ജ്യോതികയുടെ മനസ് മാറി, അതോടെ തുടങ്ങിയ പ്രശ്നങ്ങൾ; നടിക്കും വിജയ്ക്കുമിടയിൽ സംഭവിച്ചത്
തമിഴ് സിനിമകളിൽ ജ്യോതികയെ കണ്ടിട്ട് നാളേറെയായി. മുംബെെയിൽ താമസിക്കുന്ന നടി ഇന്ന് ഹിന്ദി സിനിമകളാണ് കൂടുതലും ചെയ്യുന്നത്. തെന്നിന്ത്യയിൽ നായികാ പ്രാധാന്യമുള്ള റോളുകൾ ഉണ്ടാകുന്നില്ലെന്നാണ് താരത്തിന്റെ വിമർശനം. ഒന്നിലേറെ തവണ തമിഴ് സിനിമാ രംഗത്തെ വിമർശിച്ച് ജ്യോതിക സംസാരിച്ചു. ഇത് നടിക്ക് നേരെ വ്യാപക സെെബർ ആക്രമണം വരാനും കാരണമായി. എന്നാൽ തന്റെ അഭിപ്രായത്തിൽ ജ്യോതിക ഉറച്ച് നിൽക്കുന്നു. വർഷങ്ങളായി കരിയറിൽ തുടരുന്ന, ശ്രദ്ധേയ വേഷങ്ങൾ ചെയ്ത തന്നെ എങ്ങനെ പ്രാധാന്യമില്ലാത്ത റോളുകളിലേക്ക് വിളിക്കാനാകുന്നു എന്നാണ് ജ്യോതികയുടെ ചോദ്യം.
ജ്യോതികയ്ക്കൊപ്പം നായികയായി തിളങ്ങിയ സിമ്രാനുൾപ്പെടെയുള്ള നടിമാർ ഒരു ഘട്ടത്തിൽ പ്രാധാന്യം കുറഞ്ഞ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ജ്യോതിക ഇതിന് തയ്യാറല്ല. തമിഴകത്ത് സിനിമ ചെയ്തേ തീരൂ എന്ന നിർബന്ധവും ജ്യോതികയ്ക്കില്ല. നല്ല അവസരങ്ങൾ വരുമ്പോൾ മാത്രം നടി സിനിമകളും സീരീസും ചെയ്യുന്നു.

ഒരു കാലത്ത് ആഘോഷിക്കപ്പെട്ട താരജോഡിയാണ് വിജയും ജ്യോതികയും. തിരുമലെെ, ഖുശി എന്നീ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന് തിരക്കേറിയ നടിയാണ് ജ്യോതിക. 2006 ൽ വിവാഹിതയായതോടെ കരിയറിൽ വലിയ ഇടവേള വന്നു. ജ്യോതികയുടെ സ്ഥാനത്തേക്ക് മറ്റ് നടിമാരെത്തി. വർഷങ്ങൾക്ക് ശേഷം 2015 ൽ 36 വയതിനിലേ എന്ന ചിത്രത്തിലൂടെ ജ്യോതിക സിനിമാ രംഗത്തേക്ക് തിരിച്ചെത്തി.
തിരിച്ച് വരവിൽ ജ്യോതികയ്ക്ക് ഓഫർ ചെയ്ത സിനിമകളിലൊന്നായിരുന്നു വിജയ് നായകനായ മെർസൽ. ചിത്രത്തിൽ നിത്യ മേനോൻ ചെയ്ത റോളിലേക്ക് ആദ്യം പരിഗണിച്ചത് ജ്യോതികയെയാണ്. എന്നാൽ നടി ചിത്രത്തിൽ നിന്നും പിന്മാറി. തിരക്കഥയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അവസാനം ഞാൻ പിന്മാറി. ക്രിയേറ്റീവ് ഡിഫറൻസ് ആയിരുന്നു എന്നാണ് ജ്യോതിക ഒരിക്കൽ ഇതേക്കുറിച്ച് പറഞ്ഞത്.

മെർസലിൽ ജ്യോതിക കമ്മിറ്റ് ചെയ്തെങ്കിലും മൂന്ന് ദിവസം മുമ്പ് നടി പിന്മാറിയെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നീടിങ്ങോട്ട് വിജയ്-ജ്യോതിക, സൂര്യ സൗഹൃദത്തിൽ വിള്ളൽ വന്നെന്നാണ് ആരാധകർ പറയുന്നത്. ജ്യോതിക മെർസലിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ കടുത്ത സെെബർ ആക്രമണം വിജയ് ആരാധകർ ജ്യോതികയ്ക്ക് നേരെ നടത്തി. മാസങ്ങളോളം ഇത് തുടർന്നു. നിത്യ മേനോന്റെ അഭിനയത്തെ പുകഴ്ത്തുകയും ജ്യോതികയെ ഇകഴ്ത്തുകയും ചെയ്ത് കമന്റുകൾ തുടരെ വന്നു. ഇത് ജ്യോതികയ്ക്ക് വിജയോട് നീരസമുണ്ടാകാൻ കാരണമായിട്ടുണ്ടാകുമെന്ന് നെറ്റിസൺസ് പറയുന്നു.
പിന്നീട് വിജയുടെ പേര് പല വേദികളിലും അഭിമുഖങ്ങളിലും ജ്യോതിക ഒഴിവാക്കി. ഐഫ അവാർഡ് ഷോയിൽ അജിത്ത് ഫാൻസിനെ മാത്രം ജ്യോതിക പ്രശംസിച്ചു. കംഫർട്ടബിളായ നായക നടൻമാരെക്കുറിച്ച് ചോദിച്ചപ്പോൾ മാധവന്റെയും അജിത്തിന്റെയുമെല്ലാം പേര് പറഞ്ഞെങ്കിലും വിജയ്നെ ഒഴിവാക്കി. ഇതെല്ലാം കൂട്ടിവായിച്ചാണ് ആരാധകർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. അതേസമയം ഒരു അഭിമുഖത്തിൽ വിജയ് തന്റെ കരിയറിൽ സ്ഥിരതയോടെ നീങ്ങി എന്ന് ജ്യോതിക പ്രശംസിച്ചിട്ടുണ്ട്. വിജയുടെ ആരാധകരിൽ നിന്നും കടുത്ത സെെബർ ആക്രമണം പല അഭിനേതാക്കൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്.


Click it and Unblock the Notifications











