താരറാണിക്ക് ഗീതുവിന്റെ ചിത്രത്തിൽ ലഭിക്കുന്ന തുക...; നയൻതാര സമ്മതിച്ചോ? കിയാരയ്ക്കും പിന്നിൽ
ആരാധകർ കാത്തിരിക്കുന്ന യാഷ് ചിത്രം ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ് റിലീസിനോടടുക്കുകയാണ്. മാർച്ച് 19 ന് ചിത്രം റിലീസ് ചെയ്യും. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടതായിരുന്നു ടോക്സിക്. എന്നാൽ ചിത്രം അപ്പോഴേക്കും പൂർത്തിയായില്ല. റിലീസ് നീണ്ട് പോയതിനാൽ ആരാധകർ അക്ഷമരായിരുന്നു. കാരണം 2022 ൽ കെജിഎഫ് 2 റിലീസ് ചെയ്ത ശേഷം യാഷിന്റെ മറ്റൊരു സിനിമയും റിലീസ് ചെയ്തിട്ടില്ല. കെജിഎഫ് 2 വിന്റെ വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴാണ് ഗീതു യാഷിനെ തന്റെ പ്രൊജക്ടുമായി സമീപിക്കുന്നത്.
യാഷ് സമ്മതം പറഞ്ഞത് സിനിമാ ലോകത്ത് വലിയ അത്ഭുതമായി. കാരണം ഒരു കൊമേഴ്ഷ്യൽ സിനിമാ സംവിധായികയായി അറിയപ്പെടുന്ന ആളല്ല ഗീതു മോഹൻദാസ്. ഈ കൂട്ടുകെട്ടിൽ വരുന്ന സിനിമ എങ്ങനെയായിരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. യാഷിനെ കൂടാതെ വലിയ താരനിര സിനിമയിലുണ്ട്. നയൻതാര, കിയര അദ്വാനി, രുക്മിണി വാസന്ത് തുടങ്ങിയ മുൻനിര നായിക നടിമാരാണ് ടോക്സിക്കിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടോക്സിക്കിലെ നായിക നടിമാരുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടാണിപ്പോൾ ചർച്ചയാകുന്നത്. ബോളിവുഡ് നടിയായ കിയാരയാണ് യാഷിന്റെ നായികയായി ടോക്സിക്കിൽ അഭിനയിക്കുന്നത്. നാദിയ എന്നാണ് കഥാപാത്രത്തിന്റെ പേര്. ബോളിവുഡ് ശാദിയുടെ റിപ്പോർട്ട് പ്രകാരം 15 കോടി രൂപയാണ് കിയാരയ്ക്ക് ലഭിച്ച പ്രതിഫലം.
തെന്നിന്ത്യൻ താരറാണി നയൻതാര ഗംഗ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 12 കോടിയാണ് നയൻതാരയുടെ പ്രതിഫലം. കിയാരയേക്കാൾ കുറവാണ് നയൻതാരയുടെ പ്രതിഫലമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. കിയാരയേക്കാൾ സീനിയറാണ് നയൻതാര. അതേസമയം ഇവർക്ക് ടോക്സിക്കിൽ എത്രത്തോളം പ്രാധാന്യമുള്ള വേഷമാണെന്ന് വ്യക്തമല്ല. യാഷിന്റെ സഹോദരിയുടെ റോളാണ് നയൻതാരയ്ക്ക്. നേരത്തെ കരീന കപൂറിനെയാണ് ഈ ചിത്രത്തിലേക്ക് പരിഗണിച്ചത്. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല. ഇതോടെ നയൻതാര ടോക്സിക്കിലേക്ക് എത്തി.
നയൻതാരയെ സംബന്ധിച്ച് ഇത് പോലൊരു ചിത്രം കരിയറിൽ അനിവാര്യമായിരുന്ന ഘട്ടം. നിരവധി ഫ്ലോപ്പുകൾക്ക് നടുവിലായിരുന്നു നയൻതാര. അഭിനയം പോരെന്ന വിമർശനവും. യാഷ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം, അഭിനയപ്രാധാന്യമുള്ള റോളുകൾ സൃഷ്ടിക്കുന്ന ഗീതു മോഹൻദാസ് എന്നീ രണ്ട് ഘടകങ്ങളായിരിക്കാം നയൻതാരയെ ടോക്സിക്കിലേക്ക് ആകർഷിച്ചത്.


Click it and Unblock the Notifications