'ചോദ്യം ഇഷ്ട്ടമല്ലെങ്കിൽ മുണ്ടുപൊക്കി കാണിക്കണ്ട, ഇതുപോലെ ചെയ്താൽ മതി'; മോഹൻലാലിന്റെ വീഡിയോയുമായി സംവിധായകൻ!
അടുത്തിടെ സോഷ്യൽമീഡിയയിലും മറ്റും ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഓൺലൈൻ ചാനലിലെ അവതാരകയും നടൻ ശ്രീനാഥ് ഭാസിയും തമ്മിലുള്ള വിഷയം.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖം കൊടുക്കുകയായിരുന്ന ശ്രീനാഥ് ഭാസി ചോദ്യങ്ങളിലെ അസംതൃപ്തിയെ തുടർന്ന് അവതാരകയെ അസഭ്യം പറഞ്ഞുവെന്ന് കാണിച്ചാണ് അവതാരക പോലീസിൽ പരാതി നൽകിയത്. സംഭവം വലിയ വിവാദമായതോടെ ശ്രീനാഥ് ഭാസി സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തിരുന്നു.
ഈ സംഭവം വലിയ ചർചയായശേഷം പലരും അവതാരകരുടെ ചോദ്യങ്ങളെ പഴിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വിഷയവുമായി ബന്ധപ്പെട്ട് യുവ സംവിധായകൻ അഖിൽ മാരാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് ശ്രദ്ധനേടുന്നത്.
'ചോദ്യങ്ങൾ ഇഷ്ട്ടമല്ലെങ്കിൽ മുണ്ട് പൊക്കി കാണിക്കണ്ട, ദാ... ഇത് പോലെ അങ്ങ് എടുത്ത് ഉടുത്താൽ മതി...' എന്നാണ് മോഹൻലാലിന്റെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ച് അഖിൽ മാരാർ കുറിച്ചത്.

അഖിൽ മാരാർ പങ്കുവെച്ച വീഡിയോയിൽ നടൻ ശ്രീനിവാസനുമായി ബന്ധപ്പെട്ട ചോദ്യം മോഹൻലാലിനോട് അവതാരകൻ ചോദിച്ചപ്പോൾ വൈകാരികമായി പ്രതികരിച്ച് പ്രശ്നമുണ്ടാക്കാതെ സൗമ്യമായും അതേസമയം കാമ്പുള്ളതുമായ മറുപടിയാണ് സഹപ്രവർത്തകൻ ശ്രീനിവാസനെ കുറ്റപ്പെടുത്താൻ അവതാരകനെ അനുവദിക്കാതെ മോഹൻലാൽ നൽകിയത്.
മുമ്പൊരിക്കൽ പത്മശ്രീ ഭരത് ഡോ.സരോജ് കുമാർ എന്ന സിനിമ ശ്രീനിവസാൻ തന്നെ തിരക്കഥയെഴുതി അഭിനയിച്ച് പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. സിനിമ പുറത്തിറങ്ങിയ ശേഷം മോഹൻലാലിനെ പരിഹസിക്കാൻ വേണ്ടി മനപൂർവം ശ്രീനിവാസൻ ചെയ്തതാണെന്ന് വിമർശനവും വന്നിരുന്നു.

പക്ഷെ ഇന്നേവരെ ആ സിനിമയെ സംബന്ധിച്ചോ ശ്രീനിവാസനെ പരിഹാസിക്കാൻ വേണ്ടിയോ മോഹൻലാലിനോട് ഇക്കാര്യത്തെ കുറിച്ച് പലരും ചോദിച്ചപ്പോഴും തന്റെ സുഹൃത്തിനെ സംരക്ഷിക്കുന്ന രീതിയിലാണ് മോഹൻലാൽ സംസാരിച്ചിട്ടുള്ളത്. ഒരിക്കൽ പോലും ശ്രീനിവാസനെ കുറ്റപ്പെടുത്തി മോഹൻലാൽ സംസാരിച്ചിട്ടില്ല.
ആ സിനിമയുടെ പരാജയം ഒരർഥത്തിൽ ശ്രീനിവാസന് കിട്ടിയ നല്ല മറുപടിയാണ് എന്ന് അവതാരകൻ പറഞ്ഞപ്പോഴേക്കും മോഹൻലാൽ മറുപടി പറഞ്ഞ് തുടങ്ങിയിരുന്നു. അത് ഇങ്ങനെയായിരുന്നു... 'ഞാൻ ആ സിനിമ കണ്ടിട്ടില്ല. ആ സിനിമയെ കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല.'

'കാരണം നമുക്ക് വരാനിരിക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച് സംസാരിക്കാം. കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് എന്താ കാര്യം. ഒരു ഇന്റർവ്യൂവെന്ന് പറയുമ്പോൾ നിങ്ങൾ എന്താണ് ഭാവിയിൽ ചെയ്യാൻ പോകുന്നത് തുടങ്ങി വളരെ പോസറ്റീവായിട്ടുള്ള കാര്യങ്ങളിലൂടെ സംസാരിക്കാനാണ് എനിക്കും താൽപര്യം. ശ്രീനിവാസൻ അത് പറഞ്ഞു... ഇത് പറഞ്ഞുവെന്നുള്ള കാര്യങ്ങളെല്ലാം എത്രയോ നാളുകൾക്ക് മുമ്പ് നടന്ന സംഭവങ്ങളാണ്.'
'എന്നാൽ നിങ്ങൾ എന്തുകൊണ്ട് ഞങ്ങൾ ഒരുമിച്ച് ചെയ്ത വരവേൽപ്പ് പോലുള്ള സിനിമകളെ കുറിച്ച് സംസാരിക്കാത്തത്. നെഗറ്റീവായിട്ടുള്ള ആസ്പെക്ടുകൾ എന്തിനാണ് സംസാരിക്കുന്നത്', എന്നാണ് ചെറു ചിരിയോടെ സൗമ്യമായി മോഹൻലാൽ അവതാരകനോട് ചോദിച്ചത്.

പ്രകോപിതനായി ഒരു ചീത്ത വാക്കോ നോട്ടമോ പോലും മോഹൻലാലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നതാണ് മറ്റൊരു എടുത്ത് പറയേണ്ട കാര്യം. അഖിൽ മാരാരുടെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായതോടെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരടക്കം കമന്റുകളുമായി എത്തി.
'ലാലേട്ടൻ എന്ത് സൗമ്യതയോടെയാണ് മറുപടി കൊടുക്കുന്നത് പലരും കണ്ട് പഠിക്കട്ടെ ഇതൊക്കെ, ലാലേട്ടൻന് ബിഗ് സല്യൂട്ട്... ഇങ്ങനെ വേണം മറുപടി കൊടുക്കാൻ. അല്ലാതെ പച്ച തെറി പറഞ്ഞിട്ടല്ല പുതിയ താരങ്ങൾ ഇത് കണ്ട് പഠിക്കണം', എന്നൊക്കെയാണ് പ്രേക്ഷകരിൽ പലരും കമന്റായി കുറിച്ചത്. ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകനാണ് അഖിൽ മാരാർ.


Click it and Unblock the Notifications