'കോടികൾ വാരിയെറിഞ്ഞ് രാജകീയ പ്രൗഢിയിൽ മിന്നുകെട്ട്', 2021ലെ ബോളിവുഡ് വിവാഹങ്ങൾ!
2021 ആരംഭിച്ചത് ലോക്ക് ഡൗൺ കൊവിഡ് ബാക്കിപത്രമായാണ്. കൊവിഡിന് കുറവില്ലാതിരുന്നതിനാൽ പുതുവർഷാഘോഷം പോലും എല്ലാവരും പരിമിതപ്പെടുത്തി ആഘോഷം വീട്ടിലേക്ക് ചുരുക്കി. 2021 പകുതിയായതോടെയാണ് ആഘോഷങ്ങൾ ചെറിയ രീതിയിലെങ്കിലും നടത്തി തുടങ്ങിയത്. പരിമിതമായ സഖ്യയിൽ ആളുകളെ ഒതുക്കി വേണം ആഘോഷങ്ങൾ നടത്താനെന്ന് നിർദേശവുമുണ്ടായിരുന്നു. അതുകൊണ്ട് ബോളിവുഡ് നിശാ പാർട്ടികളിൽ അടക്കം ആളുകൾ കുറഞ്ഞു.
അപ്രതീക്ഷിതമായ നിരവധി താര വിവാഹങ്ങൾ ഈ വർഷം ബോളിവുഡിൽ സംഭവിച്ചു. ഒട്ടും പ്രതീക്ഷിക്കാത്തവർ വരെ വിവാഹിതരായ വർഷം കൂടിയായിരുന്നു 2021. കൊവിഡ് പശ്ചാത്തലത്തിൽ ചിലർ വളരെ രഹസ്യമായി അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് വിവാഹം നടത്തിയപ്പോൾ മറ്റ് ചിലർ നാനാഭാഗത്ത് നിന്ന് ആളുകളെ ക്ഷണിച്ച് മൂന്ന്, നാല് ദിവസം നീണ്ട ചടങ്ങായിട്ടാണ് നടത്തിയത്. ഈ വർഷം വിവാഹിതരായ ബോളിവുഡ് താരജോഡികളുടെ വിശേഷങ്ങളിലേക്ക്....

ഈ വർഷം നടന്നതിൽ ഏറ്റവും കൂടുതൽ ചർച്ചയാക്കപ്പെട്ട വിവാഹമായിരുന്നു വിക്കി-കത്രീന വിവാഹം. ഒറ്റ സിനിമയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലാത്ത താരങ്ങൾ എങ്ങനെ പ്രണയത്തിലായി എന്നത് ഇപ്പോഴും അഞ്ജാതം. കോടികൾ മുടക്കി രാജകീയ പ്രൗഢിയിൽ രാജസ്ഥാനിലാണ് വിക്കി-കത്രീന സ്വപ്ന വിവാഹം നടന്നത്. ഡിസംബർ ഒമ്പതിനായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത താരവിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിവാഹ ദിവസം കത്രീന സബ്യ സാച്ചി ഡിസൈൻ ചെയ്ത ലെഹങ്കയാണ് ധരിച്ചത്. ക്രീം നിറത്തിലുള്ള കുർത്തയായിരുന്നു വിക്കിയുടെ വേഷം. കത്രീനയ്ക്ക് വേണ്ടി മാത്രമായി ബന്ദാനി, ഗോത വർക്ക്, ബ്ലോക്ക് പ്രിന്റിംഗ്, ഹാൻഡ് ഡൈയിംഗ് തുടങ്ങിയ ക്ലാസിക്കൽ ഡിസൈനാണ് ലെഹങ്കയിൽ ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിലെ ചൗത് കാ ബർവാര ടൗണിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാരയിലായിരുന്നു വിവാഹം. വിവാഹിതരാകുമെന്ന് ഗോസിപ്പുകഴൾ പ്രചരിച്ചിരുന്നപ്പോലും വിക്കിയോ കത്രീനയോ പ്രതികരിച്ചിരുന്നില്ല.

മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വരുൺ നടാഷയെ വിവാഹം ചെയ്തത്. താരത്തിന്റെ സ്കൂൾ കാലം തൊട്ടുള്ള സുഹൃത്താണ് നടാഷ ദലാൽ. നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. ബോളിവുഡ് സംവിധായകൻ ഡേവിഡ് ധാവന്റെ മകനാണ് വരുൺ ധവാൻ. മുംബൈയിലെ പ്രമുഖ ഫാഷൻ ലേബലായ നടാഷ ദലാൽ ലേബൽ ഉടമയാണ് നടാഷ. കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ ഷോയിൽ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുൺ തുറന്നു പറഞ്ഞിരുന്നു. 2020 മേയ് മാസത്തിൽ പ്ലാൻ ചെയ്തിരുന്ന വിവാഹം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.

ബോളിവുഡ് നടി ദിയ മിർസയും വൈഭവ് രേഖിയും ഫെബ്രുവരി 15നായിരുന്നു വിവാഹിതരായത്. വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഒരു വർഷത്തോളമായി വൈഭവും ദിയയും പ്രണയത്തിലായിരുന്നു. ദിയയുടെ രണ്ടാം വിവാഹമാണ് ഇത്. മുമ്പ് സഹിൽ സൻഹയെ വിവാഹം ചെയ്തിരുന്നെങ്കിലും 2019ൽ ഇവർ പിരിയുകയായിരുന്നു. മാധവൻ നായകനായെത്തിയ രെഹ്ന ഹേ തേരെ ദിൽ മേം എന്ന ചിത്രത്തിലാണ് ദിയ ആദ്യമായി അഭിനയിക്കുന്നത്. പരിനീത, ഓം ശാവ്തി ഓം, കിസാൻ, കുർബാൻ, സലാം മുബൈ, സഞ്ജു, ഥപ്പട് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ദിയ.

ബോളിവുഡ് താരം യാമി ഗൗതം ജൂണിലാണ് വിവാഹിതയായത്. ഹിന്ദി ചിത്രം 'ഉറി'യുടെ സംവിധായകൻ ആദിത്യ ധർ ആണ് വരൻ. വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ വാർത്ത ഇരുവരും സോഷ്യൽ മീഡിയകളിലൂടെയാണ് പങ്കുവെച്ചത്. സ്ഥിരം വിവാഹ വസ്ത്രമായ ലെഹങ്ക ഒഴുവാക്കി മനോഹരമായ ചുവന്ന ബ്രൈഡൽ സാരിയാണ് വിവാഹത്തിനായി താരം തിരഞ്ഞെടുത്തത്. മനോഹരമായി ഫ്ലോറൽ വർക്ക് ചെയ്ത മാച്ചിങ് ബ്ലൗസും അതിന് ചേരുന്ന ദുപ്പട്ടയുമാണ് അണിഞ്ഞിരുന്നത്. അതിനോടൊപ്പം വലിയൊരു ചോക്കർ മാലയും പരമ്പരാഗത ചൂഡ വളകളും അണിഞ്ഞിരുന്നു. ഒരു ക്ലാസിക് ഐവറി നിറത്തിലുള്ള ഷെർവാണി ആണ് വരൻ ധർ ധരിച്ചിരുന്നത്.

ബോളിവുഡ് താരം രാജ്‌കുമാർ റാവു നവംബറിലാണ് വിവാഹിതനായത്. ഏറെ നാളായി രാജ്‌കുമാറിന്റെ കൂട്ടുകാരിയായ പത്രലേഖയെയാണ് താരം വിവാഹം ചെയ്തത്. 11 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് രാജ് കുമാർ പത്രലേഖയെ സ്വന്തമാക്കിയത്. ന്യൂ ചണ്ഡിഗഡിൽ വെച്ചായിരുന്നു വിവാഹം. പരമ്പരാഗത രീതിയിൽ നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത ഡിസൈനിലുള്ള ഓഫ്-വൈറ്റ് ഷെർവാണിയും ചുവന്ന തലപ്പാവും പിങ്ക് ദുപ്പട്ടയും അണിഞ്ഞ് രാജ്‌കുമാർ എത്തിയപ്പോൾ ചുവന്ന നിറത്തിലുള്ള ലെഹങ്കയായിരുന്നു പത്രലേഖ അണിഞ്ഞത്. ഗോൾഡൻ വർക്ക് ചെയ്ത ദുപ്പട്ടയിൽ എന്റെ എല്ലാ സ്നേഹവും നിനക്ക് ഞാൻ പണയം വയ്ക്കുന്നു എന്നർത്ഥം വരുന്ന വാക്കുകൾ ബംഗാളി ഭാഷയിൽ തുന്നി പിടിപ്പിച്ചിരുന്നു.
Recommended Video

സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലോഖണ്ഡേ ഡിസംബർ 14ന് മുംബൈയിലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന ആഢംബര വിവാഹ ചടങ്ങിൽ വെച്ചാണ് തന്റെ കാമുകൻ വിക്കി ജെയ്നെ വിവാഹം ചെയ്തത്. മനീഷ് മൽഹോത്രയുടെ സ്വർണ്ണ നിറം കലർന്ന ലെഹംഗയാണ് അങ്കിത തന്റെ വലിയ ദിവസത്തിനായി തെരഞ്ഞെടുത്തത്. സുശാന്ത് സിങിൽ നിന്നും പിരിഞ്ഞ ശേഷമാണ് വ്യവസായിയായ വിക്കിയുമായി അങ്കിത പ്രണയത്തിലായത്. ബോളിവുഡ് ഒഴുകിയെത്തിയ വിവാഹമായിരുന്നു അങ്കിതയുടേയത്. ദിവസങ്ങളോളും നീണ്ട ആഘോഷ ചടങ്ങായിരുന്നു അങ്കിതയുടെ വിവാഹം. വിവാഹ ചിത്രങ്ങളെല്ലാം അങ്കിത സോഷ്യൽമീഡിയയിൽ പങ്കുവെച്ചട്ടുണ്ട്.


Click it and Unblock the Notifications