കാന്താര ചാപ്റ്റർ 1ലെ നായിക, അശോക് ചക്ര നേടിയ സൈനികന്റെ മകൾ: രുക്മിണി വസന്ത് ആരാണ്?
കാന്താര: ചാപ്റ്റർ 1 എന്ന ഋഷഭ് ഷെട്ടിയുടെ പുതിയ ചിത്രം, അദ്ദേഹത്തിനന്റെ മുൻ ചിത്രം കാന്താരയെ കടത്തി വെട്ടുന്ന വിജയമായിക്കൊണ്ടിരിക്കുകയാണ്. നായകനും സംവിധയകനുമായ ഋഷഭിനൊപ്പം, ചിത്രത്തിൽ പ്രശംസ നേടിക്കൊണ്ടിരിക്കുന്ന മറ്റൊരു താരമാണ് അതിൽ നായികയായി എത്തിയ രുക്മിണി വസന്ത്. ഇത് വരെയും മലയാള സിനിമയിൽ നേരിട്ട് എത്തിയിട്ടില്ലെങ്കിലും, മലയാളി പ്രേക്ഷകർക്ക് പരിചിതയാണ് രുക്മിണി. അതിന് കാരണം, അവരുടെ മൂന്നാമത്തെയും നാലാമത്തെയും ചിത്രങ്ങളായ സപ്ത സഗാരാദാചെ എല്ലോ സൈഡ് എയും, സൈഡ് ബിയുമാണ്.
എന്നാലിപ്പോൾ, കാന്താര: ചാപ്റ്റർ 1ലെ രാജകുമാരി കനകവതി എന്ന കഥാപാത്രത്തിലൂടെ, 'നാഷണൽ ക്രഷ്' എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് രുക്മിണി വസന്ത്. ഒരുപാട് ലേയറുകളുള്ള, വെറുതെ നായകന് ഒരു പ്രണയിനി എന്ന രീതിയിൽ ഒതുങ്ങി പോകാത്ത കഥാപാത്രത്തെയാണ് ചിത്രത്തിൽ യുവ നടി അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ഇരുത്തം വന്ന പ്രകടനം കൊണ്ട്, ചെറുതായി പാളിയാൽ പോലും അരോചകമാകമായിരുന്ന കഥാപാത്രത്തെ മനോഹരമാക്കി രുക്മിണി.

കർണാടകയിൽ നിന്ന് ആദ്യമായി അശോക് ചക്ര നേടിയ സൈനികനായ കേണൽ വസന്ത് വേണുഗോപാലിന്റെയും, ഭരതനാട്യം നർത്തകിയും സാമൂഹിക പ്രവർത്തകയുമായ സുഭാഷിണി വസന്തിന്റെയും മൂത്ത മകളാണ് രുക്മിണി. 2007ൽ ജമ്മു-കശ്മീരിലെ ഉറിയിൽ നടന്ന ഭീകരാക്രമണത്തിലാണ് കേണൽ വസന്ത് വീര മൃത്യു വരിച്ചത്. അച്ഛന്റെ മരണ ശേഷം ജന്മനാടായ ബാംഗ്ലൂരിൽ കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയ രുക്മിണി വസന്ത്, ബാംഗ്ലൂർ ആർമി പബ്ലിക് സ്കൂൾ, എയർ ഫോഴ്സ് സ്കൂൾ ആൻഡ് സെന്റർ ഫോർ ലേർണിംഗ്, എന്നിവിടങ്ങളിലാണ് പഠിച്ചത്. സ്കൂൾ പഠനത്തിന് ശേഷം, തന്റെ മുഴുവൻ സമയവും അഭിനയത്തിനായി മാറ്റി വയ്ക്കാനാണ് നടി തീരുമാനിച്ചത്.

സ്കൂളിൽ വച്ച് തീയറ്റർ ഡ്രാമകളിൽ അഭിനയിച്ച് തുടങ്ങിയ രുക്മിണി വസന്ത്, അപ്പോൾ തന്നെ അഭിനയമാണ് തന്റെ വഴിയെന്ന് അന്നേ ഉറപ്പിച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞ് സ്കൂളിൽ നിന്ന് ഇറങ്ങിയതിന് ശേഷം ലണ്ടനിലെ ബ്ലൂംസ്ബെറിയിലുള്ള റോയൽ അക്കാഡെമി ഓഫ് ഡ്രമാറ്റിക് ആർട്ട്സിൽ നിന്നും അഭിനയത്തിൽ ഡിഗ്രി നേടിയിരുന്നു നടി. ശേഷം ഇന്ത്യയിൽ മടങ്ങിയെത്തി തീയറ്റർ ഡ്രാമകളിൽ സജീവമായി നിൽക്കുമ്പോഴാണ് ആദ്യ ചിത്രമായ ബീർബൽ ട്രിലോജി കേസ് 1: ഫൈൻഡിങ് വജ്രമുനി എന്ന ചിത്രത്തിൽ രുക്മിണി അഭിനയിക്കുന്നത്. പക്ഷെ കോവിഡ് കാലം തുടങ്ങിയതിടെ, നടിയുടെ കരിയറിൽ ഒരു നീണ്ട അപ്രതീക്ഷിതമായ ഇടവേള വന്നു.
എന്തായാലും 2023ൽ സിനിമയിലേക്ക് മടങ്ങിയെത്തിയ രുക്മിണി, സപ്ത സാഗരദാച്ചെ എല്ലോ സൈഡ് എ, സൈഡ് ബി. എന്നീ ചിത്രങ്ങളിലൂടെ വളരെയധികം പ്രശസ്തി നേടി. രക്ഷിത് ഷെട്ടി നായകനായ ചിത്രത്തിലെ പ്രിയ ആയുള്ള അവിസ്മരണീയ പ്രകടനത്തിൽ കന്നഡയിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും താരം നേടി. പിന്നീട്, ഭഗീര ഉൾപ്പെടെയുള്ള കന്നഡ ചിത്രങ്ങളിലൂടെ കൂടുതൽ പ്രശസ്തി നേടിയ താരം, മദാരാസി എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെ തമിഴിലും തിളങ്ങി.
യഷ് നായകനാവുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്സിക്, ജൂനിയർ എൻ.ടി.ആറും - പ്രശാന്ത് നീലും ഒന്നിക്കുന്ന ഡ്രാഗൺ എന്നീ ചിത്രങ്ങളാണ് രുക്മിണി വസന്തിന്റേതായി ഇനി തീയറ്ററിൽ എത്താറുള്ളത്. ഒപ്പം, ലെജൻഡറി ഫിലിംമേക്കർ മണി രത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ റൊമാന്റിക് ചിത്രത്തിൽ നായികയായി എത്തുന്നത് രുക്മിണിയാവും എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ധ്രുവ് വിക്രം ആണ് ചിത്രത്തിലെ നായകൻ എന്നാണ് വിവരം.


Click it and Unblock the Notifications











