അന്ന് ആ സ്ത്രീയെ മദ്യപാനിയെന്ന് ചാപ്പകുത്തി, മകൾക്കായി ചെയ്യേണ്ട മാർക്കറ്റിങ് തന്ത്രം അയാൾക്കറിയാം; കുറിപ്പ്
മാതാപിതാക്കളുടെ പാത പിന്തുടർന്ന് മനോജ് കെ ജയന്റെയും ഉർവശിയുടേയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സുന്ദരിയായവൾ സ്റ്റെല്ല എന്ന സിനിമയിൽ ടൈറ്റിൽ റോളിലൂടെയാണ് തേജാലക്ഷ്മിയുടെ അഭിനയ അരങ്ങേറ്റം. കഴിഞ്ഞ ദിവസം സിനിമയുടെ ലോഞ്ച് ചടങ്ങിൽ മകൾക്കൊപ്പം മനോജ് കെ ജയനും പങ്കെടുത്തിരുന്നു. ചടങ്ങിൽ മനോജ് നടത്തിയ പ്രസംഗവും വൈറലായിരുന്നു.
മുൻ ഭാര്യ ഉർവശിയെ കുറിച്ച് സംസാരിക്കുന്നതിനിടെ നടൻ വിതുമ്പി കരഞ്ഞ രംഗങ്ങളും വൈറലായിരുന്നു. ഉർവശിയുടെ പൂർണ്ണ സമ്മതം കൂടി ലഭിച്ചശേഷമാണ് മകൾ സിനിമയിൽ അരങ്ങേറുന്നതെന്നാണ് മനോജ് പറഞ്ഞ്. തേജാലക്ഷ്മിക്ക് ഏഴ് വയസ് പ്രായമുള്ളപ്പോഴാണ് മനോജും ഉർവശിയും ബന്ധം വേർപ്പെടുത്തിയത്. ഉർവശി മദ്യപാനിയാണെന്ന് കാണിച്ച് കുഞ്ഞിന്റെ കസ്റ്റഡി മനോജ് കെ ജയൻ വാങ്ങിയിരുന്നു. എന്നാൽ ഇന്ന് അമ്മയുടേയും അച്ഛന്റേയും സ്നേഹം അനുഭവിച്ച് തന്നെയാണ് തേജലക്ഷ്മി വളരുന്നത്.

ഇപ്പോഴിതാ മനോജ് കെ ജയനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ചർച്ചയാകുന്നത്. ലക്ഷ്മി എൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലാണ് മനോജ് കെ ജയൻ വർഷങ്ങൾക്ക് മുമ്പ് ചെയ്ത ചില കാര്യങ്ങളെ വിമർശിച്ച് കുറിപ്പുള്ളത്. പോസ്റ്റിൽ എഴുതിയത് ഇങ്ങനെയായിരുന്നു... കാലം എന്തിനോടാണ് കണക്ക് പറയാത്തത്?.
ഒരിക്കൽ ഒരമ്മയുടെ കൈയ്യിൽ നിന്നും മകളെ പിടിച്ച് പറിച്ചു കൊണ്ട് പോകാനുള്ള വ്യഗ്രതക്കിടയിൽ അയാൾ ലോകർക്ക് മുമ്പിൽ തന്റെ ഭാര്യ ഒരു മദ്യപാനിയാണെന്ന് വിളിച്ച് പറഞ്ഞു. മീഡിയയെ വിളിച്ച് കൂട്ടി അത് പറയാതിരിക്കുക എന്ന മര്യാദ അയാൾ കാണിച്ചില്ല. അന്ന് ആ മര്യാദക്കേടിന് എതിരായി ആ അമ്മ പ്രതിഷേധ വാക്കുകൾ പറഞ്ഞു. എല്ലാം ജനങ്ങൾക്ക് ചർച്ചയാക്കാനുള്ള കാരണങ്ങളുമായി. നിങ്ങൾക്കറിയാമോ... അന്നത്തെ അയാളുടെ ആ വീഡിയോ ഇന്നും യൂട്യൂബിനകത്ത് കിടപ്പുണ്ട്. ഒപ്പം ആ അമ്മയുടെ പ്രതിഷേധത്തിന്റെയും.
മദ്യപാനിയെന്ന അന്നത്തെ അയാളുടെ ചാപ്പ കുത്തൽ അന്ന് ഏതാണ്ട് 27/28 ലക്ഷം പേരാണ് കണ്ടത്. ഒന്നാലോചിച്ച് നോക്കൂ... അന്ന് ആ സ്ത്രീ അത് കേട്ട് എത്രത്തോളം തകർന്ന് കാണുമെന്ന്. ഒരു സ്ത്രീയെ സമൂഹത്തിന് മുമ്പിൽ മോശക്കാരിയാക്കാനുള്ള രണ്ടേ രണ്ട് തന്ത്രങ്ങളാണ് ആണുങ്ങൾ അന്നും ഇന്നും ഉപയോഗിക്കുന്നത്. ഒന്ന് മദ്യപാനം. മറ്റൊന്ന് വ്യഭിചാരം. അതിൽ ആദ്യത്തെ തന്ത്രമയാൾ പയറ്റി. ഇനി അഥവാ ഒപ്പം ജീവിച്ച സ്ത്രീ മദ്യപാനിയാകുന്നുവെങ്കിൽ ആ മദ്യപാനം അവരുടെ ജീവിതത്തെ തകർക്കുന്നുവെങ്കിൽ ആ സ്ത്രീയെ അതിൽ നിന്ന് കര കയറ്റേണ്ട ഉത്തരവാദിത്തം അയാൾക്കില്ലേ?.
ഇനി ആ ഉത്തരവാദിത്തത്തിനും മുമ്പ് തന്നെ ഒരു സ്ത്രീയെ കടുത്ത മദ്യപാനത്തിലേക്ക് നയിക്കാതിരിക്കാൻ മാത്രമുള്ള സ്‌ട്രെസ്സ് കൊടുക്കാതിരിക്കുക എന്ന ഉത്തരവാദിത്തമയാൾക്കില്ലേ?. അതൊക്കെ അയാൾ ചെയ്തോ എന്ന ചോദ്യം പോട്ടെ. ഇത്തിരിയോളം പോന്നൊരു കുഞ്ഞിനേയും കൂട്ടി മീഡിയക്ക് മുമ്പിലിരുന്ന് ആ കുഞ്ഞ് കേൾക്കെ അവളുടെ അമ്മയൊരു മദ്യപാനിയാണെന്ന് കൂടി ലോകത്തോട് പിന്നെയും വിളിച്ച് പറഞ്ഞില്ലേ അയാൾ.

ഇന്ന് ആ കുഞ്ഞ് വളർന്ന് വലുതായി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നു. അപ്പോഴിതാ അയാൾ മീഡിയക്ക് മുമ്പിലിരുന്ന് പറയുന്നു... അഭിനയിക്കാൻ ഇറങ്ങുന്നതിന് മുമ്പ് അമ്മയുടെ അനുഗ്രഹമാണ് ആദ്യം മേടിക്കേണ്ടതെന്ന് താൻ മകളോട് പറഞ്ഞുവെന്ന്. കാരണം അവർ ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ വേഴ്‌സറ്റാലിറ്റിയുള്ള ആക്ട്രസ് ആണെന്ന്. അത് പറഞ്ഞ് തീർന്നതും അയാളുടെ കണ്ണുകൾ നിറഞ്ഞു. അയാൾ ഇമോഷണലായി. ഇതാണ് കാലത്തിന്റെ കളി.
ഒരിക്കൽ സ്വന്തം മകളെ ചേർത്തിരുത്തി അവൾ കേൾക്കെ അവളുടെ അമ്മയൊരു മദ്യപാനിയാണെന്നും പറഞ്ഞ് ആ അമ്മയിൽ നിന്ന് മകളെ പറിച്ചെടുക്കാൻ നോക്കിയ ആ അമ്മയെ അപമാനിക്കാൻ ശ്രമിച്ച അയാൾ ഇതാ ഇന്ന് കുഞ്ഞിന്റെ കരിയറിലേക്ക് തന്റെ മുൻ ഭാര്യയെ, അവളുടെ അമ്മയെ അഭിമാനത്തോടെ ചേർത്ത് കെട്ടി സംസാരിക്കുന്നു. കാരണം മകൾക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച മാർക്കറ്റിങ് തന്ത്രം അതാണെന്ന് അയാൾക്കറിയാം.
ഉർവശിയുടെ മകൾ. ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ വേഴ്‌സറ്റാലിറ്റിയുള്ള ആക്ട്രസിന്റെ മകൾ. തകർന്നയിടത്ത് നിന്നും ഇനിയും താഴേക്ക് വീഴാതെ പിടിച്ചെഴുന്നേറ്റ് വന്നവളാണ് ഉർവശി. അങ്ങനെ കുതിച്ച് കയറി മുന്നോട്ട് പോയവളാണ് ഉർവശി. അങ്ങനെ പടുത്തുയർത്തിയതാണ് അവർ ആ കരിയർ. അങ്ങനെ അവരുണ്ടാക്കിയ ഒന്നിനെ തള്ളി കളയാൻ ഇന്ന് അയാൾക്ക് കഴിയില്ല.
നിഷേധിക്കാൻ ഒരിക്കലുമാകില്ല. പക്ഷെ അതിനെ ബുദ്ധിപരമായി ഉപയോഗിക്കാൻ അയാൾക്കാവും. ഇതാണ് ഞാൻ പറഞ്ഞത് ഒരിക്കൽ നിങ്ങളെ ഇകഴ്ത്തിയവർക്ക് തന്നെ നിങ്ങളെ പുകഴ്ത്തേണ്ടി പറയേണ്ടി വരുന്ന സാഹചര്യം കാലം തരും. അതാണ് കാലത്തിന്റെ കാവ്യനീതി എന്നായിരുന്നു കുറിപ്പ്. മനോജ് കെ ജയനുമായുള്ള ബന്ധം വേർപ്പെടുത്തിയ ഉർവശി പിന്നീട് സംവിധായകനായ ശിവപ്രസാദിനെ വിവാഹം ചെയ്തു. ആ ബന്ധത്തിൽ ഒരു ആൺകുഞ്ഞും നടിക്കുണ്ട്.


Click it and Unblock the Notifications











