ഞാൻ അഹങ്കാരിയായിരുന്നുവെന്ന് ഒപ്പം പഠിച്ചവർ പറഞ്ഞു, മൂന്നാഴ്ച അവിടെ റെസ്റ്റോറന്റിൽ ജോലി ചെയ്തു; എസ്തേർ
മലയാളികളുടെ കൺമുന്നിൽ വളർന്ന് വന്ന താരമാണ് എസ്തേർ അനിൽ എന്ന മിടുക്കി. ഇരുപത്തിമൂന്നുകാരിയായ എസ്തേർ ഇന്ന് ബാലതാരം ടാഗിൽ നിന്നും മാറി നായിക വേഷങ്ങൾ ചെയ്ത് തുടങ്ങി. നല്ലവനിൽ തുടങ്ങിയ സിനിമാ ജീവിതം ശാന്തമീ രാത്രിയിൽ എത്തി നിൽക്കുമ്പോൾ ഒരുപാട് പുതിയ വിശേഷങ്ങൾ തന്റെ പ്രേക്ഷകരുമായി പങ്കുവെക്കാനുണ്ട്. ശാന്തമീ രാത്രിയിൽ സിനിമയുടെ പ്രമോഷന് വേണ്ടി ദുബായിൽ തിരക്കിലാണിപ്പോൾ നടി.

ഞാൻ വിടമാട്ടേ ബൈ കീർത്തി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമ, യാത്രകൾ, പഠനം, സ്വപനങ്ങൾ എന്നിവയെ കുറിച്ചെല്ലാം എസ്തേർ മനസ് തുറന്നു. ശാന്തമീ രാത്രിയിൽ സിനിമയുടെ വിശേഷങ്ങളാണ് താരം ആദ്യം പങ്കുവെച്ചത്. ജയരാജ് സാറിന്റെ ജോണി വാക്കർ സിനിമയിലെ ഒരു പാട്ടായിരുന്നു ശാന്തമീ രാത്രിയിൽ എന്നത്. തുടരും സിനിമ റിലീസായശേഷം ആ പാട്ട് വീണ്ടും ഹിറ്റായി.
പക്ഷെ ഞങ്ങളുടെ ഈ സിനിമ കുറേ നാളുകൾക്ക് മുമ്പ് ഞങ്ങൾ ഷൂട്ട് ചെയ്തതാണ്. അന്നും സിനിമയുടെ പേര് ശാന്തമീ രാത്രിയിൽ എന്ന് തന്നെയായിരുന്നു. ആ പേരിന് വലിയ പ്രാധാന്യമുണ്ട്. പ്രണയവും ഒരു ക്രിസ്മസ് രാത്രിയിൽ സംഭവിക്കുന്ന ചില സംഭവങ്ങളും എല്ലാം ചേർന്നതാണ് സിനിമ. അതുകൊണ്ട് തന്നെ ആ പേരിന് ഒരു അർത്ഥമുണ്ട്. എന്റെ കഥാപാത്രത്തിന്റെ പേര് കത്രീന എന്നാണ്. 1970കളിൽ ഉള്ളതാണ് കഥാപാത്രം. സിനിമയിൽ എഴുപതുകൾ മാത്രമല്ല 2024ഉം കാണിക്കുന്നുണ്ട്. എന്റെ ഭാഗം ഏറെയും 1970 കാലഘട്ടത്തിലാണ്. ആടുജീവിതത്തിലൂടെ വന്ന ഗോകുലാണ് ഹീറോ എസ്തേർ പറയുന്നു.
ദുബായ് അനുഭവങ്ങളും യാത്രകളും
ആദ്യം വന്നപ്പോൾ ദുബായ് ഒട്ടും പ്ലസന്റായ സ്ഥലമായി എനിക്ക് തോന്നിയില്ല. മാത്രമല്ല എനിക്ക് മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനുശേഷം വിഷമിച്ചാണ് ദുബായ് വിട്ട് പോയത്. ആ ഒരു ഓർമ മായിച്ച് കളയാൻ വേണ്ടി കഴിഞ്ഞ വർഷം വീണ്ടും ഞാൻ ദുബായിൽ വന്നു. അന്ന് എന്റെ സഹോദരി പ്രസവിച്ച സമയമായിരുന്നു. ബേബി സിറ്ററായാണ് വന്നത്. ഒരു മാസം ദുബായിലുണ്ടായിരുന്നു. ആ വരവിലാണ് ഞാൻ ശരിക്കും ദുബായ് എഞ്ചോയ് ചെയ്തത്. ഇപ്പോൾ എന്റെ സുഹൃത്തുക്കൾ ഒരുപാട് സെറ്റിലായിരിക്കുന്നത് ദുബായിലാണ്. അതുകൊണ്ട് അവരുണ്ട് ഇപ്പോൾ എല്ലാ സഹായത്തിനും. ഇനിയും ദുബായിൽ ഒരുപാട് എനിക്ക് കാണാനുണ്ട്.

സ്കൈ ഡൈവ് ചെയ്യണമെന്നുണ്ട്. പിന്നെ എക്സ്പെൻസീവാണെന്ന് തോന്നി. അത്രയും പണം അതിന് വേണ്ടി മുടക്കണോയെന്ന ചിന്തയാണ് വന്നത്. എന്നെങ്കിലും ഒരിക്കൽ ചെയ്യണം. അതുപോലെ ഭയവുമുണ്ട്. എന്നോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നവരോട് ഞാൻ വളരെ ട്രാൻസ്പരന്റായാണ് പെരുമാറാറുള്ളത്. ഇൻഹിബിഷൻസും ജഡ്ജ്മെന്റ്സും ഇല്ല. എന്നെ കുറിച്ച് പറയാൻ പറഞ്ഞാൽ ഇതാകും എനിക്ക് പറയാനുണ്ടാവുക. ട്രാവൽ ചെയ്യുമ്പോൾ ആളുകളോട് ഫ്രണ്ട്ലിയാകാൻ തോന്നാറില്ല. ഒറ്റയ്ക്കായിരിക്കും യാത്ര എന്നതുകൊണ്ട് കൂടിയാണത്. അതേസമയം സംസാരിച്ച് ഇടപഴകി തുടങ്ങിയാൽ നന്നായി സംസാരിക്കുകയും ചെയ്യും. ആ ഒരു സൈഡ് പക്ഷെ എന്റെ ഇന്റർവ്യൂസിലൊന്നും ഞാൻ കാണിച്ചിട്ടില്ല.
അന്ന് ഞാൻ അഹങ്കാരി
മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലാലേട്ടനൊപ്പം ഒരുനാൾ വരും സിനിമ ചെയ്തത്. അപ്പോൾ മുതലായിരുന്നു പോപ്പുലാരിറ്റിയുടെ തുടക്കവും. അന്ന് എന്റെ കൂടെ പഠിച്ചവർ പറയാറുണ്ടായിരുന്നു ഞാൻ വളരെ അഹങ്കാരിയായിരുന്നുവെന്ന്. എന്തോ വലിയ സംഭവമാണെന്ന ചിന്ത ആ സമയത്ത് വന്നിട്ടുണ്ടാവുമെന്ന് തോന്നുന്നു. പക്ഷെ പിന്നീട് ആ ചിന്ത എന്നിൽ നിന്നും പോയി. ഒരു സിനിമ വരും. പിന്നീട് ഒരുപാട് സിനിമകൾ പരാജയപ്പെടും. ആളുകൾ ഇഷ്ടപ്പെടും ഇഷ്ടപ്പെടാതിരിക്കും എന്നൊക്കെ പിന്നീട് മനസിലായി. സെലിബ്രിറ്റി സ്റ്റാറ്റസുമായി ഞാൻ ഇപ്പോൾ ഒട്ടും അറ്റാച്ച്ഡല്ല. ഞാനൊരു സെലിബ്രിറ്റിയാണെന്ന് വിശ്വസിക്കുന്നുമില്ല. വല്ലപ്പോഴും മാത്രമാണല്ലോ സിനിമകൾ ചെയ്യുന്നത്. സെലിബ്രിറ്റി എന്നത് ആളുകൾ നമുക്ക് തരുന്ന ടാഗാണല്ലോ.
ഞാനിപ്പോൾ ലണ്ടനിൽ എന്റെ മാസ്റ്റേഴ്സ് ചെയ്യുകയാണ്. അവിടെ ആർക്കും നമ്മളെ അറിയില്ല. മാത്രമല്ല അവിടെ വളരെ നോർമൽ ലൈഫുമാണ് നമ്മൾ നയിക്കുന്നത്. നോർമൽ ലൈഫ് എപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നു. ആരാധകരുടെ ശൈല്യം കൊണ്ട് പഠിക്കാൻ ബോംബെയിലേക്കും ലണ്ടനിലേക്കും പോയിയെന്ന് അതിന് അർത്ഥമില്ല കോളേജ് ലൈഫ് ആസ്വദിക്കുക എന്നത് എനിക്കുണ്ടായിരുന്നു. പഠിപ്പിസ്റ്റാണോയെന്ന് ചോദിച്ചാൽ പഠനം എനിക്ക് ഇഷ്ടമുള്ള ഒന്നാണ്. ഒരു അക്കാഡമിക്ക് പേഴ്സണാണ് ഞാൻ. സിനിമയേക്കാൾ കൂടുതൽ എന്റെ മനസ് എപ്പോഴും അതിലാണ്. ഇതൊക്കെ ഞാൻ പറയുമ്പോഴും ദൃശ്യം സിനിമയുടെ ഇംപാക്ട് വളരെ വലുതാണ്.
ഞാൻ തന്നെ ആ സിനിമയുടെ മൂന്ന ലാംഗ്വേജിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾ അല്ലാത്ത ഇന്ത്യൻസ് എന്നെ ലണ്ടനിൽ വെച്ച് തിരിച്ചറിയാറുണ്ട്. നാട്ടിൽ നമ്മളെ അംഗീകരിക്കുന്നതിൽ നിന്നും വ്യത്യസ്തമാണല്ലോ. ഒരുപാട് ദൂരത്ത് ചെന്ന് കഴിയുമ്പോഴും ആളുകൾ നമ്മളെ തേടി വന്ന് ദൃശ്യത്തിലേ കുട്ടിയല്ലേയെന്ന് ചോദിക്കുമ്പോഴുള്ള സന്തോഷം വേറെയാണ്. ഞാൻ അധികം അഭിമുഖങ്ങളൊന്നും കൊടുത്തിട്ടില്ല. സിനിമകൾ ഒന്നും ഇല്ലാത്ത സമയത്ത് ഇന്റർവ്യു കൊടുത്താൽ എന്തിനെ കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് എനിക്ക് അറിയില്ലല്ലോ.
ലൈഫിൽ വളരെ പൊളിറ്റക്കലും എല്ലാ വിഷയത്തിലും നിലപാടുമുള്ളയാളാണ് ഞാൻ. പക്ഷെ അതൊന്നും സോഷ്യൽമീഡിയ വഴി പറയാനും പരസ്യപ്പെടുത്താനും ഞാൻ താൽപര്യപ്പെടുന്നില്ല. എനിക്ക് പ്രൈവറ്റ് സോഷ്യൽമീഡിയ അക്കൗണ്ടും പബ്ലിക്ക് സോഷ്യൽമീഡിയ അക്കൗണ്ടുമുണ്ട്. എന്റെ പ്രായത്തിലുള്ള ഒരുവിധം സെലിബ്രിറ്റികൾക്കെല്ലാം പ്രൈവറ്റ് അക്കൗണ്ടുണ്ട്. ഞങ്ങൾ എല്ലാവരും അതിൽ പരസ്പരം ഫോളോ ചെയ്യുന്നവരുമാണ്. ഞാൻ സോഷ്യൽമീഡിയയിൽ ആക്ടീവാണെന്ന് ആളുകൾക്ക് തോന്നും. ഞാൻ ഫോട്ടോഷൂട്ട്സൊക്കെ ഇടുന്നതുകൊണ്ടാകും. പക്ഷെ എനിക്ക് അത് പേഴ്സണലി തോന്നിയിട്ടില്ല. പ്രൈവെറ്റ് അക്കൗണ്ടിൽ വളരെ ആക്ടീവാണ്. പ്രൈവെറ്റ് അക്കൗണ്ടിലൂടെ എല്ലാവരും ചെയ്യുന്നതുപോലുള്ള സ്റ്റോക്കിങ് ഞാനും ചെയ്യാറുണ്ട്.
വയനാടും കൊച്ചിയും
എവിടെ പോയാലും ഹോം എന്ന ഫീൽ തരുന്നത് വയനാടാണ്. സുഹൃത്തുക്കളൊക്കെ പലയിടത്തേക്ക് പോയി. അതുകൊണ്ട് തന്നെ വയനാട്ടിൽ കുറച്ച് ദിവസം നിന്നാലും ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്ത് തുടങ്ങും. പരിചയമുള്ള ആളുകളുടെ അടുത്ത് നിൽക്കുക എന്നതാണ് എന്റെ മനസിൽ സെറ്റിൽ ഡൗൺ ചെയ്യുക എന്നത്. പരിചയമില്ലാത്ത രാജ്യത്ത് പോയി സെറ്റിൽഡൗൺ ചെയ്യുക എന്നതിൽ എക്സൈറ്റ്മെന്റ് ഒന്നും എനിക്കില്ല. ലൈഫ് അങ്ങനൊരു അവസ്ഥയിലേക്ക് എന്നെ എത്തിച്ചാൽ അത് സ്വീകരിക്കും അത്രമാത്രം. ഏഴ് വർഷമായി കൊച്ചിയിലാണ് താമസം. അതുകൊണ്ട് കൊച്ചിയോട് ഒരു അടുപ്പമുണ്ട്. അുത്ത ഒരു പത്ത് വർഷം ലോകത്തിന്റെ പല ഭാഗങ്ങളിൽ പോയി പല പല ജോലികൾ ചെയ്ത് ജീവിക്കണമെന്നാണ് എനിക്ക് ആഗ്രഹം.
ലണ്ടൻ ജീവിതം
ലണ്ടനിൽ പോയി പഠിക്കണമെന്ന് പണ്ട് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ അന്ന് അതിനുള്ള ഫണ്ട് റെഡിയാക്കാൻ പറ്റാതെ പോയതുകൊണ്ട് അത് നടന്നില്ല. ഡവലപ്പ്മെന്റ് സ്റ്റഡീസാണ് ഞാൻ പഠിക്കുന്നത്. ലോകത്തിലെ ഏറ്റവും ടോപ്പ് യൂണിവേഴ്സിറ്റികളിൽ ഒന്നിലാണ് ഞാൻ അത് പഠിക്കുന്നത്. കിട്ടില്ലെന്നാണ് ഞാൻ കരുതിയാണ്. പല യൂണിവേഴ്സിറ്റികളും എന്നെ റിജക്ട് ചെയ്തിരുന്നു. അങ്ങനെയാണ് ഞാൻ ലണ്ടനിൽ എത്തിപ്പെടുന്നത്. അതുപോലെ ലണ്ടൻ വളരെ എക്സ്പെൻസീവാണ്. ഞാൻ പഠിക്കുന്ന കോഴ്സും എക്സ്പെൻസീവാണ്.
ആഗ്രഹിച്ച കോഴ്സ് കിട്ടിയപ്പോൾ സന്തോഷം തോന്നിയെങ്കിലും അതിന് വേണ്ടി വരുത്തുന്ന സാമ്പത്തിക ബാധ്യത ഓർക്കുമ്പോൾ എനിക്ക് ഇതൊന്നും പറ്റില്ലെന്ന് തോന്നിയിരുന്നു. മൂന്നാഴ്ച ഞാൻ ഒരു റെസ്റ്റോറന്റിൽ വർക്ക് ചെയ്തിരുന്നു. പിന്നീട് ആ ജോലി ഉപേക്ഷിച്ചു. കട്ടിങ്ങും മറ്റുമാണ് ചെയ്തിരുന്നത് മുറിച്ച് മുറിച്ച് എന്റെ കൈ വരെ മുറിഞ്ഞ് തുടങ്ങിയിരുന്നു. കൂടാതെ മാനേജരുമായി ഒത്തുപോകാൻ പറ്റാത്ത സാഹചര്യവും വന്നു. പിന്നെ ഒരുപാട് പഠിക്കാനുണ്ട്. അതിന് വേണ്ടി എന്റെ എല്ലാ സമയവും ഞാൻ നീക്കിവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











