'ഇത് അവരുടെ കാലമല്ലേ'; ചരിത്രം തിരുത്തിയ കൗമാര ഗ്യാങ്, 2024 നസ്ലിനും അനശ്വരയ്ക്കും മമിതയ്ക്കും സ്പെഷ്യലാണ്
സിനിമ അൺപ്രഡിക്ടഡാണെന്ന് വീണ്ടും ആസ്വാദകർക്ക് മനസിലായ ഒരു വർഷമാണ് 2024. ആര് വാഴും ആര് വീഴും എന്നത് പ്രവചനാതീതം. ഒന്നും പ്രതീക്ഷിക്കാനോ ആഗ്രഹിക്കാനോ കഴിയില്ല. ഓരോ വെള്ളിയാഴ്ചയും സിനിമയെന്ന മാജിക്കിന്റെ പുതിയ മുഖങ്ങൾ തെളിയും. 2024 മലയാള സിനിമയ്ക്ക് നല്ലൊരു വർഷം തന്നെയായിരുന്നു. ഒട്ടനവധി ഹിറ്റുകൾ പിറന്നു... ഭാഷകളുടെ അതിർവരമ്പുകൾ താണ്ടി മലയാള സിനിമ ആഘോഷിക്കപ്പെട്ടു. റിലീസ് ചെയ്യപ്പെട്ടതിൽ ഒട്ടുമിക്ക സിനിമകളും ബോക്സ് ഓഫീസിൽ കോടികൾ വാരി.
താരമൂല്യമുള്ള നടന്മാർക്കും നടിമാർക്കും മാത്രമെ സിനിമകൾ വിജയിപ്പിച്ച് ബോക്സ് ഓഫീസിൽ കോടികൾ നേടാനാവൂവെന്ന വിശ്വാസം നിലംപതിച്ച വർഷം കൂടിയായിരുന്നു 2024. സൂപ്പർസ്റ്റാറുകൾക്കും മുകളിലായിരുന്നു യുവതാരങ്ങളിൽ പലരുടെയും പ്രകടനവും വിജയവും. മലയാള സിനിമയുടെ ചരിത്രവും സ്വന്തം തലവരയും മാറ്റിയെഴുതിയ മൂന്ന് പേരുടെ വിജയത്തിനും മലയാള സിനിമ സാക്ഷ്യം വഹിച്ചു.

നസ്ലിൻ ഗഫൂർ, അനശ്വര രാജൻ, മമിത ബൈജു എന്ന കൗമാര ഗ്യാങ് ഈ വർഷം തിയേറ്ററിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. തുച്ഛമായ തുകയ്ക്ക് ചെറിയ വേഷങ്ങളിൽ അഭിനയിച്ച് മലയാള സിനിമയിൽ ചുവടുറപ്പിച്ച താരങ്ങൾ ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള താരമൂല്യമുള്ള അഭിനേതാക്കളുടെ ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. ഈ വർഷം ആദ്യം ഹിറ്റുകളുടെ അക്കൗണ്ട് തുറന്നത് അനശ്വര രാജനായിരുന്നു.
കണ്ണൂർകാരിയായ ഇരുപത്തിരണ്ടുകാരി ഈ വർഷം നാല് ഹിറ്റുകൾ സമ്മാനിച്ചു. അനശ്വര ഭാഗമായ ഇക്കൊല്ലം റിലീസ് ചെയ്ത സിനിമകളെല്ലാം ബോക്സ് ഓഫീസിൽ കോടികൾ വാരിയവയാണ്. കഴിഞ്ഞ വർഷം ഡിസംബർ 21ന് റീലിസ് ചെയ്ത നേരിൽ അന്ധയായ പെൺകുട്ടിയായി അഭിനയിച്ചായിരുന്നു ഹിറ്റുകളുടെ തുടക്കം. സാക്ഷാൽ മോഹൻലാലിനും മുകളിലായിരുന്നു സാറായായുള്ള അനശ്വരയുടെ പ്രകടനം.
നേര് കണ്ടിറങ്ങിയവർ ഞെട്ടിയതും അനശ്വരയുടെ പ്രകടനം കണ്ട് തന്നെയാണ്. നേരിന്റെ വിജയത്തിൽ നിൽക്കുമ്പോൾ അബ്രഹാം ഓസ്ലർ എത്തി. ഓസ്ലറും ബോക്സ് ഓഫീസിൽ കോടികൾ വാരി. പാട്ടും സുജയായുള്ള അനശ്വരയുടെ പ്രകടനവും പ്രശംസിക്കപ്പെട്ടു. മുഴുനീള വേഷമായിരുന്നില്ലെങ്കിലും മലയാളി ഫ്രം ഇന്ത്യയിലും അനശ്വര ശ്രദ്ധിക്കപ്പെട്ടു. ഗുരുവായൂർ അമ്പലനടയിൽ ഇറങ്ങിയതോടെ കോമഡിയും അസ്സലായി കൈകാര്യം ചെയ്യുമെന്ന് അനശ്വര തെളിയിച്ചു.
താരമൂല്യമുളള നായികാ പദവിയിലേക്ക് ഉയർന്നു. 2025ലും ഒരുപിടി ചിത്രങ്ങൾ അനശ്വരയുടേതായി റിലീസിന് എത്താനുണ്ട്. അനശ്വരയെപ്പോലെ തന്നെ പ്രയത്നിച്ച് നേടിയ അംഗീകാരത്തിന്റെ തിളക്കത്തിലാണ് നസ്ലിൻ ഗഫൂറെന്ന യുവപ്രതിഭയും. നസ്ലിനുണ്ടെങ്കിൽ സിനിമ കാണാൻ ടിക്കറ്റെടുക്കാൻ മലയാളികൾക്ക് ധൈര്യം വന്ന് കഴിഞ്ഞിരിക്കുന്നു.

പ്രേമലുവിലൂടെ ഒറ്റയ്ക്ക് സിനിമ ചുമലിലേറ്റി വിജയം നേടാൻ കഴിയുന്ന നായകനായി നസ്ലിൻ മാറി. പ്രേമലു നൂറുകോടി ക്ലബ്ബിൽ കയറിയ സിനിമയാണ്. പ്രേമലു മലയാളത്തിൽ മാത്രമല്ല തെലുങ്ക്, തമിഴ് അടക്കമുള്ള ഭാഷകളിലും വൻ വിജയമായിരുന്നു. നാച്വറൽ ആക്ടിങും കോമഡി ടൈമിങും തന്നെയാണ് മറ്റുള്ള യുവനായകന്മാരിൽ നിന്നും നസ്ലിനെ വ്യത്യസ്തനാക്കുന്നത്. ഭാവിയിൽ നസ്ലിൻ മലയാള സിനിമയ്ക്കൊരു മുതൽക്കൂട്ടാകും.
ഐ ആം കാതലനാണ് പ്രേമലു കൂടാതെ ഈ വർഷം റിലീസ് ചെയ്ത നസ്ലിൻ നായകനായ മറ്റൊരു സിനിമ. ആലപ്പുഴ ജിംഖാനയാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമ. വൻഹൈപ്പാണ് സിനിമാ പ്രേമികൾക്കിടയിൽ ചിത്രത്തിനുള്ളത്. മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് നസ്ലിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. തണ്ണീർ മത്തൻ ദിനങ്ങൾ മുതലാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
മലയാളത്തിലെ പുതുജനറേഷന്റെ പുത്തൻ തരംഗം എന്ന വിശേഷമാണ് ആരാധകർ മമിത ബൈജുവിന് നൽകുന്നത്. സൂപ്പർ ശരണ്യയിൽ അനശ്വര രാജനെ സൈഡാക്കി സ്കോർ ചെയ്ത് പോയ സോനാരെ തെന്നിന്ത്യയിൽ തംരംഗമായത് പ്രേമലുവിന്റെ റിലീസിനുശേഷമാണ്. സർവോപരി പാലാക്കാരൻ മുതൽ മമിത മലയാള സിനിമയുടെ ഭാഗമാണ്.
പ്രണയ വിലാസം മുതലാണ് നായിക വേഷങ്ങളിൽ മമിത ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിലാണ് മമിതയ്ക്കും സ്ഥാനം. വിജയ് സിനിമ ദളപതി 69ൽ ഒരു പ്രധാന വേഷത്തിലും മമിത എത്തും.


Click it and Unblock the Notifications