എന്തൊക്കെ കേൾക്കണം അനുഭവിക്കണം, രണ്ടാം വിവാഹം കുറ്റമോ?, പുതിയ ജീവിതം തെരഞ്ഞെടുത്തതിന് ക്രൂശിക്കപ്പെട്ടവർ
വിവാഹമോചനം പരസ്പര സമ്മതപ്രകാരം കാലതാമസം കൂടാതെയോ ദീര്‍ഘമായ വ്യവഹാരത്തിനുശേഷമോ സംഭവിക്കാം. ദമ്പതികള്‍ ഒരുമിച്ച് ചെലവഴിച്ച കാലയളവിന് വ്യത്യാസങ്ങളുണ്ട്. ഒരു രാത്രി മാത്രം കഴിഞ്ഞ് പിരിഞ്ഞവരുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം വേര്‍പെട്ടവരുമുണ്ട്. ഇതിലേക്ക് നയിക്കുന്നത് വൈവിധ്യങ്ങളായ കാരണങ്ങളാണ്. ഒരു പ്രധാന അസ്വാരസ്യത്തിലേക്ക് മറ്റുപലതും ക്രമേണ ഉരുണ്ട് കയറും. ചിലര്‍ വീണ്ടുമൊരു വിവാഹത്തിന് തയ്യാറാവില്ല. ഭൂരിപക്ഷവും പുനര്‍വിവാഹിതരാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.
അതിനുശേഷം നല്ല ജീവിതം നയിക്കുന്നവര്‍ ധാരാളമുണ്ട്. തകര്‍ന്ന വിവാഹത്തില്‍ കുട്ടികളുണ്ടായിട്ടുണ്ടെങ്കില്‍ പുനര്‍വിവാഹത്തെക്കുറിച്ച് ആശങ്കകള്‍ കൂടും. മക്കള്‍ ഒപ്പമുള്ള ചില സ്ത്രീകള്‍ വീണ്ടുമൊരു ദാമ്പത്യ പരീക്ഷണത്തിന് പോകാതിരിക്കുന്ന ശൈലി പ്രകടിപ്പിക്കുന്നുമുണ്ട്. മക്കള്‍ക്കൊപ്പം മതി ശിഷ്ടകാലമെന്ന ചിന്തയാണ് കാരണം. ചില പുരുഷന്മാരും ഇതേ ചിന്തയുള്ളവരാണ്.

ഇതൊന്നും കൂടാതെ സമൂഹത്തെ ഭയന്ന് പുനർവിവാഹത്തെ കുറിച്ച് ചിന്തിക്കാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവരുമുണ്ട്. ധൈര്യം സംഭരിച്ച് വീണ്ടും വിവാഹം കഴിച്ചാലും സമൂഹത്തിന്റെ പരിഹാസവും കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വരും. ഈ വർഷം പുനർവിവാഹിതരായ നിരവധി താരങ്ങൾ മലയാള സിനിമ-സീരിയൽ രംഗത്തുണ്ട്. സെലിബ്രിറ്റികളായതുകൊണ്ട് തന്നെ പൊതുമുതലെന്ന രീതിയിൽ അവരുടെ സ്വകാര്യ ജീവിതത്തിൽ സോഷ്യൽമീഡിയ കയറി ഇടപെടാറുണ്ട്.
അത്തരം ഇടപെടലുകൾ മൂലം പുനർവിവാഹ സമയത്ത് വെട്ടിലായ ചില താര ദമ്പതികളുണ്ട്. അതിന്റെ ആദ്യത്തെ ഇരയായിരുന്നു നടി ലെനയും ഭർത്താവും. 2024 ജനുവരി 27നാണ് ലെനയുടേയും ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാന ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനും വിവാഹിതരായത്. ചടങ്ങുകൾ സ്വകാര്യമായതിനാൽ മീഡിയയുടെ കടന്നുകയറ്റുമുണ്ടായില്ല.
എങ്കിലും സോഷ്യൽമീഡിയയിൽ ഫോട്ടോ പങ്കുവെച്ചപ്പോൾ ആശംസകൾക്കൊപ്പം വിമർശനങ്ങളും ലെനയ്ക്ക് നേരിടേണ്ടി വന്നു. രണ്ടാമതും വിവാഹിതയായതിന്റെ പേരിൽ പുലിവാല് പിടിച്ച മറ്റൊരു നടി സീരിയൽ താരം ദിവ്യ ശ്രീധറും നടൻ ക്രിസുമാണ്. രണ്ട് കുട്ടികളുടെ അമ്മയെ പങ്കാളിയായി ക്രിസ് സ്വീകരിച്ചത് മറ്റ് പല ഉദ്ദേശങ്ങളോടെയുമാണെന്ന തരത്തിൽ വരെ കമന്റുകൾ വന്നു.
രണ്ട് മക്കളുള്ള നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീ പുനർവിവാഹം ചെയ്യുന്നത് മാപ്പ് അർഹിക്കാത്ത തെറ്റെന്ന രീതിയിലാണ് വിമർശനം വന്നത്. വിവാഹ ഫോട്ടോകൾക്ക് താഴെ വരെ വിമർശനവും പരിഹാസവും നിറഞ്ഞപ്പോൾ ക്രിസ്സും ദിവ്യയും തന്നെ പ്രതികരിച്ച് എത്തിയിരുന്നു.
തന്റെ വിവാഹം നാലാൾ അറിയണമെന്ന് ദിവ്യ ആഗ്രഹിച്ചിരുന്നുവെങ്കിലും ഇത്തരത്തിൽ വിവാദമായത് ദിവ്യയേയും തളർത്തിയിരുന്നു. താടിയും മുടിയും നരച്ച വ്യക്തിയെന്ന പേരിൽ ബോഡി ഷെയ്മിങും ക്രിസ്സിന് എതിരെ വിവാഹ സമയത്ത് നടന്നിരുന്നു.

ഡിസംബർ തുടക്കത്തിലായിരുന്നു ഗായികയും നടിയുമായ അഞ്ജു ജോസഫിന്റെ വിവാഹം. വളരെ ലളിമായി നടന്ന താരവിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ആദിത്യനാണ് വരന്‍. രജിസ്റ്റര്‍ വിവാഹമായിരുന്നു. അതിനുശേഷം സിനിമ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രത്യേക റിസപ്ഷനും ഒരുക്കിയിരുന്നു. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അഞ്ജുവിന്റെ രണ്ടാം വിവാഹമായിരുന്നു.
ആദ്യത്തെ വിവാഹ ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു അഞ്ജുവിന് വിമർശനം ലഭിച്ചത്. എന്നാൽ ഗായിക അതിന് ചെവികൊടുക്കാനോ പ്രതികരിക്കാനോ നിന്നില്ല. നടൻ ബാല വിവാഹിതനായതും ഒരു മാസം മുമ്പാണ്. നടന്റെ നാലാം വിവാഹമായിരുന്നു. വധുവിന്റെ പ്രായം, നടന്റെ മുൻകാല ജീവിതം എന്നിവയെല്ലാം വിവാഹ സമയത്ത് വിമർശനത്തിന് ഇടയാക്കിയിരുന്നു.


Click it and Unblock the Notifications