തൂക്കിയെടുത്ത് പുറത്തേക്ക്, ബോഡിഗാർഡ് ചില്ലറക്കാരനല്ല; രാം ചരണിനെ സംരക്ഷിക്കാൻ വാങ്ങുന്ന തുക
നടൻ രാം ചരണിനെ കണ്ട ആവേശത്തിൽ ഓടിയടുത്ത ആരാധകനുണ്ടാക്കിയ ബഹളങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. വിജയവാഡയിൽ രാം ചരണിന്റെ പുതിയ സിനിമ പെഡ്ഡിയുടെ ഇവന്റിൽ വെച്ചായിരുന്നു സംഭവം. രാം ചരണിനടുത്തേക്ക് ഓടിയടുക്കുകയായിരുന്നു ആരാധകൻ. രാം ചരണിനടുത്തിരുന്ന നടി ജാൻവി കപൂർ ഇത് കണ്ട് ഭയന്നു. പാഞ്ഞടുത്ത ആരാധകനെ ബോഡിഗാർഡ് തൂക്കിയെടുത്ത് കൊണ്ട് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. കെവിൻ കുന്റ എന്നാണ് ഈ ബോഡി ഗാർഡിന്റെ പേര്. 27 കാരനായ എംഎഎ ഫെെറ്ററാണ് കെവിൻ. ഇറ്റലിക്കാരനാണ് കെവിൻ. അതേസമയം കെവിൻ ജനിച്ചത് വെസ്റ്റ് ആഫ്രിക്കയിലെ ഗാംബിയയിലാണ്.
കെവിന് ഇതിനോടകം വലിയ ജനശ്രദ്ധ ലഭിക്കുന്നുണ്ട്. തന്നെക്കുറിച്ച് സംസാരിക്കാൻ കെവിന് ആളുകൾ കെെക്കൂലി നൽകിയേക്കുമെന്നാണ് രാം ചരൺ തമാശയായി പറഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം രണ്ട് ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിലാണ് ഒരു ദിവസം രാം ചരണിന് സുരക്ഷ നൽകാൻ കെവിൻ വാങ്ങുന്ന പ്രതിഫലം. പ്രമുഖരായ പലർക്കും ബോഡിഗാർഡ് ആയി കെവിൻ എത്താറുണ്ട്.

ഭ്രാന്തമായ ആരാധന കാണിക്കുന്നവരാണ് പലപ്പോഴും ടോളിവുഡ് പ്രേക്ഷകർ. രാം ചരണിനെ പോലുള്ള താരങ്ങൾക്ക് സുരക്ഷയില്ലാതെ പുറത്തിറങ്ങുക ബുദ്ധിമുട്ടാണ്. അല്ലു അർജുന്റെ ആരാധകർ തിങ്ങിക്കൂടി തെലങ്കാനയിലെ തിയറ്ററിലുണ്ടായ മരണം കുറച്ച് നാൾ മുമ്പ് വാർത്തയായതാണ്. പുഷ്പ 2 വിന്റെ സ്ക്രീനിംഗിന് എത്തിയതായിരുന്നു അല്ലു അർജുൻ.
ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചു. മകന് ഗുരുതരമായി പരിക്കേറ്റു. പൊലീസ് മുന്നറിയിപ്പ് അല്ലു അർജുൻ അവഗണിച്ചെന്നാണ് തെലങ്കാന സർക്കാർ ആരോപിച്ചത്. യുവതി മരിച്ചെന്ന് കേട്ടപ്പോൾ സിനിമ ഹിറ്റാകുമെന്ന് നടൻ ചിരിയോടെ പറഞ്ഞെന്ന് താനറിഞ്ഞതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചു. എന്നാൽ ആരോപണം അല്ലു അർജുൻ നിഷേധിച്ചു. സംഭവത്തിൽ അല്ലു അർജുൻ കസ്റ്റഡിയിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു.


Click it and Unblock the Notifications

