സീറ്റിങ് ക്രമീകരിക്കുന്നത് പ്രോട്ടോകോൾ പ്രകാരം, അഹാനയുടേത് വെറും ഷോ, എന്തിനാണ് ഈ ഫെമിനിസം കാർഡ്?; വിമർശനം
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് 2024ലെ സിനിമ അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തിരുന്നു. മമ്മൂട്ടി മികച്ച നടനും ഷംല ഹംസ മികച്ച നടിക്കുമുള്ള പുരസ്കാരങ്ങൾ സ്വീകരിച്ചു. ചടങ്ങിന്റെ വീഡിയോയും ഫോട്ടോകളും വൈറലായശേഷം യുവനടി അഹാന കൃഷ്ണ സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു കുറിപ്പ് വൈറലായിരുന്നു. പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തെ വിമർശിച്ചായിരുന്നു അഹാനയുടെ കുറിപ്പ്.
പുരസ്കാര ജേതാക്കളായ സ്ത്രീകളെ മുൻനിരയിൽ ഇരുത്താതിരുന്നതിനെയാണ് അഹാന വിമർശിച്ചത്. ടൊവിനോ തോമസും ആസിഫ് അലിയും അടക്കമുള്ളവർ മുൻനിരയിലും നടിമാരായ ദിവ്യ പ്രഭയും കനി കുസൃതിയുമെല്ലാം രണ്ടാം നിരയിലുമായിരുന്നു ഇരുന്നത്. നടിയുടെ പോസ്റ്റ് പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ചർച്ചകളും ആരംഭിച്ചു.

എന്നാൽ അഹാന ഇത്തരം ഒരു കുറിപ്പ് പങ്കിട്ടത് കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ കയ്യടി മോഹിച്ച് മാത്രമാണെന്ന് വിമർശിക്കുകയാണ് സോഷ്യൽമീഡിയ ഉപയോക്താക്കളിൽ ഒരാൾ. ഇത്തരം പുരസ്കാര നിശകളിൽ സീറ്റിങ് ക്രമീകരിക്കുന്നത് പ്രോട്ടോകോൾ പ്രകാരമാണെന്നും അവിടെ ആൺ പെൺ വിത്യാസമില്ലെന്നും കുറിപ്പിൽ പറയുന്നു. അഹാന കൃഷ്ണയുടെ സീറ്റിങ് വിവാദം വസ്തുതകൾ അറിയാതെ ലൈംലൈറ്റിന് വേണ്ടിയുള്ള വെറും ഷോ മാത്രം.
കഴിഞ്ഞ ദിവസം നടന്ന അമ്പത്തിയഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെ ചൊല്ലി നടി അഹാന കൃഷ്ണ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സ്ത്രീകളെല്ലാവരും പിന്നിലായിപ്പോയത് യാദൃച്ഛികമാണോ? എന്ന അഹാനയുടെ ചോദ്യം കേട്ടാൽ തോന്നും അവിടെ വലിയൊരു ലിംഗവിവേചനം നടന്നുവെന്ന്.
എന്നാൽ സത്യമെന്താണ്?ഇവിടെ അറിയേണ്ട ചില വസ്തുതകളുണ്ട്. മികച്ച നടിക്കുള്ള അവാർഡ് ജേതാവായ ഷംല ഹംസ മുൻനിരയിൽ മികച്ച നടൻമാർക്കും സംവിധായകർക്കും ഒപ്പമാണ് ഇരുന്നത്. അഹാന ആരോപിക്കുന്നത് പോലെ സ്ത്രീകളെല്ലാവരും പിന്നിലായിരുന്നില്ല. ഇത്തരം ഔദ്യോഗിക ചടങ്ങുകളിൽ സീറ്റിങ് ക്രമീകരിക്കുന്നത് അവാർഡ് വിഭാഗങ്ങൾക്ക് അനുസരിച്ചാണ്. മികച്ച നടൻ, നടി, സംവിധായകൻ, ജൂറി പരാമർശം ലഭിച്ചവർ എന്നിവരെയാണ് മുൻനിരയിൽ പരിഗണിക്കുന്നത്.
അതാണ് സീറ്റിങ് പ്രോട്ടോകോൾ. മികച്ച സഹനടൻ, സഹനടി, സംഗീത സംവിധായകർ, ഗായകർ എന്നിവർക്ക് തൊട്ടടുത്ത നിരകളിലാണ് സീറ്റുകൾ നൽകാറുള്ളത്. ഇത് ആണിനും പെണ്ണിനും ഒരുപോലെ ബാധകമായ ഒന്നാണ്. മമ്മൂട്ടിയും ടൊവിനോയും ആസിഫ് അലിയും മുൻനിരയിൽ ഇരുന്നത് അവർക്ക് ലഭിച്ച പുരസ്‌കാരങ്ങളുടെ വിഭാഗം അനുസരിച്ചാണ്.

ഒരു ഓൺലൈൻ മാധ്യമം പങ്കുവെച്ച അപൂർണ്ണമായ വീഡിയോ കണ്ടിട്ടാണ് അഹാന ഇത്തരമൊരു പ്രതികരണം നടത്തിയത്. ചടങ്ങിന്റെ മുഴുവൻ ദൃശ്യങ്ങൾ പരിശോധിച്ചാൽ അഹാനയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് മനസിലാകും. എന്തിനാണ് ഈ ഫെമിനിസം കാർഡ്?. കാര്യങ്ങൾ കൃത്യമായി അന്വേഷിക്കാതെ താൻ എന്തോ വലിയ വിപ്ലവം നടത്തുകയാണെന്ന ഭാവത്തിൽ സ്റ്റോറി ഇടുന്നത് വെറും കൈയടിക്ക് വേണ്ടിയാണെന്ന് പറയേണ്ടി വരും.
പ്രശസ്തരായ നടിമാർപോലും പരാതിപ്പെടാത്ത ഇടത്ത് വസ്തുതകൾ വളച്ചൊടിച്ച് ലിംഗവിവേചനം ആരോപിക്കുന്നത് അഹാനയുടെ സ്ഥിരം പബ്ലിസിറ്റി സ്റ്റണ്ട് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാംസ്‌കാരിക കേരളം ആദരവോടെ നോക്കിക്കാണുന്ന ഒരു വേദിയിൽ ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നത് പുച്ഛത്തോടെ മാത്രമേ കാണാൻ കഴിയൂ എന്നായിരുന്നു കുറിപ്പ്.
അഹാനയുടെ കുറിപ്പ് വൈറലായതോടെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും എത്തി. നടിയുടെ സിനിമാ കരിയറിന്റെ ഇപ്പോഴത്തെ സ്ഥിതിയെ അടക്കം പരിഹസിച്ചും പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. അഹാനയുടെ ചോദ്യം പ്രസക്തമാണെന്ന് കമന്റ് ചെയ്തവരും ഏറെയാണ്.


Click it and Unblock the Notifications











