'മറവി രോഗം കാരണം ഡയലോഗ് മറന്നു; ഭാനുപ്രിയയോട് ദേഷ്യപ്പെട്ട് യുവ നായകൻ; ആ നടിയെ കണ്ട് ഭാനുപ്രിയ കരഞ്ഞു'
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് മുൻനിര നായിക നടിയായിരുന്നു ഭാനുപ്രിയ. നർത്തകിയായ ഭാനുപ്രിയയുടെ വശ്യത സിനിമാ പ്രേക്ഷകരെ ആകർഷിച്ചു. വലിയ ആരാധക വൃന്ദം ഭാനുപ്രിയക്കുണ്ട്. അഭിനയ മികവും നൃത്തവും സ്ക്രീൻ പ്രസൻസും ഒരുപോലെ ലഭിച്ച ഭാനുപ്രിയക്ക് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. തമിഴിലും തെലുങ്കിലും തിരക്കേറിയ നടിയായ ഭാനുപ്രിയ മലയാളത്തിലും ശ്രദ്ധേയ സിനിമകൾ ചെയ്തിട്ടുണ്ട്. രാജശിൽപി, അഴകിയ രാവണൻ തുടങ്ങിയ മലയാള ചിത്രങ്ങൾ ഇന്നും ഓർമ്മിക്കപ്പെടുന്നു.
കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങൾ ഭാനുപ്രിയ അഭിമുഖീകരിച്ചിട്ടുണ്ട്. എൺപതുകളിലെ താരത്തിളക്കം ഭാനുപ്രിയക്ക് കാലക്രമേണ നഷ്ടപ്പെട്ടു. എങ്കിലും മികച്ച സിനിമകൾ ഭാനുപ്രിയയെ തേടിയെത്തി. ഇന്ന് സിനിമാ രംഗത്ത് ഭാനുപ്രിയ സജീവമല്ല. കഴിഞ്ഞ വർഷം ഒരു തെലുങ്ക് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഭാനുപ്രിയ ചില തുറന്ന് പറച്ചിലുകൾ നടത്തി. തനിക്ക് ഓർമ്മക്കുറവുണ്ടെന്നും സിനിമകളിലെ ഡയലോഗുകൾ പോലും മറക്കുമെന്നും ഭാനുപ്രിയ തുറന്ന് പറഞ്ഞു.

ഭാനുപ്രിയയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു. മറവിരോഗം കാരണം ഒരു സെറ്റിൽ വെച്ച് മോശമായ അനുഭവം ഭാനുപ്രിയക്ക് ഉണ്ടായിട്ടുണ്ടെന്ന് ചെയ്യാർ ബാലു പറയുന്നു. ഒരു തമിഴ് ചിത്രത്തിലാണ് സംഭവം നടന്നതെന്ന് ചെയ്യാർ ബാലു പറയുന്നു. കൂട്ടു കുടുംബത്തിന്റെ കഥയാണ്. ഡയലോഗ് മനപ്പാഠം ചെയ്ത് ഭാനുപ്രിയ ക്യാമറയ്ക്ക് മുന്നിൽ നിന്നു. എന്നാൽ ഡയലോഗ് മറന്ന് പോയി. റീ ടേക്ക് പോയിക്കൊണ്ടേയിരുന്നു.
ഒന്നുകിൽ ഡയലോഗ് മാറ്റൂ, അല്ലെങ്കിൽ ഇവരെ മാറ്റൂ എന്ന് പറഞ്ഞു. യുവ നായകൻ അങ്ങനെ പറഞ്ഞതിൽ ഭാനുപ്രിയക്ക് വളരെ വിഷമമായി. കാരണം ആ നടന്റെ അച്ഛനൊപ്പം ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ടെന്ന് ചെയ്യാർ ബാലു പറയുന്നു. ഒരു ഘട്ടത്തിൽ ഭാനുപ്രിയക്ക് ആരോഗ്യ പ്രശ്നങ്ങളെന്ന് ഗോസിപ്പുകൾ വന്നു. ഒരാൾ പോലും ഫോൺ ചെയ്ത് എന്ത് പറ്റിയെന്ന് ചോദിച്ചില്ല. പക്ഷെ നടി രാധ നേരിട്ട് വന്ന് ഭാനുപ്രിയയെ കണ്ടു. രാധ വന്ന് ഭാനു, എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞു.

ഒരേ കാലഘട്ടത്തിൽ നായികമാരായി അഭിനയിച്ചവരാണ് രാധയും ഭാനുപ്രിയയുമെന്നും ചെയ്യാർ ബാലു ചൂണ്ടിക്കാട്ടി. എൺപതുകളിലെ താരങ്ങൾ ഒരുമിച്ച് കൂടുന്ന ചടങ്ങിൽ ഭാനുപ്രിയയെ ക്ഷണിക്കാറില്ലെന്നും ചെയ്യാർ ബാലു പറയുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഭാനുപ്രിയയെക്കുറിച്ച് സഹോദരി ശാന്തിപ്രിയയും സംസാരിക്കുകയുണ്ടായി. ചേച്ചി വിവാഹ ശേഷം അമേരിക്കയിലായിരുന്നു. വർക്കിനായി നാട്ടിലെത്തും. കല്യാണം കഴിഞ്ഞെങ്കിലും തനിക്ക് വരുന്ന സിനിമകൾ ചെയ്യണമെന്നായിരുന്നു ചേച്ചിയുടെ തീരുമാനം.
എന്നെ പോലെ അല്ല. കരിയറിൽ ശ്രദ്ധ കൊടുക്കുന്ന ആളായിരുന്നു. പക്ഷെ ഇപ്പോൾ ചേച്ചി വിഷമത്തിലാണെന്നും ശാന്തിപ്രിയ തുറന്ന് പറഞ്ഞു.
ചേച്ചിയോട് കഥ പറഞ്ഞത് പോലെയായിരിക്കില്ല സിനിമകളിലെ കഥാപാത്രം അഭിനയിക്കുമ്പോൾ. പ്രാധാന്യമില്ലാത്ത വേഷം ചെയ്യാൻ ഭാനുപ്രിയക്ക് താൽപര്യമില്ലെന്നും ശാന്തിപ്രിയ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











