'മണിയൻപിള്ള രാജുവിന് മാരക രോഗമാണെന്നൊക്കെ കണ്ടു, തൊണ്ടയിൽ കാൻസറായിരുന്നു, പോയ വണ്ണമൊക്കെ തിരിച്ച് വരും'
നടനും നിർമ്മാതാവുമെല്ലാമായി നാൽപ്പത് വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് മണിയൻപിള്ള രാജു. എന്നാൽ അടുത്ത കാലത്തായി പൊതുപരിപാടികളിൽ വളരെ വിരളമായി മാത്രമെ മണിയൻപിള്ള രാജു പ്രത്യക്ഷപ്പെടാറുള്ളു. ഏറെ മാസങ്ങൾക്കുശേഷം നടൻ മീഡിയയ്ക്ക് മുമ്പിൽ എത്തിയത് അടുത്തിടെയായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് മണിയൻപിള്ള രാജു കുടുംബത്തോടൊപ്പം എത്തിയത്.
വധുവരന്മാരെ അനുഗ്രഹിച്ചശേഷം പുഞ്ചിരിയുമായി സുഹൃത്തുക്കളോട് സംസാരിക്കുന്ന നടന്റെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. ശേഷം ഏറ്റവും കൂടുതൽ ചർച്ചയായത് നടന്റെ രൂപമാറ്റമായിരുന്നു. ശരീരഭാരം കുറഞ്ഞ് കവിളുകൾ ഒട്ടി അവശനായ നിലയിലായിരുന്നു മണിയൻപിള്ള രാജു. നടനെ അസുഖം അലട്ടുന്നുണ്ടോയെന്ന സംശയം അതിനുശേഷം പ്രേക്ഷകർക്കുണ്ടായി.

കാൻസറാണെന്നാണ് ചിലർ കമന്റായി കുറിച്ചത്. നടനെ ഏതോ മാരകരോഗം പിടികൂടിയിട്ടുണ്ടെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാർത്തകളും ചർച്ചകളും ശ്രദ്ധയിൽപ്പെട്ട് മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയൻപിള്ള രാജു പ്രതികരിച്ച് എത്തി. മനോരമ ഓൺലൈനിനോട് സംസാരിക്കവെയാണ് മണിയൻപിള്ള രാജുവിന്റെ ശരീരം മെലിയാനുണ്ടായ യഥാർഥ കാരണം നിരഞ്ജ് വെളിപ്പെടുത്തിയത്.
അച്ഛൻ കാൻസർ സർവൈവറാണെന്ന് പറഞ്ഞുകൊണ്ടാണ് നിരഞ്ജ് സംസാരിച്ച് തുടങ്ങിയത്. അച്ഛൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. എന്തോ മാരക രോഗമാണ് എന്നൊക്കെ ചിലർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതൊന്നും ഞങ്ങൾ ആരും ശ്രദ്ധിക്കാറ് കൂടിയില്ല. അതിനൊന്നുമുള്ള നേരമില്ല. അച്ഛന് കാൻസറായിരുന്നു. തൊണ്ടയിലായിരുന്നു അർബുദം.
കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായി തൈറോഡിൽ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ്. പിന്നെ കീമൊയൊക്കെ കഴിഞ്ഞതാണല്ലോ. അപ്പോൾ വായിലേയും തൊണ്ടയിലേയും തൊലിയൊക്കെ ശരിയായി വരാൻ ആറ് മാസം എടുക്കും. ശേഷം നല്ല ഭക്ഷണമൊക്കെ കഴിച്ച് തുടങ്ങാമല്ലോ. പോയ വണ്ണമൊക്കെ അപ്പോൾ തിരിച്ച് വന്നോളും. അച്ഛന്റേതായി ഇറങ്ങാനിരിക്കുന്ന പുതിയ സിനിമ തുടരുമാണ്.
അതൊരു ഗംഭീര തിരിച്ചുവരവായിരിക്കും. ഞങ്ങളെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പിന്നെ മോഹൻലാൽ സിനിമയുടെ നിർമാണവും അടുത്തുതന്നെ ഉണ്ടാകും. ഇപ്പോൾ അച്ഛൻ ഷൂട്ടിനൊക്കെ പോകാൻ തയ്യാറെടുത്ത് തുടങ്ങി. അതിന്റെ സന്തോഷത്തിലും സമാധാനത്തിലുമാണ് ഞങ്ങൾ നിരഞ്ജ് കൂട്ടിച്ചേർത്തു. അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനുശേഷം മണിയൻപിള്ള രാജുവിന് എതിരെയും ആരോപണം ഉയർന്നിരുന്നു.

ആരോപണങ്ങൾ ഇനിയും ഉയരും. തെറ്റുകാരനാണെങ്കിൽ എന്നെയും ശിക്ഷിക്കണം എന്നാണ് അന്ന് പ്രതികരിച്ച് നടൻ പറഞ്ഞത്. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കുറ്റക്കാര്‍ ആരാണെന്ന് തെളിയട്ടെ. നമുക്ക് ഇഷ്ടമുള്ള ഒരാളല്ലേ ഉമ്മൻ ചാണ്ടി സര്‍. അദ്ദേഹത്തെക്കുറിച്ച് വരെ എന്തെല്ലാം വന്നു. കളളപ്പരാതിക്കാരെയും നോക്കണം. അല്ലാതെ തെറ്റുകാരയാവരെയും ശിക്ഷിക്കണം. ഞാൻ തെറ്റുകാരനാണെങ്കിൽ എന്നെയും ശിക്ഷിക്കണം.
അമ്മയുടെ സ്ഥാപക അംഗമാണ് ഞാൻ. കഴിഞ്ഞ കമ്മിറ്റിയില്‍ വരെ വൈസ് പ്രസിഡന്റ് ആയിരുന്നു. മെമ്പര്‍ഷിപ്പിന് വേണ്ടി പൈസ മേടിക്കുന്ന അന്യായമൊന്നും നടക്കത്തില്ല. അംഗത്വത്തിന് കുറേ നടപടിക്രമങ്ങളുണ്ട്. എൽസമ്മ എന്ന ആൺകുട്ടിയിൽ ആരോപണം ഉന്നയിച്ച നടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിൽ ഏതോ ചെറിയ വേഷമാണ് ചെയ്തിരിക്കുന്നത്.
അല്ലാതെ അവരെ പരിചയം ഇല്ല എന്നായിരുന്നു മണിയൻപിള്ള രാജു പറഞ്ഞത്. അച്ഛന്റെ വഴിയെ സിനിമയിലേക്ക് എത്തിയിട്ടുണ്ട് നിരഞ്ജ് മണിയൻപിള്ള രാജുവും. രണ്ട് വർഷം മുമ്പായിരുന്നു നിരഞ്ജിന്റെ വിവാഹം. വിവാഹ വീഡിയോയിലും ചിത്രങ്ങളിലുമെല്ലാം മണിയൻപിള്ള രാജു ആരോഗ്യവാനായിരുന്നു. അതിനാലാണ് നടന്റെ പെട്ടന്നുള്ള രൂപമാറ്റം പ്രേക്ഷകരിലും ആശങ്കയുണ്ടാക്കിയത്. പാലും പഴവുമാണ് മണിയൻപിള്ള രാജുവിന്റെ അവസാനം റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications











