മുഖത്ത് കുരുക്കൾ; ബിബി ക്രീമിന് എതിരെ വീണ്ടും പരാതി, ജനങ്ങളെ പറ്റിച്ച് ബഷീർ സമ്പാദിക്കുന്നത് ലക്ഷങ്ങൾ?
യുട്യൂബർ, ഫാമിലി വ്ലോഗർ എന്നതിലുപരി സക്സസ്ഫുള്ളായ ബിസിനസ്മാൻ കൂടിയാണ് ബഷീർ ബഷി. ചെറിയ പ്രായം മുതൽ ചെറുകിട ബിസിനസ് ചെയ്തുള്ള പരിചയം ബഷീറിനുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായശേഷം ലഭിച്ച ഫെയിം കൂടി പിന്നീട് ബഷീർ തന്റെ ബിസിനസിന് ഉപയോഗപ്പെടുത്തി. ക്ലോത്തിങ്, ബ്യൂട്ടി പ്രൊഡക്ട്സ് എന്നിവയുടെ ബിസിനസാണ് ബഷീറും ഭാര്യമാരും ചേർന്ന് നടത്തുന്നത്.
ക്ലോത്തിങ് ബ്രാന്റായ ബഡ്ജറ്റ് ഫിറ്റ് ബൈ മഷൂറ ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയുടെ ചുമതലയിലാണ് മുന്നോട്ട് പോകുന്നത്. അടുത്തിടെയാണ് ക്ലോത്തിങ് ബ്രാന്റ് ആരംഭിച്ചതെങ്കിലും മികച്ച പ്രതികരണവും സെയിലും നടക്കുന്നുണ്ട്. യൂത്തിന്റെ ടേസ്റ്റിന് അനുസരിച്ചുള്ളതാണ് തുണിത്തരങ്ങൾ എന്നതുകൊണ്ട് തന്നെ ചൂടപ്പം പോലെയാണ് പ്രൊഡക്ട് വിറ്റ് പോകുന്നത്.

വിദേശത്ത് നിന്ന് അടക്കമുള്ള കലക്ഷനുകളും ബഷീറും ഭാര്യമാരും ഡിസൈൻ ചെയ്ത വസ്ത്രങ്ങളുമെല്ലാം ഇവരുടെ കലക്ഷനിലുണ്ട്. ക്ലോത്തിങ് ബ്രാന്റ് ആരംഭിക്കുന്നതിനും ഏറെ നാളുകൾക്ക് മുമ്പാണ് ബഷീർ ബ്യൂട്ടി പ്രൊഡക്ടിസിന്റെ വിൽപ്പന ആരംഭിച്ചത്. ബിബി1988 കോസ്മെറ്റിക്സ് എന്നാണ് ബ്രാന്റിന്റെ പേര്. ബ്യൂട്ടി ക്രീം, ബിയേർഡ് ഗ്രോത്ത് സൊലൂഷൻ, സൺസ് ക്രീം, ഫെയിംസ് വാഷ് എന്നിവയാണ് ബ്രാന്റിന് കീഴിലുള്ളത്.
രണ്ട് ലക്ഷത്തിന് മുകളിൽ ഹാപ്പി കസ്റ്റമേഴ്സ് ഉണ്ടെന്നാണ് ഇവർ പറയുന്നത്. സ്കിൻ വൈറ്റ്നിങ് വിഭാഗത്തിൽപ്പെടുന്ന ബ്യൂട്ടി ക്രീമാണ് ഇവരുടെ ബ്യൂട്ടി പ്രൊഡക്ട്സിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. അമ്പത് ഗ്രാമിന്റെ പാക്കിന് 1500 രൂപയാണ് വില. മുഖത്തെ കരുവാളിപ്പ് മാറി ഗ്ലോ വരുമെന്നാണ് ബഷീറും കുടുംബവും പറയാറുള്ളത്.
മാത്രമല്ല ആദ്യത്തെ ഭാര്യ സുഹാന ഇതേ ബിബി ക്രീം ഉപയോഗിച്ചുവെന്നും വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ വലിയ മാറ്റം വന്നുവെന്നും ബഷീർ തന്നെ ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു. എന്നാലിപ്പോൾ ഇതേ പ്രൊഡക്ടിന് എതിരെ വീണ്ടും പ്രൊഡക്ട് വാങ്ങി ഉപയോഗിച്ച ജനങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്.
1500 രൂപ നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊരു മാറ്റവും മുഖത്തുണ്ടായില്ലെന്നും ഇതുവരെ ഇല്ലാതിരുന്ന മുഖക്കുരു ബിബി ക്രീം ഉപയോഗിച്ചശേഷം വ്യാപകമായി വന്ന് മുഖം വളരെ മോശമായി അവസ്ഥയിലേക്ക് മാറിയെന്നുമാണ് പ്രൊഡക്ട് ഉപയോഗിച്ചവർ പരാതിപ്പെടുന്നത്. ഒരു യുട്യൂബറും ബിബി ക്രീം വാങ്ങി ഉപയോഗിച്ചശേഷം തന്റെ സ്കിൻ നശിച്ചതായി വെളിപ്പെടുത്തി എത്തിയിട്ടുണ്ട്. ചിലപ്പോൾ എന്റെ മാത്രം സ്കിന്നിന്റെ പ്രശ്നമായിരിക്കാം.

എല്ലാവർക്കും എന്റെ അതേ അനുഭവം ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും ബിബി ക്രീം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ അവർ പല ആവർത്തി ചിന്തിച്ചശേഷം മാത്രം വാങ്ങിക്കോട്ടെയെന്ന് കരുതിയാണ് ഇപ്പോൾ ഞാൻ ഇത് ഇവിടെ പങ്കുവെക്കുന്നത്. ബിബി ക്രീം ഏഴ് ദിവസം തുടർച്ചായി ഉപയോഗിച്ചാൽ തന്നെ അത്യാവശ്യം വെളുത്ത് തുടങ്ങുമെന്നാണ് അവർ പരസ്യത്തിൽ പറഞ്ഞത്.
നാല്, അഞ്ച് വർഷം കൃത്യമായി ഭക്ഷണം കഴിച്ചും സ്കിൻ ശ്രദ്ധിച്ചുമാണ് എന്റെ മുഖത്തും ശരീരത്തിലും ഞാൻ മാറ്റങ്ങൾ കൊണ്ടുവന്നത്. സുഹൃത്ത് പറഞ്ഞിട്ടാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ ബിബി ക്രീം വാങ്ങിയത്. ഒരാഴ്ച ഉപയോഗിച്ചു. പക്ഷെ മാറ്റമൊന്നും കണ്ടില്ല. അതുകൊണ്ട് വീണ്ടും ഒരാഴ്ച കൂടി ഞാൻ ഉപയോഗിച്ചു. മുഖത്ത് യാതൊരു വ്യത്യാസവും വന്നില്ലെങ്കിലും നിരവധി മുഖക്കുരു വരാൻ തുടങ്ങി.
കവിളിലും നെറ്റിയിലുമെല്ലാം തൊടാൻ പറ്റാത്ത തരത്തിൽ കുരുക്കളായിരുന്നു. മാത്രമല്ല സഹിക്കാൻ പറ്റാത്ത വേദനയും ഉണ്ടായിരുന്നുവെന്നാണ് ബിബി ക്രീം ഉപയോഗിച്ച് ഉണ്ടായ അനുഭവം വെളിപ്പെടുത്തി ഒരു യുട്യൂബർ പറഞ്ഞത്. സമാനമായ അനുഭവം ലഭിച്ച നിരവധി പേർ ഇതേ പെൺകുട്ടിയുടെ വീഡിയോയ്ക്ക് താഴെ കമന്റുകൾ കുറിച്ചിട്ടുണ്ട്. ജനങ്ങളെ പറ്റിച്ച് ബഷീർ ലക്ഷങ്ങൾ സമ്പാദിക്കുന്നുവെന്നും നടപടിയുണ്ടാകണമെന്നും ആളുകൾ കുറിച്ചു. മുമ്പും ബിബി ക്രീമിന് എതിരെ പരാതി ഉയർന്നിരുന്നു. എന്നാൽ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല.


Click it and Unblock the Notifications