ന ഹാന്റ്സം ബോഡിഗാർഡ് നയീം മൂസയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ വൈറൽ താരം.
കരൂർ റാലിക്കിടെ നടന്ന ഞെട്ടിച്ച ദുരന്തം തമിഴ്നാടിനെ മുഴുവൻ അമ്പരപ്പിച്ചപ്പോഴും വിജയിയുടെ പാർട്ടി രൂപീകരിച്ചത് മുതൽ ഓരോ നിർണായക നിമിഷത്തിലും ഒപ്പമുണ്ടായിരുന്നു നയീം മൂസ. കേന്ദ്രഭരണ പ്രദേശമായ മാഹിയിലാണ് നയീം മൂസ ജനിച്ചത്.

ദളപതിയുടെ വൈറൽ ബോഡി ഗാർഡ് മലയാളിയാണെന്നത് ആരാധകർക്കും സിനിമാപ്രേമികൾക്കും ഒരുപോലെ അതിശയമായിരുന്നു. പിന്നീട് ജോലി തേടി ദുബായിലേക്ക് പോയ അദ്ദേഹത്തിന്റെ ജീവിതം അവിടെ വെച്ചാണ് നിർണായക വഴിത്തിരിവിലേക്ക് കടന്നത്. ജോലിക്കൊപ്പം ബോഡിബിൽഡിംഗിനോടും വലിയ താത്പര്യം പുലർത്തിയിരുന്ന മൂസയ്ക്ക് അതാണ് പിന്നീട് പ്രൊഫഷണൽ സെക്യൂരിറ്റിയിലേക്കും വഴിതുറന്നത്.
ദുബായിലുള്ള ഒരു സുഹൃത്തിന്റെ ഫോൺ വിളിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ബോഡി ഗാർഡ് മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞശേഷം ആ അവസരം ഈ മേഖലയുടെ സാധ്യതകളിലേക്ക് നയീം മൂസയെ നയിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ദുബായ് ആസ്ഥാനമാക്കി സ്വന്തം സുരക്ഷ ഏജൻസിയായ ജെന്റർ സെക്യൂരിറ്റി ആരംഭിക്കുകയായിരുന്നു.
ഒരു ദശാബ്ദത്തിലേറെയായി ഗൾഫ് മേഖലയിൽ എത്തുന്ന പ്രമുഖ താരങ്ങളുടെ വിശ്വസ്ത സുരക്ഷാ സംവിധാനമായി ജെൻഡർ സെക്യൂരിറ്റി പ്രവർത്തിക്കുന്നുണ്ട്. പോപ് ഗായകൻ ജസ്റ്റിൻ ബീബർ മുതൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, തമിഴ് നടൻ ശിവകാർത്തികേയൻ അടക്കം നിരവധി അന്താരാഷ്ട്ര-ഇന്ത്യൻ താരങ്ങളുടെ സുരക്ഷ ചുമതല ഈ ഏജൻസിയാണ് കൈകാര്യം ചെയ്തത്. അടുത്തിടെ നടന്ന ഏഷ്യാകപ്പ് ടി20 ടൂർണമെന്റടക്കമുള്ള വലിയ കായികമേളകളുടെ സുരക്ഷ ചുമതല പോലും യുഎഇ സർക്കാർ ഔദ്യോഗികമായി ഈ സ്ഥാപനത്തെ ഏൽപ്പിച്ചിരുന്നു.
സ്ഥാപനത്തിന്റെ വളർച്ചയോടെ ഇന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച നയീം മൂസ ചെന്നൈ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ശാഖകളും ആരംഭിച്ച് കഴിഞ്ഞു. കേന്ദ്രസർക്കാർ വിജയിക്ക് വൈ-കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തമായ സുരക്ഷാകവചമായി ഇന്നും നിലകൊള്ളുന്നത് നയീം മൂസ തന്നെയാണ്.

ഔദ്യോഗിക സുരക്ഷാ വലയങ്ങളേയുംകാൾ അതീവ ശ്രദ്ധയോടെ വിജയിയെ സംരക്ഷിക്കുന്നതിൽ അദ്ദേഹം സജീവമാണ്. വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് മുതൽ എല്ലാ പ്രധാന പരിപാടികളിലും മൂസ അദ്ദേഹത്തിനൊപ്പമുണ്ട്. മധുരയിലെ വമ്പൻ രാഷ്ട്രീയ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് പ്രത്യേകമായി എത്തിച്ച ബൗൺസർമാരെ വിന്യസിച്ചതും നയീം മൂസയുടെ മേൽനോട്ടത്തിലായിരുന്നു.
നടി കീർത്തി സുരേഷിന്റെ വിവാഹച്ചടങ്ങ് പോലുള്ള സ്വകാര്യ നിമിഷങ്ങളിൽ വിജയ് എത്തിയപ്പോഴും സുരക്ഷ ഒരുക്കി നയീം മൂസ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തുടക്കത്തിൽ ബോഡി ഗാർഡ് എന്ന ലേബലിൽ ആയിരുന്നുവെങ്കിൽ ഇന്ന് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി വിജയിയുമായി ജോലിക്കാരനിൽ കവിഞ്ഞൊരു ആത്മബന്ധം ഇന്ന് നയീം മൂസയ്ക്കുണ്ടെന്നത് സോഷ്യൽമീഡിയയിൽ വൈറലാകുന്ന വീഡിയോകളിൽ നിന്നും വ്യക്തമാണ്.
നിരവധി സിനിമാതാരങ്ങളുമായി വ്യക്തിപരമായ സൗഹൃദം വളർത്തിയ നയീം മൂസക്കും വിജയിക്കും ഇടയിലെ ബന്ധം ഇപ്പോൾ ആഴത്തിലുള്ള സൗഹൃദമായി മാറിയെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ദുബായിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന നയീം മൂസ ഇപ്പോൾ ചെന്നൈയിൽ തന്നെയാണ് ഏറെയും സമയം ചിലവഴിക്കുന്നത്.


Click it and Unblock the Notifications


