സൂപ്പർതാര സിനിമകളിലെ നായിക, വീരപ്പന്റെ വെളിപ്പെടുത്തൽ, ഭർത്താവിന്റെ ഗാർഹിക പീഡനം; താരറാണിയുടെ നഷ്ടങ്ങൾ!
തൊണ്ണൂറുകളിൽ തമിഴ്, മലയാളം ഉൾപ്പെടെയുള്ള ഇന്റസ്ട്രിയിൽ തിളങ്ങി നിന്ന നടിയായിരുന്നു സുകന്യ രമേഷ് എന്ന സുകന്യ. ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും സ്ക്രീൻ ഷെയർ ചെയ്ത നായിക. അഭിനയിച്ച ഒട്ടുമിക്ക സിനിമകളും വിജയം. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ സഹനടി റോളുകളിലും മറ്റും പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. 2024ൽ ശക്തി ഐപിഎസ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഒരിടവേളയ്ക്കുശേഷം അവർ വീണ്ടും മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്.
സുകന്യയും കുപ്രസിദ്ധ കള്ളക്കടത്തുകാരനും വേട്ടക്കാരനുമായിരുന്ന വീരപ്പനും ഉൾപ്പെട്ട 30 വർഷം പഴക്കമുള്ള കേസിൽ മദ്രാസ് ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച സുപ്രധാന വിധിയെ തുടർന്ന് സുകന്യ വീണ്ടും വാർത്തകളിൽ നിറയുന്നു. 1996ൽ സൺ ടിവി സംപ്രേഷണം ചെയ്ത വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

അഭിമുഖത്തിൽ സുകന്യയെക്കുറിച്ച് വീരപ്പൻ പറഞ്ഞ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് പരിശോധിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാൻ സൺ ടിവി തയ്യാറായില്ലെന്നതാണ് കേസ് ഇപ്പോൾ സുകന്യയ്ക്ക് അനുകൂലമായി വരാൻ പ്രധാന കാരണങ്ങളിൽ ഒന്ന്. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകനുമായി സുകന്യയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു എന്നാണ് വിവാദമായി മാറിയ അഭിമുഖത്തില്‍ വീരപ്പന്‍ പറഞ്ഞത്.
അഭിമുഖം ചർച്ചയായതോടെ സുകന്യ നിയമപരമായി നീങ്ങി. കേസിൽ സുകന്യയ്ക്ക് അനുകൂലമായി വിധി വന്നു. പത്ത് ലക്ഷം രൂപ സൺ ടിവി നടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു വിധി. സൺ ടിവി അപ്പീലിന് പോയി. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം കീഴ് കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചിരിക്കുന്നു.
മാധ്യമപ്രവർത്തകനും നക്കീരൻ മാസികയുടെ എഡിറ്ററുമായ ആർ. രാജഗോപാൽ അഥവാ നക്കീരൻ ഗോപാൽ നടത്തിയ അഭിമുഖമാണ് സൺ ടിവി 1996ൽ സംപ്രേഷണം ചെയ്തത്. അന്ന് സുകന്യയുടെ സിനിമാജീവിതം ഉന്നതിയിൽ നിൽക്കുകയായിരുന്നു. വീരപ്പൻ നടത്തിയ ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്നും തന്റെ അന്തസിനെയും വ്യക്തിത്വത്തെയും മുറിവേൽപ്പിക്കുന്നതാണെന്നും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പൊതുസമൂഹത്തിനുമിടയിൽ തന്റെ പ്രതിച്ഛായയ്ക്ക് വലിയ ദോഷമുണ്ടാക്കിയെന്നും കാണിച്ചാണ് സുകന്യ കോടതിയെ സമീപിച്ചത്.
1996ലാണ് കേസ് ആരംഭിച്ചത്. 2015 ഏപ്രിലിൽ വിചാരണക്കോടതി സുകന്യയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച് നഷ്ടപരിഹാരം നൽകാൻ സൺ ടിവിയോട് നിർദേശിച്ചു. ഇതിനെതിരെ സൺ ടിവി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇപ്പോൾ ഹൈക്കോടതിയും അതേ വിധി ശരിവെച്ചിരിക്കുന്നു.

1991ൽ സംവിധായകൻ ഭാരതിരാജ സംവിധാനം ചെയ്ത പുതു നെല്ലു പുതു നാത്തു എന്ന ചിത്രത്തിലൂടെയാണ് സുകന്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം മലയാളത്തിലെ ഹിറ്റ് ചിത്രമായ ഇൻ ഹരിഹർ നഗർ എന്ന സിനിമയുടെ തമിഴ് റീമേക്കായ എംജിആർ നഗറിൽ എന്ന ചിത്രത്തിലും അവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് സുകന്യയുടെ സുവർണ കാലമായിരുന്നു. കരിയറിൽ വലിയ മുന്നേറ്റമുണ്ടായി.
വിജയകാന്ത് നായകനായ ചിന്ന ഗൗണ്ടർ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. അതേ വർഷം തന്നെ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും അവർ അരങ്ങേറ്റം കുറിച്ചു. തുടർന്നുള്ള വർഷങ്ങളിൽ കമൽഹാസന്റെ മഹാനദി, ഇന്ത്യൻ, മോഹൻലാലിന്റെ ചന്ദ്രലേഖ, രക്തസാക്ഷികൾ സിന്ദാബാദ്, മമ്മൂട്ടിയുടെ സാഗരം സാക്ഷി, ജയറാമിന്റെ തൂവൽക്കൊട്ടാരം ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു.
ഈ കാലഘട്ടത്തിൽ തമിഴ്നാട് സർക്കാരിന്റെ പരമോന്നത സാംസ്‌കാരിക ബഹുമതികളിലൊന്നായ കലൈമാമണി പുരസ്‌കാരവും ലഭിച്ചു. വീരപ്പന്റെ അഭിമുഖം വിവാദമായതോടെയാണ് നടിയുടെ കരിയറിന്റെ പതനം ആരംഭിച്ചത്. പിന്നീട് സൂപ്പർതാര ചിത്രങ്ങളിലെ നായികാവേഷങ്ങളിൽ നിന്ന് അവർ ക്രമേണ അകന്നു. കുറച്ച് നാളുകൾക്കുശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയെങ്കിലും കൂടുതലും ചെറിയ വേഷങ്ങളിലായിരുന്നു.
2000കളുടെ തുടക്കത്തിൽ ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പഴയ താരപദവി വീണ്ടെടുക്കാൻ അവർക്കായില്ല. 2002 ഏപ്രിലിൽ ന്യൂജേഴ്‌സിയിൽ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആർ. ശ്രീധറിനെ വിവാഹം കഴിച്ചു. തുടർന്ന് കുറച്ചുകാലം അമേരിക്കയിൽ താമസിച്ചെങ്കിലും 2003 ജനുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങി. ശേഷം ഭർത്താവിനെതിരെ ഗാർഹിക പീഡനാരോപണം ഉന്നയിച്ച് വിവാഹമോചനത്തിന് അപേക്ഷിക്കുകയും ചെയ്തു. അതിനുശേഷം സുകന്യ സിംഗിൾ ലൈഫ് നയിക്കുകയാണ്.


Click it and Unblock the Notifications


