ടൂറിസം വകുപ്പ് മന്ത്രി വരെ ഷെയർ ചെയ്ത റീൽ, 80 ലക്ഷം കാഴ്ചക്കാർ, വൈറൽ റീലിനായി കാർത്തിക്ക് പൊടിച്ചത് ലക്ഷങ്ങൾ
കൊവിഡ് സമയത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ യുട്യൂബർ പിറന്നത്. എന്നാൽ അതിനെല്ലാം വളര കാലം മുമ്പ് തന്നെ യുട്യൂബ് ചാനലും ചലഞ്ചും വ്ലോഗിങും എല്ലാമായി മലയാളികളുടെ മനസൽ കയറി കൂടിയ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ് കാർത്തിക് സൂര്യ. തിരുവനന്തപുരം സ്വദേശിയായ കാർത്തിക്ക് ഇന്ന് യുട്യൂബിൽ മാത്രമല്ല എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാണ്. കൂടാതെ അവതാരകനായി മിനിസ്ക്രീനിലും കാർത്തിക് സജീവമാണ്.
മുപ്പത് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് വ്യത്യസ്തവും രസകരവുമായ ഉള്ളടക്കങ്ങൾ എത്തിക്കുക എന്നതിൽ കാർത്തിക് ഒരിക്കലും വീഴ്ച വരുത്താൻ തയ്യാറാകാറില്ല. അതിനായി എന്ത് റിസ്ക്കെടുക്കാനും കാർത്തിക്ക് തയ്യാറുമാണ്. ഇൻസ്റ്റഗ്രാം റീൽസ് ഇന്ന് കേരളത്തിൽ വലിയ രീതിയിൽ പ്രചാരമുള്ള ഒന്നാണ്.

സർഗാത്മകത പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച സൈബർ പ്ലാറ്റ്ഫോമുകളിൽ ഒന്നായാണ് ഇൻസ്റ്റാഗ്രാം കണക്കാക്കപ്പെടുന്നത്. റീൽസ് എന്നത് വിനോദത്തിന്റെ മറ്റൊരു പര്യായമായി മാറിയിരിക്കുന്നു. കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ അതിപ്രസരത്തിനിടയിൽ വ്യത്യസ്തമായ റീൽസ് ചെയ്ത് ആളുകളുടെ ശ്രദ്ധനേടി കയ്യടി വാങ്ങുക എന്നത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല. കാർത്തിക്കും റീൽസുമായി സജീവമാണ്. അത്തരത്തിൽ കുറച്ച് ദിവസം മുമ്പ് കാർത്തിക്ക് സൂര്യ പങ്കിട്ട അറുപത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു റീൽ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു.
എന്തിന് ഏറെ പറയുന്നു കേരളത്തിന്റെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സിനിമാ താരം മഞ്ജു വാര്യർ അടക്കമുള്ളവരും കാർത്തിക്കിന്റെ ഈ വൈറൽ റീൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കിയിരുന്നു. അത്രത്തോളം പ്രാധാന്യം കൊടുത്ത് സ്റ്റോറിയാക്കാൻ മാത്രം എന്താണ് ആ റിലീലുള്ളതെന്ന് ചോദിച്ചാൽ... കേരളം എന്താണ് എന്നത് കാർത്തിക്കിന്റെ പുതിയ റീലിൽ സംയോജിപ്പിച്ച് മനോഹരമായി കാണിച്ചിട്ടുണ്ട്.
വെറും അറുപത് സെക്കന്റ് മാത്രമുള്ള റീലിനായി കേരളത്തിലെ പതിനാല് ജില്ലകളിലും ഒമ്പത് ദിവസം കൊണ്ട് സഞ്ചരിച്ച് അറുപത് സ്ഥലങ്ങളിൽ നിന്നാണ് കാർത്തിക്ക് റീൽ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ ജില്ലയിലേയും പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം റീലിൽ കാർത്തിക്ക് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരോ ജില്ലയ്ക്കും വേണ്ടി വ്യത്യസ്ത വേഷവും ഷൂസും വരെ കാർത്തിക്ക് തയ്യാറാക്കിയിരുന്നു.
രജിനികാന്ത്-മഞ്ജു വാര്യർ സിനിമ വേട്ടയ്യനിലെ മനസിലായോ എന്ന ഗാനമാണ് റീലിനായി കാർത്തിക് സൂര്യ ഉപയോഗിച്ചിരുന്നത്. വേട്ടയ്യൻ റിലീസ് ചെയ്ത ദിവസം തന്നെയാണ് റീലും തന്റെ സോഷ്യൽമീഡിയ പേജിലൂടെ കാർത്തിക് പുറത്തിറക്കിയത്. ഈ റീൽ വീഡിയോ കണ്ടാൽ കേരളം മുഴുവൻ കറങ്ങി വന്നൊരു പ്രതീതിയാണ് പ്രേക്ഷകർക്ക് കിട്ടുക. ഇൻസ്റ്റയിൽ മാത്രം റീൽ എൺപത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടു.

ഇപ്പോഴിതാ ദിവസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ ചിത്രീകരിച്ച അറുപത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് വേണ്ടി എത്ര രൂപ തനിക്ക് ചിലവായെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ കാർത്തിക് സൂര്യ പുതിയ വീഡിയോയിലൂടെ. വെറൈറ്റി കണ്ടന്റിന് വേണ്ടി ചെയ്ത റീലാണെങ്കിലും കേരള ടൂറിസത്തിന് അതൊരു മുതൽക്കൂട്ടായെന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കാർത്തിക് വീഡിയോ ആരംഭിച്ചത്.
തന്നെ കാണാനുള്ള ആഗ്രഹം മന്ത്രി മുഹമ്മദ് റിയാസ് പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ അതിനൊരു സമയം കണ്ടെത്താൻ കഴിയാത്തതിനാൽ നേരിട്ട് പോയി അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞില്ലെന്നും കാർത്തിക് പുതിയ വീഡിയോയിൽ പറഞ്ഞു. രണ്ട് ലക്ഷത്തോളം രൂപയാണ് വൈറലായ റീൽ ചെയ്യാനായി കാർത്തിക്കിന് ചിലവായത്.
അതിൽ കാറിനുള്ള പെട്രോൾ, വസ്ത്രം, ഭക്ഷണം, വീഡിയോ എഡിറ്റേഴ്സിന്റെ ശമ്പളം എന്നിവയെല്ലാം ഉൾപ്പെടും. റീലിനുവേണ്ടി 2500 കിലോമീറ്ററോളമാണ് കാർത്തിക് സൂര്യയും സംഘവും സഞ്ചരിച്ചത്. റീൽ ചിത്രീകരിക്കുന്നതിനിടെ കാർത്തിക്കിന്റെ ഡ്രോൺ ഉൾപ്പടെയുള്ള ചില ഗാഡജന്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വ്യത്യസ്തമായ ആശയം എടുത്ത് മനോഹരമായി ചെയ്ത കാർത്തിക്കിന് അഭിനന്ദന പ്രവാഹമാണ് സോഷ്യൽമീഡിയയിൽ.


Click it and Unblock the Notifications