'33 പേരോടെങ്കിലും എന്റെ കല്യാണം നടത്തി തരുമോയെന്ന് ചോദിച്ചിട്ടുണ്ട്, ആളുകൾ പിരിവിട്ടാണ് വിവാഹം നടന്നത്'
സമൂഹമാധ്യമങ്ങൾ നിരന്തരം ഉപയോഗിക്കുന്നവർക്ക് സൂസമ്മയുടെ കടിച്ചാൽ പൊട്ടത്ത ഇംഗ്ലീഷും താടിക്കാരന്റെ കലക്കൻ പാചകവും പരിചിതമായിരിക്കും. കോവിഡ്- ലോക്ഡൗണ്‍ കാലത്താണ് യുട്യൂബ്, ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുമായി സൂസമ്മയെന്ന സൂസൻ എബ്രഹാമും താടിക്കാരനെന്ന മാർക്ക് ആന്റണിയും മലയാളികൾക്ക് സുപരിചിതരാകുന്നത്. ഇരുവരുടെയും യുട്യൂബ് വ്ലോഗുകൾ എല്ലാം വൈറലാണ്. അടുത്തിടെയാണ് ഇരുവർക്കും ആദ്യത്തെ കൺമണി പിറന്നത്. ഹെവൻലി സൂസൺ താടിക്കാരനെന്നാണ് മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്.
ഒരു സിനിമയ്ക്കുള്ള കഥ സൂസമ്മയുടെയും താടിക്കാരന്റെയും ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ മകൾ കൂടി പിറന്ന സന്തോഷത്തിൽ ഇരുവരും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് വൈറലാകുന്നത്. മകൾ പിറന്നശേഷമുള്ള ജീവിതത്തെ കുറിച്ചും പിരിവെടുത്ത് നടത്തിയ വിവാഹത്തെ കുറിച്ചുമെല്ലാം ഇരുവരും മനസ് തുറന്നു.

മകളെ ആദ്യമായി കയ്യിലെടുത്തപ്പോഴുള്ള അനുഭവം താടിക്കാരനാണ് പങ്കുവെച്ചത്. കുഞ്ഞിനെ കൈ കിട്ടിയശേഷം ബ്ലാങ്കായി പോയിയത്രെ ഒരിക്കലും കയ്യിൽ നിന്നും വീണിട്ടില്ലാത്ത ഫോൺ പക്ഷെ മകൾ പിറന്ന അന്ന് പത്ത്, പതിനഞ്ച് പ്രാവശ്യം താഴെ വീണുവെന്നാണ് താടിക്കാരൻ പറഞ്ഞത്. ഞാൻ ആദ്യമായി കുഞ്ഞിനെ എൻഐസിയുവിൽ പോയി എടുത്തപ്പോൾ അവൾ മുഖം തിരിച്ച് കളഞ്ഞു. അന്ന് അവിടെ നിന്ന സിസ്റ്റേഴ്സെല്ലാം ചിരിയായിരുന്നു.
എനിക്ക് കാണണ്ട എന്ന രീതിയിലായിരുന്നു കുഞ്ഞ് മുഖം തിരിച്ചത്. സിസേറിയൻ ആയതുകൊണ്ട് ഞാൻ ആദ്യ ദിവസം ഐസിയുവിലായിരുന്നു. അന്ന് പോയി കാണാൻ എനിക്ക് സാധിച്ചിരുന്നില്ല. ഞാൻ കൊതിച്ചിരിക്കുവായിരുന്നു കുഞ്ഞിനെ കാണാൻ എന്നാണ് മകളെ ആദ്യമായി കയ്യിലെടുത്തപ്പോഴുള്ള അനുഭവം പങ്കിട്ട് സൂസൻ പറഞ്ഞത്. കല്യാണം കഴിഞ്ഞ ആദ്യ വർഷം തന്നെ കൺസീവ് ചെയ്യാൻ ഞങ്ങൾ റെഡിയായിരുന്നു.
പക്ഷെ കിഡ്നി സ്റ്റോണുണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ കാത്തിരുന്നത്. മൂന്ന് വർഷത്തിനുശേഷം അത് മാറിയിട്ടാണ് കൺസീവായത്. പിസിഒഡി ഉണ്ടായെന്ന് സംശയമുണ്ടായിരുന്നു. അതിന് മുമ്പ് ചുമ്മാതെ പ്രെഗ്നൻസി ടെസ്റ്റ് ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. പക്ഷെ പലരും ഞങ്ങൾ ട്രീറ്റ്മെന്റ് എടുത്തിട്ടാണ് ഗർഭിണിയായതെന്നാണ് കരുതിയിരിക്കുന്നത്. സത്യം അതല്ല. ഒരു ട്രീറ്റ്മെന്റും എടുത്തിട്ടില്ല.
മമ്മിയോടും എല്ലാവരും ചോദിക്കാറുണ്ടായിരുന്നുവെന്നും സൂസൻ പറയുന്നു. പിന്നീട് ഇരുവരും ആളുകൾ പിരിവെടുത്ത് നടത്തിയ വിവാഹത്തെ കുറിച്ചാണ് സംസാരിച്ചത്. അച്ച (താടിക്കാരൻ) എന്നെ ഉപയോഗിക്കുകയാണ് മുതലെടുക്കുകയാണ് ഇതൊന്നും സ്നേഹമല്ലെന്നെല്ലാം ഞങ്ങളുടെ വിവാഹത്തിന് മുമ്പ് ഒരുപാടുപേർ എന്നെ ബ്രെയിൻ വാഷ് ചെയ്യാൻ വേണ്ടി പറയുമായിരുന്നു. കേട്ട് കേട്ട് ശരിയാണെന്ന് എനിക്കും തോന്നി തുടങ്ങി. മാത്രമല്ല ഞാൻ അച്ചയുമായി വഴക്ക് കൂടാൻ തുടങ്ങി.

അന്ന് ഒരുപാട് തവണ അച്ചയുടെ കണ്ണ് നിറഞ്ഞ് ഞാൻ കണ്ടിട്ടുണ്ട്. അഞ്ച് വർഷം എല്ലാ ദിവസവും ബ്രെയിൻ വാഷിങ് ഉണ്ടായിരുന്നു. അന്ന് ഞാൻ പലയിടത്ത് നിന്നും കടം വാങ്ങിയാണ് ജീവിച്ചിരുന്നത്. കല്യാണം കഴിഞ്ഞശേഷം ഞങ്ങൾ തീരുമാനിച്ചു ഇനി എത്ര ബുദ്ധിമുട്ട് വന്നാലും ആരുടെ കയ്യിൽ നിന്നും കടം വാങ്ങില്ലെന്ന്. കാരണം കടം വാങ്ങിയിരുന്നതുകൊണ്ട് ഒരു ഐസ്ക്രീം കഴിക്കുന്ന സ്റ്റാറ്റസ് പോലും വെക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്റെ കല്യാണം നടത്തി തരാൻ ആവശ്യപ്പെടുമ്പോൾ ആരും അതിന് തയ്യാറായിരുന്നില്ല.
അങ്ങനെ ചെയ്താൽ കല്യാണ ചിലവ് മുഴുവൻ അവർ വഹിക്കേണ്ടി വരില്ലേ... അഭിപ്രായം പറയാൻ സകലമാന മനുഷ്യരും ഉണ്ടായിരുന്നു. കുറഞ്ഞത് മുപ്പത്തിമൂന്ന് പേരോടെങ്കിലും എന്റെ കല്യാണം നടത്തി തരുമോയെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അതെന്ന മുട്ടി നിൽക്കുവാണോ എന്നാണ് തിരിച്ച് അപ്പോൾ അവർ ചോദിക്കുന്ന ചോദ്യം. എന്റെ കുടുംബാംഗങ്ങൾക്ക് അച്ചയെ ഞാൻ വിവാഹം ചെയ്യുന്നതിനോട് താൽപര്യമില്ലായിരുന്നു.
എനിക്ക് അമ്പത്തിയഞ്ച് വയസുള്ള ആളുടെ ആലോചന വരെ വന്നിട്ടുണ്ട്. വണ്ണമുള്ള എനിക്ക് സൗന്ദര്യമുള്ള പാട്നറിനെ കിട്ടില്ലെന്ന ധാരണയുണ്ടായിരുന്നു എല്ലാവർക്കും. അവസാനമായപ്പോൾ എനിക്കും എന്നെ കാണാൻ കൊള്ളില്ലെന്ന തോന്നൽ വന്നു. സ്വന്തക്കാര് തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. കാശില്ലാത്തതുകൊണ്ടാണ് ചിലവ് ചുരുക്കി കല്യാണം കഴിച്ചത്.
ആളുകൾ പിരിവ് എടുത്തിട്ടാണ് ഞങ്ങളുടെ വിവാഹം നടന്നത്. ആ പിരിവിട്ട നല്ലൊരു ശതമാനം ആളുകളും അവരുടെ പേര് പോലും ഞങ്ങളോട് റിവീൽ ചെയ്തിട്ടില്ല. ആ പൈസ അനാവശ്യമായി എവിടെയും ഞങ്ങൾ ചിലവഴിച്ചിട്ടില്ലെന്നാണ് വിവാഹം നടന്ന കഥ വെളിപ്പെടുത്തി സൂസൻ പറഞ്ഞത്.


Click it and Unblock the Notifications











