സഹോദരിമാരുടെ വിവാഹശേഷമാണ് ചിത്ര വിവാഹിതയായത്; അവള്‍ക്കെന്നും ആധി ഒരു കാര്യത്തിലാണെന്ന് നടി ലളിതശ്രീ
തിരുവോണ ദിനത്തില്‍ മലയാളക്കരയെ ഞെട്ടിച്ച് കൊണ്ടാണ് നടി ചിത്രയുടെ വിയോഗ വാര്‍ത്ത വരുന്നത്. ഒരു കാലത്ത് നായികയായി തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞ് നിന്ന ചിത്ര ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. സാധാരണ പോലെ രാവിലെ എഴുന്നേറ്റ് ബാത്ത്‌റൂമില്‍ പോയ നടി അവിടെ ബോധരഹിതയായി വീഴുകയായിരുന്നു. ചിത്രയുടെ വേര്‍പാടുണ്ടാക്കിയ വേദനയെ കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയാണ് മുന്‍കാല നടി ലളിതശ്രീ. ചിത്രയുമായി ഏറ്റവുമടുത്ത് സൗഹൃദമുള്ള ആളായിരുന്നു ലളിതശ്രീ.
താന്‍ ഉണ്ടാക്കി കൊടുക്കുന്ന ഓണസദ്യ കഴിക്കണമെന്ന ആഗ്രഹം ബാക്കി വെച്ചാണ് ചിത്ര മടങ്ങിയതെന്നാണ് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നത്. തലേന്ന് രാത്രിയും വിളിച്ച് സംസാരിച്ച് വെച്ച ചിത്ര ഇനിയില്ലെന്ന കാര്യം വിശ്വസിക്കാന്‍ സാധിക്കുന്നില്ല. മകളെ കുറിച്ചാണ് അവള്‍ എന്നും ആധി പിടിച്ചിരുന്നതെന്നും ലളിതശ്രീ വ്യക്തമാക്കുന്നു..

ഓണത്തിന് രണ്ട് ദിവസം മുന്‍പ് ചിത്തു വിളിച്ചു. ചിത്ര എനിക്ക് ചിത്തു ആയിരുന്നു. അടുത്ത ബന്ധുക്കളായ മൂന്ന് പേര്‍ മരിച്ചത് കൊണ്ട് ഓണം ആഘോഷിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു ഞാനും കുടുംബവും. അത് ഒന്നൂടി ഉറപ്പിക്കാനായിരുന്നു ചിത്തുവിന്റെ വിളി. ലല്ലു നീ എന്ത് തീരുമാനിച്ചു, എനിക്ക് സദ്യ ഉണ്ടാക്കി തരുന്നുണ്ടോ ഇല്ലയോ? ഇല്ല ചിത്തു, ഇത്തവണ എങ്ങനെയാണ് സദ്യ ഉണ്ടാക്കുന്നത്. അതും അടുത്ത ബന്ധുക്കള്‍ മരിച്ച സാഹചര്യത്തില്‍. ഓണം കഴിഞ്ഞ് നിനക്ക് ഞാന്‍ ഉണ്ടാക്കി തരാമെന്ന് പറഞ്ഞു.

ശരി എങ്കില്‍ ഞാന്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ പോവുന്നു. എനിക്ക് ഇത്തവണ സദ്യ കഴിക്കാന്‍ വല്ലാത്ത കൊതി തോന്നുന്നുവെന്ന് അവള്‍ പറഞ്ഞിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ചിത്തുവിന്റെ മോള്‍ ശ്രുതിയുടെ ഫോണ്‍ വന്നു. ആന്റി ബാത്ത്‌റൂമില്‍ അമ്മ ബോധമില്ലാതെ കിടക്കുന്നു. ഡോക്ടര്‍ വന്ന് പരിശോധിച്ചപ്പോള്‍ ചിത്തു പോയിട്ട് കുറച്ച് സമയമായി എന്ന് പറഞ്ഞു. തലേന്ന് രാത്രിയും വിളിച്ച് സംസാരിച്ചിരുന്നു. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴെക്കും ഈ ലോകത്ത് നിന്ന് ചിത്തു പോയെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും നടി പറയുന്നു.

ഞങ്ങള്‍ തമ്മില്‍ 1987 ല്‍ തുടങ്ങിയ സൗഹൃദമാണ്. ഉച്ചയ്ക്ക് ശേഷമുള്ള ഫോണ്‍വിളി ചിത്തു വീട്ടമ്മ ആയത് മുതലുള്ള പതിവാണ്. മൊബൈല്‍ ഫോണ്‍ വരുന്നതിന് മുന്‍പ് ലാന്റ് ലൈനില്‍ ആയിരുന്നു വിളിക്കുക. എന്നിട്ട് ആ ദിവസത്തെ ഊണ് വരെയുള്ള വിശേഷങ്ങള്‍ എല്ലാം പറയും. ചെറിയ സംഭവങ്ങള്‍ ആണെങ്കിലും മനസ് തുറന്ന് പറയുമ്പോള്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും സന്തോഷം അനുഭവപ്പെടും. ഇതൊക്കെയായിരുന്നു ഞങ്ങള്‍ക്കിടയിലെ സ്‌നേഹബന്ധത്തിന്റെ കാതല്‍. ഇപ്പോള്‍ എല്ലാ ദിവസവും അവളുടെ വിളിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ ഉണ്ടാവുന്ന ശൂന്യത എങ്ങനെ അതിജീവിക്കുമെന്ന് എനിക്ക് അറിയില്ല.
Recommended Video

സിനിമയോട് ഇടയ്ക്ക് വച്ച് വിട പറഞ്ഞ സമയത്താണ് ചിത്തു വിവാഹിതയാവുന്നത്. സഹോദരിമാരുടെയെല്ലാം വിവാഹശേഷമായിരുന്നു ചിത്തുകുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. മകള്‍ ശ്രുതിയുടെ പിറന്നാള്‍ ആഗസ്റ്റ് എട്ടിനായിരുന്നു. അതിന്റെ ഫോട്ടോ എടുത്ത് എനിക്ക് അയച്ച് തന്നു. മകളെ കുറിച്ച് എന്നും ആധിയായിരുന്നു. നല്ല ഒരാളെ ഏല്‍പ്പിച്ച് കൊടുത്താലേ സമാധാനമാകു എന്നൊക്കെ ഇടയ്ക്ക് പറയും. അതൊന്നും നടത്താതെയാണ് ചിത്തു പോയത്. എന്റെ സഹോദരന്റെ പേരക്കുട്ടിയുടെ നൂല് കെട്ടല്‍ ചടങ്ങിനാണ് ഞാന്‍ അവളെ അവസാനമായി കാണുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ വിഷുവിനും അവള്‍ക്ക് സദ്യ ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞില്ല.


Click it and Unblock the Notifications











